ടൊവിനോ തോമസിന്റെ മിന്നല്‍ മുരളിയും ഒടിടി റിലീസിന്? നെറ്റ്ഫളിക്‌സില്‍ റിലീസ്, റെക്കോര്‍ഡ് തുക
കൊച്ചി: മലയാളത്തില്‍ മറ്റൊരു ബിഗ് ബജറ്റ് സിനിമ കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നു. ടൊവിനോ തോമസിന്റെ മിന്നല്‍ മുരളിയാണ് ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം മലയാള സിനിമയില്‍ തിയേറ്റര്‍ തുറക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇത്തരമൊരു അഭ്യൂഹങ്ങള്‍ വന്നത്.
Recommended Video
അതേസമയം പ്രമുഖ സിനിമ നിരൂപകന്‍ ശ്രീധര്‍ പിള്ള അടക്കം ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഒടിടിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത് മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമായി മിന്നല്‍ മുരളി മാറും. അത് മലയാള സിനിമയ്ക്ക് തന്നെ വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

മിന്നല്‍ മുരളി ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും തന്നെ ചെലവേറിയ ചിത്രമാണ്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണവും മിന്നല്‍ മുരളിക്കുണ്ട്. നിര്‍മാണ ഘട്ടത്തില്‍ തന്നെ ചിത്രത്തെ കുറിച്ച് നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ ഹൈപ്പ് മിന്നല്‍ മുരളിയെ കുറിച്ചുണ്ടായിരുന്നു. എന്നാല്‍ ചിത്രം ഒടിടിയിലേക്ക് പോയെന്നാണ് സിനിമ നിരൂപകന്‍ ശ്രീധരന്‍ പിള്ള അടക്കം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് നീട്ടി കൊണ്ടുപോകുന്നത് നിര്‍മാതാക്കള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നതും ഈ നീക്കത്തിന് കാരണമായിട്ടുണ്ടാകാം.

നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ റിലീസ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം മലയാളത്തില്‍ സ്ഥിരമായി ആമസോണാണ് സിനിമകള്‍ റിലീസ് ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോം. പ്രേക്ഷകര്‍ക്ക് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത് റീച്ച് കുറയുമോ എന്ന ആശങ്കയുമുണ്ട്. സെപ്റ്റംബറിലായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് സൂചന. വന്‍ തുകയ്ക്കാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്ത് മലയാളത്തില്‍ നെറ്റ്ഫളിക്‌സ് പുറത്തിറങ്ങുന്ന വമ്പന്‍ പ്രൊജക്ടുമാണ് മിന്നല്‍ മുരളി. ചിത്രത്തിനാണ് ഏത്ര രൂപ നെറ്റ്ഫ്‌ളിക്‌സ് ചെലവിട്ടു എന്ന കാര്യവും ഇതോടെ ചര്‍ച്ചയായിരിക്കുകയാണ്.

നിലവില്‍ ദൃശ്യം രണ്ടാം ഭാഗത്തിനാണ് മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചിരിക്കുന്നത്. 25 കോടി രൂപയാണ് ആ ചിത്രത്തിന് ലഭിച്ചത്. ദൃശ്യം ആദ്യ ഭാഗത്തിന്റെ കളക്ഷനും പാന്‍ ഇന്ത്യാ തരത്തില്‍ ചിത്രത്തിനുള്ള പ്രചാരവും കാരണമായിരുന്നു റെക്കോര്‍ഡ് തുകയ്ക്ക് സഹായിച്ചത്. അതിന് പുറമേ വലിയ ഹിറ്റായി മാറുകയും ചെയ്തു ദൃശ്യം 2. പിന്നീട് വമ്പന്‍ നേട്ടം ഫഹദ് ഫാസിലിന്റെ മാലിക്കിനാണ് ലഭിച്ചത്. 22 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. 16 കോടിയോളം ബജറ്റാണ് ഈ ചിത്രത്തിനുള്ളതെന്നാണ് സൂചന. അതേസമയം മാലിക്കും ഒടിടി ഡീലിലൂടെ ലാഭം കിട്ടിയ ചിത്രമാണ്.

മാലിക്കിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് ഇതുവരെ രണ്ട് ചിത്രങ്ങളാണ് ഒടിടിക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ തന്നെ പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസും ഒടിടിക്ക് തന്നെയാണ് നല്‍കിയത്. ഇത് ഏകദേശം 12 കോടിക്ക് അടുത്തുള്ള തുകയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ പൃഥ്വിരാജ് ചിത്രമായ കുരുതിയും ആമസോണിന് തന്നെ പോയിരുന്നു. കുരുതി നാളെ ആമസോണില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും പ്രമുഖ ഒടിടി ചാനലുമായി ഡീല്‍ ഉറപ്പിച്ചു എന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് പ്രഖ്യാപിക്കാനിരിക്കേയാണ് മിന്നല്‍ മുരളിയും അതേ വഴി പിന്തുടരുന്നത്.

കുറുപ്പിന് 25 കോടിക്ക് മുകളിലുള്ളൊരു ഡീലാണ് ഉള്ളത്. 30 കോടിയോളം ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് തിയേറ്റര്‍ റിലീസെന്ന ആലോചനയില്‍ നിന്ന് അവര്‍ പിന്മാറിയത്. മലയാളത്തിലെ റെക്കോര്‍ഡ് തുകയായിരിക്കും കുറിപ്പിന് ലഭിച്ചതെന്നാണ് സൂചന. ഇതിനെ ടൊവിനോ തോമസ് ചിത്രം മറികടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരും. മിന്നല്‍ മുരളി 20 കോടിയിലേറെ ബജറ്റിലാണ് ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ ചിത്രത്തിന് 20 കോടിക്ക് മുകളിലൊരു തുക ലഭിച്ചിരിക്കാനാണ് സാധ്യത. തിയേറ്റര്‍ റിലീസായിരിക്കും ചിത്രമെന്നാണ് നേരത്തെ സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞിരുന്നത്. അത്തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കുറുപ്പിനെ പോലൊരു വലിയ ചിത്രം ഒടിടി ഡീല്‍ ഉറപ്പിച്ചതോടെ മറ്റുള്ള ബിഗ് ബജറ്റ് ചിത്രങ്ങളും അതേ വഴി തിരഞ്ഞെടുക്കാന്‍ കാരണമായിരിക്കുകയാണ്. മോഹന്‍ലാലിന്റെ വന്‍ ബജറ്റ് ചിത്രം മരയ്ക്കാറിനും ഇതോടെ സമ്മര്‍ദമേറുകയാണ്. ചിത്രത്തിന് വലിയ തുക ഒടിടി കമ്പനികള്‍ ഓഫര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തിയേറ്ററിലേ ചിത്രം റിലീസ് ചെയ്യൂ എന്ന നിലപാടിലാണ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ ഗ്ലോബല്‍ റൈറ്റ്‌സ് എല്ലാം വിറ്റുപോയ സാഹചര്യത്തില്‍ ഒടിടിക്ക് ചിത്രം നല്‍കുക സാധ്യമായ കാര്യവുമല്ല. എന്നാല്‍ രണ്ട് വര്‍ഷത്തോളമായി റിലീസ് മുടങ്ങി നില്‍ക്കുകയാണ്. ഓഗസ്റ്റില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന മരയ്ക്കാര്‍ അതിന് സാധിക്കാതെ നില്‍ക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഒടിടി ഓപ്ഷനായി പരിഗണിക്കേണ്ടി വരുമോ എന്നതാണ് ചോദ്യം. മോഹന്‍ലാലിന്റെ തന്നെ ആറാട്ട് എന്ന മാസ ചിത്രവും അണിയറയില്‍ ഉണ്ട്. ഇതും ഒടിടിക്ക് നല്‍കേണ്ടി വന്നേക്കാം. അതേസമയം മിന്നല്‍ മുരളി മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ്. ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് ചിത്രത്തില്‍ ടൊവിനോ നായകനാവുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സോഫിയ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ബാഹുബലി, ബാറ്റ്മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രാഫി ഒരുക്കിയ വ്‌ളാദ് റിംബര്‍ഗ് ഈ ചിത്രത്തിന് സംഘട്ടനമൊരുക്കുന്നുണ്ട്.

അടിമുടി ഹോളിവുഡ് നിലവാരത്തിലാണ് ചിത്രം വരുന്നത്. വിഎഫ്എക്‌സിന് ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. ജൂണില്‍ ബേസില്‍ പറഞ്ഞത് നിര്‍മാതാവിനോട് ചോദിച്ചപ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്യാമെന്ന് തന്നെയാണ് പറഞ്ഞതെന്നായിരുന്നു. സൂപ്പര്‍ ഹീറോ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായത് കൊണ്ട് കുട്ടികളാണ് ഓഡിയന്‍സായി ഉണ്ടാവുക. അങ്ങനെയുള്ളവര്‍ക്ക് ടിവിയിലോ മൊബൈലിലോ ചിത്രം കണ്ടാല്‍ എങ്ങനെയിരിക്കും എന്ന ആശങ്ക എനിക്കുണ്ട്. നിരവധി ടെക്‌നീഷ്യന്‍മാര്‍ ജോലിയെടുത്ത ചിത്രമാണിത്. അത്തരമൊരു ചിത്രം മൊബൈല്‍ വഴി റിലീസാവുക എന്നത് ചിന്തിക്കാനാവില്ല. കുറഞ്ഞ സീറ്റുകളിലാണെങ്കില്‍ പോലും മിന്നല്‍ മുരളി തിയേറ്ററില്‍ തന്നെ കാണാമെന് നആ ഗ്രഹത്തിലാണ് ഞങ്ങളെല്ലാവരുമെന്ന് ബേസില്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഷൂട്ടിംഗുകള്‍ക്ക് അനുമതിയുണ്ട്. തിയേറ്ററുകള്‍ തുറക്കുന്ന ഘട്ടത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 16 മുതല്‍ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നാണ് സൂചന. ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് നിലവില്‍ പ്രവേശനം നല്‍കുക എന്നാണ് വിവരം. തിയേറ്റര്‍ ശുചീകരിക്കുക, സാനിറ്റൈസര്‍ മാസ്‌ക് എന്നിവ നിര്‍ബന്ധവുമാണ്. അന്തിമ തീരുമാനം ഉടനെയുണ്ടാവും. ഈ തീരുമാനം വന്നാല്‍ വന്‍ നഷ്ടം കുറുപ്പിനും മിന്നല്‍ മുരളിക്കുമായിരിക്കും.












Click it and Unblock the Notifications