തലമുറ മാറ്റം ഏത് മേഖലയിലും അനിവാര്യം; എംഎല്‍എ ആകാനില്ല, ആദ്യ സിനിമ കണ്ടിട്ടില്ലെന്നും സലീം കുമാര്‍
കൊച്ചി: ഹാസ്യ താരത്തില്‍ നിന്ന് തുടങ്ങി ഗൗരവമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സലീം കുമാര്‍. കഴിഞ്ഞ 25 വര്‍ഷമായി സിനിമാ രംഗത്തുള്ള തന്റെ ജീവിതത്തില്‍ നടന്നതൊന്നും നേരത്തെ ആലോചിച്ച് ആസൂത്രണം ചെയ്തതല്ലെന്ന് സലീം കുമാര്‍ പറയുന്നു. ആദ്യ സിനിമ ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ സലീം കുമാര്‍ അതിനുള്ള കാരണവും വിശദീകരിച്ചു.
സിനിമയിലും രാഷ്ട്രീയത്തിലും തലമുറ മാറ്റം അനിവാര്യമാണെന്ന് സൂചിപ്പിച്ച അദ്ദേഹം ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും മാറ്റുന്നത് കൊണ്ടു മാത്രം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും വ്യക്തമാക്കി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സലീം കുമാര്‍ തന്റെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങള്‍ സംബന്ധിച്ച് മനസു തുറന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

നേരത്തെ ആസൂത്രണം ചെയ്തുവച്ചതല്ല തന്റെ ജീവിതത്തില്‍ നടന്നതെന്നും എല്ലാം സംഭവിക്കുകയായിരുന്നുവെന്നും സലീം കുമാര്‍ പറയുന്നു. നടനാകണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആദ്യം അഭിനയിച്ച ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമ ഇന്നുവരെ കണ്ടില്ലെന്നും സലീകുമാര്‍ പറഞ്ഞു. മദ്രാസില്‍ നടന്ന ഡബ്ബിങ് വേളയില്‍ സിനിമയിലെ തന്റെ ദൃശ്യം പ്രൊജക്ട് ചെയ്തു കണ്ട വേളയില്‍ സലീം കുമാര്‍ എന്ന പ്രേക്ഷകന് സലീം കുമാര്‍ എന്ന നടനെ ഇഷ്ടമായില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

മതിമറന്ന രീതിയില്‍ ജീവിച്ചിട്ടില്ല. എനിക്ക് വേണമെങ്കില്‍ കോടീശ്വരനാകാന്‍ വേണ്ടി ശ്രമിക്കാമായിരുന്നു. എന്നാല്‍ താന്‍ അങ്ങനൊന്നും ചിന്തിച്ചിട്ടില്ല. സാമ്പത്തിക നഷ്ടം നോക്കാതെയാണ് പലകാര്യങ്ങളും ചെയ്തത്. പുരസ്‌കാരങ്ങള്‍ കിട്ടണം എന്നത് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ എല്ലാ ആവേശവും അവ സംഭവിക്കുന്നത് വരെയുള്ളുവെന്നും സലീം കുമാര്‍ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ താരങ്ങളാണ് മമമ്മൂട്ടിയും മോഹന്‍ലാലും. അവരെ പോലുള്ള ലെജന്റുകള്‍ നിലനില്‍ക്കും. എന്നാല്‍ എല്ലാ മേഖലയിലും തലമുറ മാറ്റം അനിവാര്യമാണ്. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും അങ്ങനെ തന്നെ. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റുന്നത് കൊണ്ട് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീരില്ലെന്നും സലീം കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ തലമുറ മാറ്റം വലിയ സംഭവമായി കാണേണ്ടതില്ല. പൊടിപിടിച്ചു കിടന്ന വീട് ഒന്നു വൃത്തിയാക്കിയിടുന്നുവെന്നേയുള്ളൂ. ആരും പോയിട്ടൊന്നുമില്ലല്ലോ. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും എല്ലാവരും ഇവിടെയുണ്ട്. കാലാകാലങ്ങളില്‍ നടന്ന കാര്യങ്ങള്‍ തന്നെയാണിതെല്ലാം എന്ന് കരുണാകരന്റെ അവസ്ഥ സൂചിപ്പിച്ച് സലീം കുമാര്‍ പറയുന്നു.

തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. സലീം കുമാര്‍ എന്ന എംഎല്‍എയെ കേരളത്തിന് ആവശ്യമില്ല. സിനിമാ മേഖല മല്‍സരിച്ച് നില്‍ക്കേണ്ട സ്ഥലമാണ് എന്ന് തോന്നിയിട്ടില്ല. ചെയ്യുന്ന ഭാഗം ഭംഗിയായി ചെയ്യുക എന്നതാണ് തന്റെ രീതി എന്നും സലീം കുമാര്‍ വിശദീകരിച്ചു.

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയത് വലിയ അംഗീകാരമാണ്. സംസ്ഥാന അവാര്‍ഡ് വാങ്ങാനെത്തിയപ്പോള്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചതും വലിയ അംഗീകാരമായി കാണുന്നു. എന്നാല്‍ ഏത് നേട്ടങ്ങളിലുമുള്ള ആവേശവും അത് സംഭവിക്കുന്നത് വരെയുള്ളൂവെന്നും സലീം കുമാര്‍ പറയുന്നു. കഴിഞ്ഞ കുറേകാലമായി പത്രം വായിക്കുകയോ, ചാനല്‍ വാര്‍ത്തകള്‍ കേള്‍ക്കാറോയില്ല. കേള്‍ക്കുന്നതെല്ലാം ദുരന്തങ്ങളാണെന്നും സലീം കുമാര്‍ പറയുന്നു.

കൊവിഡ് കാലം ജീവിതം എന്താണ് എന്ന് ശരിക്കും പഠിപ്പിച്ചു. മാനസിമാകിയ ഡൗണ്‍ ആയ കാലമാണിത്. തുരുമ്പ് പിടിച്ച കാലമാണ് കഴിഞ്ഞുപോയത്. കാര്യമായൊന്നും ചെയ്യാനില്ലാത്ത അവസ്ഥ. മനുഷ്യന്‍ ചെയ്തതിന്റെ ഫലമാണിതെല്ലാം. ദൈവ വിശ്വാസിയല്ല. എന്നാല്‍ ഒരു ശക്തിയുണ്ട്, ധര്‍മമുണ്ട് എന്ന് വിശ്വസിക്കുന്നുവെന്നും സലീം കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications