ചേരമാന്‍ പള്ളി വീണ്ടും പഴയതാക്കുന്നു
പരമ്പരാഗത വാസ്തുശില്പനിര്‍മാണ രീതിയിലുള്ളകെട്ടിടത്തിന്റെ പിന്‍ഭാഗത്ത് ഉയര്‍ന്നുനില്‍ക്കുന്ന ഭാഗം പൊളിച്ചുമാറ്റി പകരം കോണ്‍ക്രീറ്റ് മിനാരങ്ങള്‍ കെട്ടിപ്പൊക്കി. അതോടെ പള്ളിയുടെ പഴമയുടെ ലക്ഷണങ്ങള്‍ക്ക് ക്ഷതം പറ്റി.
പള്ളിക്ക് വീണ്ടും പഴയ രീതിയിലുള്ള കെട്ടിട ഘടന നല്‍കാനുള്ള ഒരു പദ്ധതിക്ക് വിനോദസഞ്ചാര വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. പുരാവസ്തുവകുപ്പിന്റെ സഹകരണത്തോടെ പഴയ പ്രൗഢി കെട്ടിടത്തിന് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. സാംസ്കാരികമായി സമ്പന്നമായ കൊടുങ്ങല്ലൂരിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് ഈ പദ്ധതി.
ഈ ഉദ്യമത്തെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുന്നുവെന്ന് ജുമാ മസ്ജിദ് മഹല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പി. എ. മുഹമ്മദ് പറഞ്ഞു. കുറച്ചുവര്‍ഷം മുമ്പ് ചിന്തയില്ലാതെ ചെയ്ത മോടി പിടിപ്പിക്കല്‍ കെട്ടിടത്തെ ബാധിച്ചു. രാജ്യത്തെ ഏറ്റവും പഴയ മുസ്ലിം പള്ളിയാണിതെന്ന് സന്ദര്‍ശകര്‍ക്ക് വിശ്വസിക്കുക ബുദ്ധിമുട്ടാണ് ഇപ്പോള്‍.
പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് പള്ളി കമ്മിറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പളളി കമ്മിറ്റിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പുനരുദ്ധാരണം നടപ്പിലാക്കുകയുള്ളൂവെന്നും വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് പറഞ്ഞു.
പള്ളിയുടെ ഐതിഹ്യം
കൊടുങ്ങല്ലൂര്‍ രാജാവായിരിക്കെ ചേരമാന്‍ പെരുമാള്‍ പിളര്‍ന്ന ചന്ദ്രനെ സ്വപ്നം കണ്ടു. കൊട്ടാരത്തിലെ ജ്യോതിഷികള്‍ക്കൊന്നും സ്വപ്നത്തിന്റെ അര്‍ഥമെന്തെന്ന് പെരുമാള്‍ക്ക് പറഞ്ഞുകൊടുക്കാനായില്ല. പെരുമാളിന്റെ ഉള്ള് തപിച്ചു.
അറബികളായ ചില കച്ചവടക്കാര്‍ കൊട്ടാരത്തിലെത്തി പെരുമാളിനെ കണ്ടു. സ്വപ്നത്തിന്റെ അര്‍ഥം അദ്ദേഹത്തിന് അവര്‍ വിശദീകരിച്ചുകൊടുത്തു. പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച്ു മെക്കയിലേക്ക് പോയി. മെക്കയില്‍ ചെന്ന അദ്ദേഹം പ്രവാചകന്‍ നബിയെ കണ്ടു. യെമനില്‍ വച്ചായിരുന്നു പെരുമാളിന്റെ അന്ത്യം.
ചേരമാന്‍ മസ്ജിദിന് പിന്നിലെ ഐതിഹ്യം ഇതാണ്. എഡി 629ല്‍ മാലിക് ഇബ്ന് ദിനാര്‍ സിര്‍കയാണ് പള്ളി നിര്‍മിച്ചിത്. രാജ്യത്തെ ആദ്യത്തേതും അറബ് ലോകത്തിന് പുറത്തെ ആദ്യത്തെ പള്ളികളില്‍ ഒന്നുമാണ് ചേരമാന്‍ മസ്ജിദ്.
പള്ളി ഉണ്ടായതിനെ പറ്റി തര്‍ക്കങ്ങളുണ്ട്. ഇതൊരു അമ്പലമായിരുന്നുവെന്ന് പള്ളിയുടെ ഘടന ചൂണ്ടിക്കാട്ടി ചിലര്‍ വാദിക്കുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ അപൂര്‍ണമായ കേരളത്തില്‍ ചേരമാന്‍ പള്ളി മുമ്പ് ബുദ്ധവിഹാരം ആയിരുന്നുവെന്ന് പറയുന്നു. പള്ളിയുടെ പഴയ ഭാഗങ്ങള്‍ക്ക് 16-ാം നൂറ്റാണ്ടില്‍ കൂടുതല്‍ പഴക്കമില്ലെന്ന വാദവുമുണ്ട്.
പള്ളിയ്ക്കകത്തെ പരമ്പരാഗതമായ വിളക്കിന് അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. 250 വര്‍ഷം മുമ്പ് പള്ളി പുനരുദ്ധരിച്ച വേളയില്‍ ഈ വിളക്ക് അവിടെയുണ്ടായിരുന്നു.
നാല് വര്‍ഷം മുമ്പ് ചേരമാന്‍ പള്ളിയില്‍ വിദ്യാരംഭ ദിനത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നിരുന്നു. ചില ഹിന്ദു കുടുംബങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പള്ളി കമ്മിറ്റിയാണ് വിദ്യാരംഭ ചടങ്ങിന് മുന്‍കൈയെടുത്തത്.