കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോപി മറ്റൊരുതരം മണിയാകുമോ?

  • By ഷിബു ടി
Google Oneindia Malayalam News

Gopi-Mony
ചെയ്ത പാപങ്ങള്‍ ഏറ്റുപറയുക മാത്രമല്ല, വേറെ ആരൊക്കെക്കൂടി തെറ്റുകള്‍ ചെയ്‌തെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സി പി എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍. ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകുമെന്ന പഴഞ്ചൊല്ലാണ് ഗോപിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. എറണാകുളത്തെ സി പി എമ്മില്‍ ചീഞ്ഞുനാറുന്നതൊക്കെ ഗോപി വലിച്ചുപുറത്തേയ്ക്കിടുകയാണ്, മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഇനി വേറെന്തുവേണം.

സി പി എമ്മില്‍ ആവശ്യത്തിലേറെ ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് കേരളത്തിലെ ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്ന കാര്യമാണ്. പാര്‍ട്ടിക്കുള്ളില്‍ ക്രിമിനല്‍ സംഘമുണ്ടെന്ന വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ഉത്തരവാദിത്വങ്ങള്‍ ദീര്‍ഘകാലം ഏറ്റെടുത്ത് നടത്തിയ ഗോപി കോട്ടമുറിക്കലിന്റെ സത്യവാങ്മൂലമാണ്. പാര്‍ട്ടിക്കുള്ളിലെ ക്രിമിനല്‍ സംഘങ്ങള്‍ എറണാകുളം ജില്ലയില്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങള്‍ ഗോപി കോട്ടമുറിക്കല്‍ അധികം വൈകാതെ എണ്ണമിട്ടുപറയുമെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പടപ്പുറപ്പാടുകള്‍ വ്യക്തമാക്കുന്നത്.

സി പി എമ്മില്‍ എറണാകുളം ഘടകത്തില്‍ ഒരു ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗോപി കോട്ടമുറിക്കല്‍ തിങ്കളാഴ്ച തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് ഉറപ്പിച്ച് പറയുന്നു. പാര്‍ട്ടിയെ ഗ്രസിച്ച ഈ ക്രിമിനല്‍ സംഘത്തെ തുറന്നുകാണിക്കാനായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടാലും താന്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എസ് ശര്‍മ്മ, ചന്ദ്രന്‍ പിള്ള എന്നീ നേതാക്കള്‍ക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഇപ്പോള്‍ പറഞ്ഞതിനേക്കാള്‍ ഏറെക്കാര്യങ്ങള്‍ ഇനിയും പറയാനുണ്ടെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.

ജൂലായ് 27ന് ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ തന്നെ പുറത്താക്കുന്ന തീരുമാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍ അതിന് ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നാണ് ഗോപി കോട്ടമുറിക്കലിന്റെ വാഗ്ദാനം. എം എം മണിയുടെ കവല കൊലവിളിക്ക് പിന്നാലെ ഗോപി കോട്ടമുറിക്കലും പാര്‍ട്ടിയുടെ ആപ്പീസുപൂട്ടുന്ന വെളിപ്പെടുത്തലുകള്‍ നടത്തുമോ എന്ന് കാത്തിരുന്ന് കാണാം. മണിക്ക് നാവു പിഴച്ചതാണെങ്കില്‍ ഗോപി ആലോചിച്ചുറപ്പിച്ച് തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. തനിക്കിട്ട് പാരവച്ചവരെ തിരിച്ചുപണിയുക എന്ന സിമ്പിള്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ശൈലിയാണ് അദ്ദേഹം ഇപ്പോള്‍ എടുത്ത് പ്രയോഗിക്കുന്നത്.

ജില്ലാ കമ്മിറ്റി ഓഫീസിലെ ജീവനക്കാരെ ഉപയോഗിച്ച് ശര്‍മ്മയും ചന്ദ്രന്‍പിള്ളയും നടത്തിയ ആസൂത്രിത നീക്കമാണ് തന്നെ വിവാദത്തില്‍ കുടുക്കിയതെന്ന് ഗോപി വെട്ടിത്തുറന്ന് പറയുന്നു. തിരശീലയ്ക്ക് പിന്നില്‍ നിന്ന് കളിച്ചത് മുഴുവന്‍ ചന്ദ്രന്‍പിള്ളയാണ്. ഇവര്‍ നടത്തിയ നീക്കങ്ങളുടെ മുഴുവന്‍ തെളിവുകളും തന്റെ പക്കലുണ്ട്. വി എസ് അച്യുതാനന്ദന്റെ അറിവോടെയാണ് ഇവര്‍ തനിക്കെതിരെ ഇതെല്ലാം ചെയ്തതെന്ന് വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ പറയാനാകില്ല.

ശര്‍മ്മയ്ക്കും ചന്ദ്രന്‍പിള്ളയ്ക്കും പുറമേ കേന്ദ്രകമ്മിറ്റി അംഗമായ എം സി ജോസഫൈനെതിരെയും അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. വിവാദം അന്വേഷിച്ച അന്വേഷണ കമ്മീഷന്‍ തന്നെ വിളിപ്പിക്കുകയോ തനിക്ക് പറയാനുള്ളത് കേള്‍ക്കുകയോ ചെയ്തിട്ടില്ല. സിറ്റിങ്ങിനെക്കുറിച്ച് സഖാവ് വൈക്കം വിശ്വനോട് ചോദിച്ചപ്പോള്‍ ജോസഫൈന്‍ അറിയിച്ചില്ലേ എന്നായിരുന്നു മറുപടി. സിറ്റിങ്ങിന്റെ കാര്യം ജോസഫൈന്‍ അറിയിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ പിറ്റേ ദിവസം രാവിലെ എത്താന്‍ വൈക്കം വിശ്വന്‍ പറഞ്ഞു. അങ്ങനെയാണ് മുന്നൊരുക്കം കൂടാതെ കമ്മീഷന്‍ ഒരു ദിവസം തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുന്നത്. രാത്രി വിളിച്ച് രാവിലെ എത്താന്‍ പറഞ്ഞു. അന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തനിക്ക് ഒരവസരം കൂടി തരണമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല.

എസ് ശര്‍മ്മയും ചന്ദ്രന്‍പിള്ളയും നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് ഗോപി കോട്ടമുറിക്കല്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് അച്ചടക്ക നടപടിക്കപ്പുറം പാര്‍ട്ടിക്ക് പുറത്തേയ്ക്കുള്ള വഴി അദ്ദേഹത്തിന് മുന്നില്‍ തുറക്കപ്പെട്ടത്. കൂറുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് ഗോപി കോട്ടമുറിക്കല്‍ എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇനിയുള്ള വാക്കുകള്‍. ''പുറത്താക്കിയാലും പാര്‍ട്ടിയെ തള്ളിപ്പറയില്ല. വ്യക്തിപരമായി നഷ്ടം വരുമ്പോള്‍ പാര്‍ട്ടിയെ തള്ളിപ്പറയുന്ന ആളല്ല ഞാന്‍. പാര്‍ട്ടി ഞാന്‍ തെറ്റു ചെയ്തുവെന്ന് പറഞ്ഞാല്‍ അത് ശിരസ്സാവഹിക്കും. ഇതെന്റെ തോല്‍വിയല്ല. പോരാട്ടത്തിന്റെ തുടക്കമാണ്. ഏതായാലും തന്നെ വളര്‍ത്തിയത് പാര്‍ട്ടിയാണ്. പാര്‍ട്ടി തരുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ മാതൃക സൃഷ്ടിക്കും'. ഇതാണ് സാക്ഷാല്‍ ഗോപി കോട്ടമുറിക്കല്‍.

മാധ്യമങ്ങളുടെ നിലപാടുകളോടും അദ്ദേഹത്തിന് പരിഭവവും പരാതിയുമുണ്ട്. മാധ്യമങ്ങള്‍ ഭൂരിപക്ഷവും തന്നെ കൊള്ളരുതാത്തവനും പെണ്ണുപിടിയനുമായി ചിത്രീകരിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. എല്ലാം തുറന്നുപറഞ്ഞതോടെ ഇനി ഗോപിയെ മാധ്യമങ്ങള്‍ക്ക് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാം.

English summary
A day after the the CPM decided to expel him from the party, former CPM district secretary Gopi Kottamurickal said that Sarma and K Chandran Pillai were behind the candid camera controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X