മോഹന്‍ലാലിന്റെ മരക്കാറിനെ പരിഹസിച്ച് പായസം വെച്ചു, മലയാള രാജ്യദ്രോഹികളെന്ന് സഹ നിര്‍മാതാവ്
മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസായതിന് പിന്നാലെ വലിയ ഡീഗ്രേഡിംഗാണ് നടക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന വെട്ടിയിട്ട വാഴത്തണ്ട് പോലെ എന്ന ഡയലോഗിനായിരുന്നു വ്യാപക വിമര്‍ശനം. കഴിഞ്ഞ ദിവസം മരക്കാറിനെ പരിഹസിച്ചും, ചിത്രം പരാജയപ്പെട്ടെന്നും പറഞ്ഞ് കുറച്ച് പേര്‍ പായസം വെക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു.
ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ഫാന്‍ ഫൈറ്റിനും വഴിവെച്ചിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ് സന്തോഷ് ടി കുരുവിള. ഇത്തരം മലയാളി രാജ്യദ്രോഹികളെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം.

ദേശീയ പുരസ്‌കാരവും സംസ്ഥാനത്തെ അംഗീകാരങ്ങളും കരസ്ഥമാക്കിയ ഒരു ചലച്ചിത്രത്തെ ഏതു തരത്തിലും അപകീര്‍ത്തിപ്പെടുത്താനും താഴ്ത്തിട്ടാനുമുള്ള സംഘടിത ശ്രമത്തെ അത്ര നിഷ്‌കളങ്കമായ് സമീപിയ്ക്കാനാവില്ല എന്ന് പറഞ്ഞു കൊള്ളട്ടെ, ഏതൊരു കലാരൂപത്തേയും ക്രിയാത്മകമായ് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു കലാ ആസ്വാദകനും ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടേ നിരൂപണത്തിനും വിമര്‍ശനത്തിനും അതിന്റേതായ സൗന്ദര്യവും കാമ്പും കഴമ്പുമുണ്ടാവുമെന്നും സന്തോഷ് ടി കുരുവിള പറയുന്നു.

അത് ഏതൊരു സൃഷ്ടിയുടേയും മാറ്റ് കൂട്ടുകയാണ് ചെയ്യുക പകരം ഒരു പ്രത്യേക വ്യവസായത്തേയും വ്യക്തികളേയും ലക്ഷ്യമാക്കി നടത്തുന്ന ജുഗുപ്ത്സാവഹമായ ഒളിപ്പോരാട്ടം ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ് - മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമാ കരസ്ഥമാക്കിയ നേട്ടങ്ങള്‍ ചില്ലറയൊന്നുമല്ല ! ആ കിലുക്കത്തിന്റെ നാദവും താളവും സ്വരവും അങ്ങ് ഉത്തുംഗത്തില്‍ തന്നെയാണ് എന്ന് ഒരു കൂട്ടര്‍ 'അരസികര്‍ ' കൂടി അറിയണം.

നിര്‍മ്മാതാവായ ശ്രീ ആന്റണി പെരുമ്പാവൂരും സഹനിര്‍മ്മാതാക്കളായ ഞാനും ശ്രീ സി.ജെ റോയിയും ഈ നിക്ഷേപത്തെ കുറിച്ചും അതു നല്‍കി കൊണ്ടിരിയ്ക്കുന്ന നേട്ടങ്ങളെ കുറിച്ചും ഈ നിമിഷവും അങ്ങേയറ്റം അഭിമാനത്തിലാണ് .പക്ഷെ വിനോദ വ്യവസായത്തെ പ്രത്യേകിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ തുരങ്കം വയ്ക്കാന്‍ നടത്തുന്ന നീക്കങ്ങളെ ഞങ്ങള്‍ അങ്ങേയറ്റം ആശങ്കയോടെ തന്നെയാണ് സമീപിയ്ക്കുന്നത്. വളരെ ചെറിയ ഒരു ന്യൂന പക്ഷം ഏര്‍പ്പെടുന്ന കുത്സിത പ്രവര്‍ത്തികളുടെ ഇരകള്‍ ഇവിടുത്തെ കലാ ആസ്വാദന സമൂഹമാണെന്നതാണ് യഥാര്‍ത്ഥ വസ്തുത!

ലോകമാകെ പ്രത്യേകിച്ച് ഇന്ത്യയില്‍ നിരവധി പ്രദേശിക ഭാഷാ സങ്കേതങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഏവര്‍ക്കും അറിവുള്ളതാണ് , പല സംസ്ഥാനങ്ങളും തങ്ങളുടെ ഭാഷയിലുള്ള കലാരൂപങ്ങളെ നിലനിറുത്താനും പരിപോഷിപ്പിയ്ക്കാനും കിണഞ്ഞ് പരിശ്രമിയ്ക്കുന്ന ഒരു കാലഘട്ടമാണിത് . അത്തരുണത്തിലാണ് മലയാളം എന്ന മധുരത്തില്‍ നിന്നും വലിയ നിക്ഷേപത്തിലൂടെ വന്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിയ്ക്കപ്പെടുന്നത് .സ്വന്തം നാടിനോടും ഭാഷയോടും അവിടുത്തെ കലാകാരന്‍മാരുമോടുമുള്ള സ്‌നേഹവും ഗൃഹാതുരത്വവുമാണ് ഈ മണ്ണില്‍ നിക്ഷേപമായ് പെയ്തിറങ്ങുന്നത്.

മരക്കാര്‍ എന്ന സിനിമയെ സമീപിയ്‌ക്കേണ്ടത് ആരോടെങ്കിലുമുള്ള വൈര നിര്യാതന ബുദ്ധിയോടെയല്ല അത് ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുന്നതിന് സമാനമാണ് .ഒരു നാടിനെ അവിടുത്തെ സംസ്‌കാരത്തെ വൈവിധ്യത്തെ ഒക്കെ അടയാളപ്പെടുത്തുന്നത് അതാത് നാടുകളില്‍ നിന്നും ഉണ്ടാവുന്ന കലാസൃഷ്ടികളിലൂടെയാണ് . ആ സാമാന്യ ബുദ്ധിയെങ്കിലും ഈ മലയാള രാജ്യ ദ്രോഹികളെ നമുക്ക് പഠിപ്പിയ്ക്കാന്‍ സാധിയ്ക്കണം .ഭാഷയെ സ്‌നേഹിയ്ക്കുന്നവര്‍ക്ക് കലയോട് പ്രണയമുള്ളവര്‍ക്ക് അതിനെ ഉപാസിയ്ക്കുന്നവര്‍ക്ക് ഒരു സംരക്ഷണം അനിവാര്യമെങ്കില്‍ ദേവ രൂപങ്ങള്‍ അനിവാര്യമായ ആസുരത കൈവരിയ്ക്കുക തന്നെ ചെയ്യും.

എണ്ണിയാലൊടുങ്ങാത്ത കലാരൂപങ്ങളോടും കലാകാരന്‍മാരോടും ചേര്‍ന്ന് നില്‍ക്കുന്ന ഈ മണ്ണില്‍ ഇത്തരം ക്ഷുദ്ര പ്രവര്‍ത്തികള്‍ മുളയിലേ നുള്ള പ്പെടണം .ഈ നാട് കലാസാംസ്‌കാരിക ലോകത്തോട് ചേര്‍ന്ന് നില്‍ക്കേണ്ട ഘട്ടമാണിത്. മരുഭൂമികളല്ല മലവാര്‍ടികളുടെ സൗരഭ്യമാണ് ഇവിടെ നിറയേണ്ടത്!. ഈ സ്വതന്ത്ര ഭൂവിന്റെ ചരിത്രവും അതിനായ് സമര്‍പ്പിയ്ക്കപ്പെട്ട വീരരുടെ ചരിത്രവും ഉടയാതെ ഇവിടെ രേഖപ്പെടുത്തണം ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം നമുക്ക് ചോര ഞരമ്പുകളില്‍ എന്നും സന്തോഷ് ടി കുരുവിള കുറിച്ചു.

അതേസമയം നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയും ചിത്രത്തെ പിന്തുണച്ച് രംഗത്ത് വന്നു. മരക്കാര്‍ കണ്ടു. അതിമനോഹരമായ ഒരു ചിത്രം. വിഷ്വലി ഇത്ര ഇംപാക്ട്ഫുള്‍ ആയ ഒരു ചിത്രം അടുത്ത കാലത്ത് കണ്ടിട്ടില്ല. ബാഹുബലി പോലുള്ള അനുഭാഷ സിനിമ കണ്ട് പ്രോത്സാഹിപ്പിച്ച നാം ഇപ്പോള്‍ മനസിലാക്കി, മലയാളത്തിലും അതുപോലെയുള്ള സിനിമകള്‍ സാധ്യമാകുമെന്ന് .ഈ ഡിഗ്രേഡ് ചെയ്യുന്നവരോട് ഒരു ചോദ്യം? ഇതുപോലൊരു സിനിമ ചെയ്യാന്‍ മലയാളത്തില്‍ വേറെ ഏതു സംവിധായകനു സാധിക്കും , പ്രിയദര്‍ശനല്ലാതെ. അതിവിടെ സംഭവിച്ചിരിക്കുന്നു. പ്രിയന്‍ സാറിനും വലിയ റിസ്‌ക് ഏറ്റെടുത്ത ആന്റണി ചേട്ടനും ലാല്‍ സാറിനും അഭിനന്ദനങ്ങള്‍. മരക്കാര്‍ എല്ലാവരും തിയേറ്ററില്‍ തന്നെ കാണുക, ഡീഗ്രേഡിംഗുകാരെ അകറ്റി നിര്‍ത്തുക.












Click it and Unblock the Notifications