കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളരി ഒരു ബ്രോഷര്‍ കലയോ?...2

  • By Staff
Google Oneindia Malayalam News

ടൂറിസം രംഗത്ത് കളരിയുടെ സാധ്യതകള്‍ നമ്മള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും സുനില്‍ പരാതി പറയുന്നു. അതുവഴി ലഭിക്കാവുന്ന വിദേശനാണ്യം മുഴുവന്‍ നമ്മള്‍ പാഴാക്കുന്നതായും സുനില്‍ പരാതിപ്പെടുന്നു.

കളരിയ്ക്ക് ആഗോളവിപണിയില്‍ ഒട്ടേറെ സാധ്യതകള്‍ ഉണ്ട്. പുനരുജ്ജീവനത്തിനുള്ള വഴിയെന്ന നിലയില്‍ കളരിയുഴിച്ചില്‍ വളരെ ഫലപ്രദമാണ്. കളരിയിലെ മര്‍മ ചികിത്സ ഒരു ചികിത്സാരീതിയെന്ന നിലയില്‍ തന്നെ വികസിപ്പിച്ചെടുക്കാവുന്നതാണ്. മനശ്ശാന്തി വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയിലും കളരിപ്പയറ്റിനെ ഉപയോഗിക്കാം. ഇതിനെല്ലാം പുറമെ പ്രദര്‍ശനത്തിനും മെയ്വഴക്കത്തിനും സ്വയം പ്രതിരോധത്തിനും ഉതകുന്ന ആയോധനകലയെന്ന നിലയിലും കളരിപ്പയറ്റിന് വിദേശികളെ ആകര്‍ഷിക്കാന്‍ കഴിയും. നൃത്തത്തിനും നാടകാഭിനയത്തിനും ഉപയോഗിക്കാവുന്ന ചുവടുകളാല്‍ സമ്പന്നമായ കളരിപ്പയറ്റിനെ ആ നിലയില്‍ വേണ്ടത്ര ഉപയോഗിച്ചിട്ടില്ല.

മലയാളം സിനിമാ രംഗത്ത് കളരിപ്പയറ്റ് ആവോളം ഉപയോഗിച്ചിട്ടുണ്ട്. കളരിപ്പയറ്റിന്റെ ഈറ്റില്ലമായ വടക്കന്‍ കേരളത്തിലെ തറവാടുകളിലെ വീരന്മാരെ കുറിച്ചും ഒട്ടേറെ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. അശോക എന്ന ഹിന്ദിചിത്രത്തില്‍ അഭിനയിക്കാന്‍ ഷാരൂഖ് ഖാനും ലജ്ജ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അജയ് ദേവഗണും ബോളിവുഡിലെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറും കളരിയഭ്യസിക്കാന്‍ വന്ന കഥ സിവിഎന്‍ സംഘത്തിലെ മറ്റൊരു ഗുരു ഗോപകുമാര്‍ പറയുന്നു.

കരാട്ടെയും കുങ്ഫൂവും പോലെ രോമാഞ്ചജനകമാണ് കളരിച്ചുവടുകള്‍. ഒരു പക്ഷെ കേരളത്തില്‍ നിന്ന് ഏതെങ്കിലും ബുദ്ധസന്യാസിയായിരിക്കാം കളരിയെ ചൈനയിലേക്കെത്തിച്ചതെന്ന് കരുതുന്നു. പക്ഷെ കരാട്ടെയും കുങ്ഫുവും നേടിയതുപോലെ ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തുകൊണ്ട് കളരിക്കായില്ല? ഹോളിവുഡിലൂടെ ബ്രൂസ്ലീയും ജാക്കിചാനും ലോകത്തിന്റെ തന്നെ വിസ്മയമായി മാറിയപ്പോള്‍ നമ്മുടെ പൂഴിക്കടകനും ഉറുമിപ്പയറ്റും എന്തുകൊണ്ട് ആഗോളവിസ്മയമായില്ല?

സി.വി. ഗോവിന്ദന്‍കുട്ടി ഗുരുക്കളുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും സിവിഎന്‍ കളരികള്‍ സംയുക്തമായി വിദേശരാജ്യങ്ങളില്‍ പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ്. കന്നട, ജപ്പാന്‍, ഹിന്ദി, മലയാളം ചലച്ചിത്രങ്ങളില്‍ കോറിയോഗ്രാഫി ചെയ്തിട്ടുണ്ട് ഈ കളരിസംഘങ്ങള്‍. ഒട്ടേറെ സ്ഥലങ്ങളില്‍ കളരിമാഹാത്മ്യത്തെക്കുറിച്ച് ശില്പശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. പുനരുജ്ജീവനത്തിനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ ചികിത്സയ്ക്കും മറ്റും കളരി ഉപയോഗിക്കാനും ഇവര്‍ മുന്‍കയ്യെടുത്തിട്ടുണ്ട്.

നൂറുകണക്കിന് വിദേശികള്‍ ഇതിനകം കേരളത്തിലെ കളരികളില്‍ നിന്ന് ഈ വിദ്യ അഭ്യസിച്ചിട്ടുണ്ട്. ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ അതാത് രാജ്യങ്ങളില്‍ കളരിയുടെ ശാഖകള്‍ തുറന്നിട്ടുണ്ട്.

ഞാന്‍ ഒരു ടിവി ഷോയില്‍ നിന്നാണ് കളരി കണ്ടത്. എന്നാല്‍ പിന്നെ ഇതൊന്ന് നേരിട്ടറിയാമെന്ന് തോന്നി. ഇപ്പോള്‍ സന്തോഷം തോന്നുന്നു.- സിവിഎന്‍ കളരി സംഘത്തില്‍ പരിശീലനത്തിനെത്തിയിരിക്കുന്ന ഇസ്രയേലില്‍ നിന്നുള്ള നോവന്‍ പറയുന്നു. ഇപ്പോള്‍ സിവിഎന്‍ കളരിസംഘത്തില്‍ 12 വിദേശികള്‍ അഭ്യാസം പഠിക്കുന്നു. കളരി വ്യായാമത്തിലൂടെ ശരീരത്തേയും മനസ്സിനെയും കൂട്ടിയിണക്കാമെന്ന് മുന്‍ സൈനികന്‍ കൂടിയായ നോവന്‍ പറയുന്നു. ഇതിനകം സിവിഎന്‍ കളരിസംഘത്തില്‍ 500 വിദേശികള്‍ കളരിയഭ്യസിച്ചിട്ടുണ്ട്. എങ്കിലും കളരിയുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് പ്രചരിപ്പിച്ചാല്‍ കൂടുതല്‍ വിദേശികള്‍ എത്തുമെന്ന് സിവിഎന്‍ കളരിസംഘത്തിലെ ഗുരുക്കന്‍മാര്‍ കരുതുന്നു.

ഓരോ കളരിയഭ്യാസത്തിനിടയിലും ആയുധങ്ങള്‍ കേടുവരുന്നത് വലിയൊരു ഭാരമാണ്. സര്‍ക്കാരില്‍ നിന്ന് വളരെ ചെറിയൊരു ധനസഹായമേ ലഭിക്കുന്നുള്ളൂ. ഉഴിച്ചിലിനും മറ്റുമുള്ള പ്രകൃതിദത്ത എണ്ണകള്‍ തയ്യാറാക്കാനുള്ള ഔഷധച്ചെടികളുടെ ദൗര്‍ലഭ്യവും ഒരു പ്രശ്നമാണ്.- സിവിഎന്‍ കളരിസംഘത്തിലെ ഗുരുക്കന്മാരിലൊരാള്‍ പറയുന്നു.

കളരിയുഴിച്ചില്‍ കേമം, കളരിയാശാന്‍ ഡോക്ടര്‍...

കളരിയഭ്യസിക്കുന്ന ഒരാള്‍ക്ക് നാല് സിദ്ധികള്‍(കരുത്ത്) ലഭിക്കും. മെയ്കരുത്ത്, മനക്കരുത്ത്, അങ്കക്കരുത്ത്, ആയുധക്കരുത്ത് എന്നിങ്ങനെയാണ് നാല് കരുത്തുകള്‍- ഗോപകുമാര്‍ പറയുന്നു.

കളരിഗുരുക്കള്‍ ന്യൂറോളജി, ഓര്‍ത്തോപീഡിക്സ് എന്നീ ശാഖകളില്‍ വിദഗ്ധനായിരിക്കും. കാരണം അയാള്‍ക്ക് ശരീരത്തിലെ ഞരമ്പുകളുടെ ഘടന നന്നായി അറിയാം. എല്ലിന്റെ സ്വഭാവവിശേഷങ്ങളും അറിയാം. ശരീരത്തിലെ പ്രധാനപ്പെട്ട 107 മര്‍മ്മ സ്ഥാനങ്ങളും കളരിഗുരുവിന് നിശ്ചയമുണ്ടായിരിക്കും. പേശികളുടെ ക്ഷതം, എല്ലുപൊട്ടല്‍, സന്ധികളിലെ വേദന, സ്പോണ്ടിലിറ്റിസ്, നട്ടെല്ല്വേദന, വാതരോഗം, സന്ധിവീക്കം എന്നിവയ്ക്കെല്ലാം കളരിഗുരുക്കന്മാര്‍ നിര്‍ദേശിക്കുന്ന തൈലങ്ങളും കുഴമ്പുകളും സിദ്ധൗഷധങ്ങളാണ്.

ആയുര്‍വേദത്തിലെ ഉഴിച്ചില്‍ പോലെ കളരിയിലെ ഉഴിച്ചിലും പരമപ്രധാനമാണ്. പക്ഷെ നിര്‍ഭാഗ്യത്തിന് ആയുര്‍വേദത്തിലെ ഉഴിച്ചിലിന്റെ പ്രാധാന്യം കളരിയുഴിച്ചിലിന് ലഭിച്ചിട്ടില്ല. ഹോളിഡേ പാക്കേജില്‍ കളരിയുഴിച്ചില്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ വിദേശനാണ്യം നല്ലതോതില്‍ സംസ്ഥാനത്തിന് നേടാന്‍ കഴിയും.

കൊല്‍ക്കത്തയിലെ റാഡിസ്സണ്‍ ഹോട്ടലില്‍ കഴിഞ്ഞവര്‍ഷം 600 വിദേശികള്‍ക്ക് ശരീരത്തിലെ ഓജസ്സ് വര്‍ധിപ്പിക്കാന്‍ തങ്ങള്‍ പ്രത്യേകമായി ഉഴിച്ചില്‍ നടത്തിയിരുന്നു. ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി, യുഎസ് എന്നിവിടങ്ങളിലെ ഒട്ടേറെ ഹോട്ടലുകളിലും ഞങ്ങള്‍ കളരിയുഴിച്ചില്‍ നടത്തിയിട്ടുണ്ട്.- ഗോപകുമാര്‍ പറയുന്നു.

എങ്കിലും കേരളത്തിലെ 500 ഓളം വരുന്ന കളരികള്‍ നിലനില്ക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നു. സാമ്പത്തിക പരാധീനത മൂലം ഗുണനിലവാരത്തില്‍ ശ്രദ്ധവയ്ക്കാന്‍ കഴിയാത്തതുമൂലം ഈ കളരികള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴത്തെ കളരിയുടെ വേരുകള്‍ അന്വേഷിച്ചുചെന്നാല്‍ 12ാം നൂറ്റാണ്ടിനും 16ാം നൂറ്റാണ്ടിനും ഇടയില്‍ ചെന്നെത്തും. ഇപ്പോള്‍ കളരിയില്‍ അഭ്യസിക്കുന്ന പല തന്ത്രങ്ങളുടെയും പരാമര്‍ശങ്ങള്‍ വേദങ്ങളില്‍ കാണാം.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X