കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാമപ്പൊതുവാളിനും മാധവന്‍കുട്ടിക്കും അവാര്‍ഡ്

  • By Staff
Google Oneindia Malayalam News

തിരുവനനന്തപുരം: കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ക്ക് കലാമണ്ഡലം ഫെലോഷിപ്പ്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.

കലാമണ്ഡലം അവാര്‍ഡിന് പ്രശസ്ത തായമ്പക വിദ്വാനും സോപാനഗായകനുമായ ആലിപ്പറമ്പില്‍ ശിവരാമപ്പൊതുവാളും കഥകളിക്ക് ചിറക്കര മാധവന്‍കുട്ടിയും അര്‍ഹരായി. 5000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്.

അവിസ്മരണീയമായ കഥകളി വേഷങ്ങള്‍ക്കുടമയാണ് കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍. കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ പ്രധാന അധ്യാപകനായിരുന്നു. കേന്ദ്ര-കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കല്ലുവഴിച്ചിട്ടയുടെ അവശേഷിക്കുന്ന ആചാര്യന്മാരില്‍ ഒരാളാണ്.

തായമ്പക, ഇടയ്ക്ക, ചെണ്ട, പാണി, അഷ്ടപദി എന്നിവയിലെല്ലാം വൈദഗ്ദ്ധ്യം നേടിയ ആലിപ്പറമ്പില്‍ ശിവരാമപ്പൊതുവാള്‍ വാദ്യകലാരംഗത്തെ പ്രമാണിമാരില്‍ ഒരാളാണ്. കഥകളിയിലെ സ്ത്രീവേഷങ്ങളിലാണ് ചിറക്കര മാധവന്‍കുട്ടിയുടെ പെരുമ.

പ്രശസ്ത കഥകളി കലാകാരിയായ ചവറ പാറുക്കുട്ടിക്കും കഥകളി ഗായകന്‍ മുദാക്കല്‍ ഗോപിനാഥന്‍നായര്‍ക്കും വിയ്യത്ത് രാമകൃഷ്ണപിള്ള അവാര്‍ഡ് ലഭിക്കും. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്.

കൂടിയാട്ട കലാകാരി ഉഷാനങ്ങ്യാര്‍ക്കാണ് ഡോ. വി. എസ്. ശര്‍മ്മ എന്‍ഡോവ്മെന്റ് അവാര്‍ഡ്. 4250 രൂപയും പ്രശസ്തിപത്രവുമാണ് ഈ അവാര്‍ഡ്. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥിനിയും കലാസാംസ്കാരിക പ്രവര്‍ത്തകയുമായ ഫ്രഞ്ചുവനിത മിലേന സാല്‍വനിക്കാണ് മുകുന്ദരാജാസ്മൃതി ഉപഹാരം.

കലാമണ്ഡലം കുട്ടന്‍, ചന്ദ്രമന ഗോവിന്ദന്‍നമ്പൂതിരി, പന്തളം കേരളവര്‍മ്മ (കഥകളി വേഷം), കൊണ്ടംവള്ളി കുഞ്ഞിക്കൃഷ്ണമാരാര്‍ (വാദ്യകല), കലാനിലയം പരമേശ്വരന്‍ (കഥകളി ചുട്ടി) എന്നിവര്‍ക്ക് അംഗീകാരമുദ്ര നല്‍കി ആദരിക്കും.

നവംബര്‍ ഒമ്പതിന് കലാമണ്ഡലം കൂത്തമ്പലത്തില്‍ ചേരുന്ന വാര്‍ഷിക സമ്മേളനത്തില്‍ ഫെലോഷിപ്പും അവാര്‍ഡുകളും വിതരണം ചെയ്യുമെന്ന് കലാമണ്ഡലം ചെയര്‍മാന്‍ ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍നായരും സെക്രട്ടറി ബാലചന്ദ്രന്‍ വടക്കേടത്തും പത്രസമ്മേളനത്തില്‍ അറിയിച്ചു. നിര്‍വാഹക സമിതി അംഗങ്ങളായ മടവൂര്‍ വാസുദേവനാശാന്‍, തോന്നയ്ക്കല്‍ പീതാംബരന്‍, വട്ടപ്പറമ്പില്‍ ഗോപിനാഥന്‍നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X