'മഞ്ജു മീനാക്ഷിയെ പ്രസവിച്ച സമയത്ത് എനിക്ക് ക്യാന്‍സര്‍, അമ്മയെ നോക്കിക്കോളാമെന്ന് മഞ്ജു പറഞ്ഞു'
ക്യാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന്, പിന്നീട് അദ്ഭുതങ്ങള്‍ കാണിച്ച വ്യക്തിയാണ് ഗിരിജാ മാധവന്‍. ആരും പേര് അധികം തിരയണ്ട. നമ്മുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറിന്റെ അമ്മയാണ് ഗിരിജ. താന്‍ എങ്ങനെയാണ് ക്യാന്‍സറിനെ അതിജീവിച്ചതെന്ന് അവര്‍ തുറന്ന് പറയുകയാണ്. അര്‍ബുദത്തിന്റെ ഗൗരവത്തെ കുറിച്ച് ആദ്യം മനസ്സിലാക്കിയിരുന്നില്ലെന്നും, പിന്നീടാണ് അതിനെ കുറിച്ചെല്ലാം അറിഞ്ഞതെന്നും ഗിരിജ പറയുന്നു.
മക്കളും ഭര്‍ത്താവും ആ സമയത്ത് തന്ന ധൈര്യമാണ് വലിയ ആശ്വാസമായതെന്ന് ഗിരിജ പറയുന്നു. മനോരമ ന്യൂസിന്റെ കാന്‍സര്‍ പ്രതിരോധ പരിപാടിയിലായിരുന്നു അവര്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. മകള്‍ മഞ്ജു വാര്യറും പരിപാടിയില്‍ ഉണ്ടായിരുന്നു.

20 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തിലാണ് ക്യാന്‍സര്‍ ആദ്യമായി സ്ഥിരീകരിക്കുന്നത്. മഞ്ജു മകള്‍ മീനാക്ഷിയെ പ്രസവിച്ചിരിക്കുന്ന സമയമാണ്. സംശയം തോന്നി ഡോക്ടറെ കണ്ടപ്പോള്‍, അത് ക്യാന്‍സറാണെന്ന് ഉറപ്പിച്ചു. പക്ഷേ എനിക്ക് അതിന്റെ സീരിയസ്‌നെസ് ഒന്നും ഉണ്ടായിരുന്നില്ല. മീനാക്ഷിയുടെ ചോറൂണൊക്കെ വന്നപ്പോള്‍ ഞാന്‍ ട്രീറ്റ്‌മെന്റൊക്കെ നീട്ടിക്കൊണ്ടുപോയി. അതൊക്കെ കഴിഞ്ഞിട്ടാവാം ട്രീറ്റ്‌മെന്റ് എന്നായിരുന്നു ഞാന്‍ കരുതിയത്. പിന്നെ എന്തായാലും ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞതോടെ സര്‍ജറി ചെയ്തു, കാര്യങ്ങളൊക്കെ അദ്ദേഹം തന്നെ വിശദീകരിച്ച് തന്നു. എന്നിട്ടാണ് ആര്‍സിസിയില്‍ ചികിത്സയ്ക്ക് പോയത്.

തിരുവനന്തപുരത്തെ ആര്‍സിസിയില്‍ ഡോ വിപി ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ നടന്നിരുന്നത്. അപ്പോഴും എനിക്ക് ഇങ്ങനൊരു അസുഖം വരുമെന്നതിനെ കുറിച്ച് ഒരു ചിന്തയും ഇല്ലായിരുന്നു. ആദ്യം കീമോതെറാപ്പി ചെയ്തു. പിന്നീട് അവിടെ ചികിത്സയ്ക്ക് വന്നവരുമായി നല്ല സൗഹൃദത്തിലായി. മൂന്നാഴ്ച്ച കൂടുമ്പോള്‍ കീമോക്ക് പോകണം. അതിന് മുമ്പൊക്കെ ഞങ്ങള്‍ പരസ്പരം ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഇതേ പോലെ ഒരു സുഹൃത്തായ സൗമിനിയെ ഞാന്‍ വിളിച്ചു. പക്ഷേ അന്ന് അവരുടെ ഭര്‍ത്താവാണ് ഫോണ്‍ എടുത്തത്. സൗമിനിക്ക് ഫോണ്‍ കൊടുക്കുമോ എന്ന് ചോദിച്ചപ്പോള്‍, അവള്‍ മരിച്ചു പോയല്ലോ എന്നായിരുന്നു മറുപടി.

അത് കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. പിന്നീട് കോഴിക്കോടുള്ള മറ്റൊരു സുഹൃത്തിനെയും ഇതേ പോലെ ഞാന്‍ വിളിച്ചിരുന്നു. അവരുടെ ഭര്‍ത്താവും ഭാര്യ മരിച്ചുപോയെന്ന് പറഞ്ഞു. ഞാന്‍ ശരിക്കും ഈ രോഗത്തിന്റെ സീരിയെസ്‌നെസ്സിനെ കുറിച്ച് മനസ്സിലാവുന്നത് അപ്പോഴാണ്. ഞാന്‍ ഭര്‍ത്താവിനോടും കുട്ടികളോടും വരെ പറഞ്ഞു. അതേ അവസ്ഥ എനിക്കുണ്ടാവുമെന്ന്, ഞാന്‍ മരിച്ചുപോകുമെന്ന് വരെ അവരോട് പറഞ്ഞു. പക്ഷേ ഇവരെല്ലാം എനിക്ക് ധൈര്യം തന്നു. എന്നാല്‍ എന്റെ സാമ്പിള്‍ കൊണ്ടുപോയി പരിശോധിച്ചത് തെറ്റിപ്പോയിട്ടുണ്ടാകുമെന്നും, അമ്മയ്ക്ക് യാതൊരു അസുഖവുമില്ലെന്നായിരുന്നു മക്കള്‍ എന്നെ ആശ്വസിപ്പിച്ചത്. ഞാനും അങ്ങനെ തന്നെ വിശ്വസിപ്പിച്ചെന്നും ഗിരിജ മാധവന്‍ പറയുന്നു.

പിന്നീട് റേഡിയേഷന്‍ ഒക്കെ കഴിഞ്ഞതോടെ ട്രീറ്റ്‌മെന്റിന്റെ ആവശ്യമൊന്നും വന്നിരുന്നില്ലെന്നും ഗിരിജ പറയുന്നു. ആ സമയത്ത് ഭര്‍ത്താവിന്റെ പിന്തുണ വളരെ ശക്തമായിരുന്നുവെന്നും അവര്‍ പറയുന്നു. അതേസമയം അമ്മ തന്റെ പിതാവിന് അസുഖം വന്നപ്പോഴും ശക്തമായി പിന്തുണച്ചിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു. രണ്ട് തവണ അര്‍ബുദം ഭര്‍ത്താവിന് വന്നിരുന്നുവെന്നും, അതില്‍ നിന്നെല്ലാം രോഗമുക്തി നേടിയിരുന്നുവെന്നും ഗിരിജ പറഞ്ഞു. എന്നാല്‍ മൂന്നാം തവണ വന്നതോടെ അതിനെ അതിജീവിക്കാന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. മഞ്ജു ഒരിക്കലും തന്റെ മുന്നില്‍ വിഷമം കാണിച്ചിട്ടില്ല.ആരും വന്ന് നില്‍ക്കാനും സമ്മതിച്ചിട്ടില്ല. ഞാന്‍ നോക്കിക്കോളാം എന്നായിരുന്നു മഞ്ജുവിന്റെ മറുപടിയെന്നും ഗിരിജ പറഞ്ഞു.

കുക്കിംഗ് അടക്കം ഞാനും മഞ്ജുവും ചേര്‍ന്നായിരുന്നു. എന്റെ ചേച്ചിമാര്‍ അടക്കം സഹായത്തിനായി വരാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും മക്കള്‍ കേട്ടില്ല. ഭക്ഷണം ഉണ്ടാക്കുന്നതിന് ഞാന്‍ നിര്‍ദേശം നല്‍കുകയും അവര്‍ ഉണ്ടാക്കുകയുമായിരുന്നു. ആശുപത്രിയില്‍ വേറെ ആര് വന്ന് നിന്നാലും മക്കള്‍ക്ക് തൃപ്തിയാവില്ലായിരുന്നു. അമ്മയ്ക്കുള്ള മരുന്ന് എടുത്ത് കൊടുക്കുന്നത് അച്ഛനും, അച്ഛനുള്ളത് അമ്മയുമായിരുന്നു കൊടുത്തിരുന്നതെന്നും മഞ്ജു പറയുന്നു. അതേസമയം ഭര്‍ത്താവിന്റെ മരണശേഷം ഒറ്റപ്പെടല്‍ ഒഴിവാക്കാനാണ് കലാജീവിതം തിരഞ്ഞെടുത്തതെന്ന് ഗിരിജ പറയുന്നു. ചെറുപ്പം മുതലേ തനിക്ക് നൃത്തം പരിശീലിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും അവര്‍ തുറന്ന് പറഞ്ഞു.

വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയ സമയത്ത് ഞാന്‍ അത്തരം ആഗ്രങ്ങളൊന്നും മനസ്സില്‍ വെച്ചിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും മഞ്ജുവിനെ പഠിപ്പിക്കുന്ന സമയത്ത് തന്നെ ഞാനും നൃത്തം പഠിക്കുമായിരുന്നു. മഞ്ജുവും മധുവും അമ്മയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു പറഞ്ഞത്. കൂട്ടുകുടുംബത്തിലായിരുന്നു തന്റെ ബാല്യകാലം. കുടുംബത്തിലെ ചേച്ചിമാരെ നൃത്തം പഠിപ്പിക്കാന്‍ അധ്യാപകരൊക്കെ വീട്ടില്‍ വരാറുണ്ടായിരുന്നു. പക്ഷേ വളര്‍ന്ന് വലുതായപ്പോഴേക്കും ചേച്ചിമാരുടെ പഠനം കഴിഞ്ഞു. പിന്നെ ഒരാള്‍ക്ക് വേണ്ടി നൃത്തം പഠിപ്പിക്കലൊന്നും നടന്നില്ല. അന്ന് മുതലേ ആഗ്രഹമുണ്ടായിരുന്നു. മഞ്ജുവിനെ പാട്ടു പഠിപ്പിക്കാന്‍ പോയപ്പോള്‍ പാട്ടുപഠിക്കാന്‍ ശ്രമം നടത്തിയിരുന്നു.

മഞ്ജുവിന്റെ കൂടെ നൃത്തം പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് സാധിച്ചില്ലെന്നും ഗിരിജ പറഞ്ഞു. മക്കള്‍ ജോലി തിരക്കിലായതിനാല്‍ തൃശൂര്‍ പുള്ളിലെ വീട്ടില്‍ വീട്ടില്‍ അമ്മ ഒറ്റപ്പെടല്‍ അനുഭവിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. അമ്മയുടെ ജീവിതത്തില്‍ സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നായിരുന്നു മധുവും മഞ്ജുവും പറഞ്ഞത്. അങ്ങനെയാണ് മൂന്ന് വര്‍ഷം മുമ്പ് നൃത്തയോഗയില്‍ തുടക്കം കുറിച്ചത്. മോഹിനിയാട്ടവും പഠിച്ചെന്ന് ഗിരിജ വ്യക്തമാക്കി. ഇതിനൊക്കെ ശേഷമാണ് കഥകളി പഠിച്ചത്. അതിന് പുറമേ പാട്ടും പഠിക്കുന്നുണ്ട്. വേദങ്ങളും ഇപ്പോള്‍ അഭ്യസിക്കുന്നുണ്ട്. അങ്ങനെ ഒന്നിനും സമയമില്ലാത്ത അവസ്ഥയാണ് ഇപ്പോഴെന്നും ഗിരിജ പറഞ്ഞു.

താന്‍ രണ്ട് ദിവസത്തേക്ക് വീട്ടിലേക്ക് വരട്ടെ, അമ്മ ബിസിയാണോ എന്നൊക്കെ ചോദിച്ചാണ് വരാറുള്ളതെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ ഡാന്‍സ് ടീച്ചര്‍ എന്നെ കാണാന്‍ വന്നിരുന്നു. അവരാണ് ആ സമയത്ത് കരഞ്ഞത്. ഒടുവില്‍ ഞാന്‍ ഇടപെട്ടാണ് അവരുടെ കരച്ചില്‍ മാറ്റിയത്. എന്നെ പേടിപ്പിക്കാന്‍ ആരെയും അനുവദിക്കാറില്ലെന്നും ഗിരിജ പറഞ്ഞു. ഇനിയും നൃത്തം പഠിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ചില എഴുത്തുകള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. അത് എല്ലാവര്‍ക്കും വായിക്കാന്‍ കൊടുക്കാറുണ്ട്. ആദ്യം ഫേസ്ബുക്കിലായിരുന്നു ഇട്ടിരുന്നത്. ഇത് കണ്ട് ഗൃഹലക്ഷ്മി വിളിച്ച് അവര്‍ക്ക് വേണ്ടി എഴുതാന്‍ പറഞ്ഞു. ഇപ്പോള്‍ അവിടെ പബ്ലിഷ് ചെയ്ത ശേഷമാണ് എഫ്ബിയില്‍ ഇടുന്നതെന്നും മഞ്ജുവിന്റെ അമ്മ പറഞ്ഞു.












Click it and Unblock the Notifications