ജോര്‍ജിന്റെ പിടിവള്ളി ശെല്‍വരാജ്

  • Posted By:
Subscribe to Oneindia Malayalam
George- Selvaraj
ടിഎന്‍ പ്രതാപനും വിഡി സതീശനും ഓതിരം കടകം മറിഞ്ഞിട്ടും നാല് എംഎല്‍എമാര്‍ രാജിവെയ്ക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന ബോംബ് പൊട്ടിച്ചിട്ടും ഉമ്മന്‍ചാണ്ടിക്ക് ഒട്ടും കുലുക്കമില്ല. പിസി ജോര്‍ജ്ജിന്റെ സ്വന്തം കര്‍ഷക പുത്രന്മാരെ നേരിട്ടറിയാന്‍ യുവതുര്‍ക്കികള്‍ നെല്ലിയാമ്പതിയിലേക്ക് തീര്‍ത്ഥയാത്ര നടത്തിയിട്ടും വല്യനേതാക്കളൊന്നും പിസിക്കെതിരേ കാര്യമായി മിണ്ടുന്നില്ല.

സ്വന്തം ചീഫ് വിപ്പിനെതിരേ, ഭരണകക്ഷി എംഎല്‍എമാര്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ ഒട്ടു ചെറുതല്ല. മന്ത്രിസഭയുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതായിട്ടും സാക്ഷാല്‍ ജോര്‍ജ്ജിന് അതൊന്നും ഏറ്റ ഭാവമേയില്ല. 'മീന്‍പെറുക്കി'കളുടെ 'ഊളത്തര'ത്തിന് മറുപടി പറയാനല്ല എനിക്ക് നേരമെന്ന് മുഖത്തടിച്ച പോലെ പറഞ്ഞിട്ടും ജോര്‍ജ്ജ് ഇപ്പോഴും ഭരണകക്ഷിയുടെ നേതൃസ്ഥാനീയന്‍ തന്നെ.
ഒരു ജനപ്രതിനിധിയെ, അതും ഭരണപക്ഷത്തെ ഒരു പ്രമുഖനെ ഈ വിധത്തില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടും യുഡിഎഫ് ഉപസമിതിയുടെ തീരുമാനങ്ങള്‍ക്ക് കടകവിരുദ്ധമായി പ്രസ്താവനകളിറക്കിയിട്ടും മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. അല്ലെങ്കില്‍ ആ വിധത്തിലാണ് നാട്യം. ഉറക്കം ഉണര്‍ന്നിട്ടും വീണ്ടും ഈ വിധത്തില്‍ ഉറക്കം നടിക്കാന്‍ എന്താണ് സാര്‍ കാരണം?

പിസി ജോര്‍ജ്ജിന്റെ നാവിന്റെ മൂര്‍ച്ചയെ ഒസിക്കും പേടിയാണ്. വായില്‍ തോന്നിയതെന്തും വിളിച്ചുപറയാനും മുന്നിലിരിക്കുന്നവരെ പരസ്യമായി അപമാനിക്കാനും അതെല്ലാം കഴിഞ്ഞ് മിനിറ്റുകള്‍ക്കകം പറഞ്ഞതെല്ലാം തിരുത്തി മറുകണ്ടം ചാടാനുള്ള മെയ്‌വഴക്കം ഈ 'കര്‍ഷക പുത്ര'നോളം മറ്റാര്‍ക്കുമില്ലല്ലോ? അധികാരകസേരയുടെ ആടുന്ന നാലുകാലും ആണിയടിച്ചുറപ്പിക്കാനുള്ള കുരുട്ടുവിദ്യകള്‍ക്കൊപ്പം ആണിയൂരി കസേര ഉലയ്ക്കാനുള്ള രാഷ്ട്രീയ തന്ത്രവും ഇദ്ദേഹത്തിനു സ്വന്തം. പല വിധ അഭ്യാസങ്ങളിലൂടെ ഭരണം നിലനിര്‍ത്തുന്ന അണിയറ നാടകങ്ങള്‍ പല കോണ്‍ഗ്രസുകാരേക്കാളും നന്നായി അറിയാവുന്നതും ഈ കേരള കോണ്‍ഗ്രസ് നേതാവിനു തന്നെ. അങ്ങനെയുള്ള ഒരാളെ അത്രവേഗം പിണക്കാന്‍ കഴിയുമോ? പ്രതാപനും സതീശനുമെല്ലാം മലകയറാം പ്രസ്താവന ഇറക്കാം. ഭരണം നിലനിര്‍ത്താനുള്ള പാട് ഉമ്മന്‍ചാണ്ടിക്കല്ലേ അറിയൂ.

യുഡിഎഫ് പാളയത്തില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തി മാറ്റിതരാമെന്ന ഫോര്‍മുലയുമായി ജോര്‍ജ്ജ് വന്നിട്ടും ഞങ്ങളത് മൈന്‍ഡ് ചെയ്തില്ല എന്ന ഇപി ജയരാജന്‍ പറഞ്ഞതിന്റെ ചൂടും പുകയും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആ തന്ത്രം ഏശാതെ വന്നപ്പോഴാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ മറുകണ്ടം ചാടാന്‍ കാത്തിരിക്കുകയാണെന്ന് പിസി ജോര്‍ജ്ജ് കാച്ചിയത്. സെല്‍വരാജിലൂടെ അദ്ദേഹമത് തെളിയിക്കുകയും ചെയ്തു.

പക്ഷേ, ഇടതുകേന്ദ്രത്തില്‍ നിന്ന് സെല്‍വരാജ് എങ്ങനെ മറുകണ്ടം ചാടിയെന്ന് അറിയാവുന്നവര്‍ ജോര്‍ജ്ജിനൊപ്പം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണല്ലോ? അന്ന് നടന്ന രാഷ്ട്രീയ നാടകങ്ങള്‍ പുറത്തുവന്നാല്‍ ഉണ്ടാകുന്ന പൊല്ലാപ്പുകള്‍ ഉമ്മന്‍ചാണ്ടിക്കുമറിയാം, രമേശിനുമറിയാം. അതുകൊണ്ടു തന്നെ തനിക്കെതിരേ ഇവരാരും വാളെടുക്കുകയില്ലെന്ന് പിസി ജോര്‍ജ്ജിനും നന്നായറിയാം. അതുതന്നെയാണ് ജോര്‍ജ്ജിന്റെ പിടിവള്ളിയും മന്ത്രി ഗണേഷിനെതിരേ ആക്രോശിച്ചാലും പ്രതാപനെയും സംഘത്തിനെയും ഊളന്മാര്‍ എന്നു വിളിച്ച് ആക്ഷേപിച്ചാലും തന്നെ ഒന്ന് തോണ്ടാന്‍ പോലും യുഡിഎഫ് നേതാക്കള്‍ക്കാവില്ല എന്ന് ജോര്‍ജ്ജിനറിയാം. പിന്നെയുള്ളത് പ്രതിപക്ഷക്കാരാണ്.

അവര്‍ക്കാവട്ടെ, സ്വന്തം കാര്യം തീര്‍ക്കാന്‍ പോലും നേരമില്ല. ആ നെട്ടോട്ടത്തിനിടയില്‍ എന്ത് ജോര്‍ജ്ജ്? എന്ത് നെല്ലായമ്പതി? പരിസ്ഥിതി കാര്യമൊക്കെ ബുദ്ധിജീവികള്‍ നോക്കികോട്ടെ എന്നവര്‍ നേരത്തെ തിട്ടൂരമിറക്കിയവരുമാണല്ലോ? അതുകൊണ്ട് പാവപ്പെട്ട എസ്റ്റേറ്റ് മുതലാളിമാരായ കര്‍ഷക പുത്രന്മാരുടെ വിഷമമകറ്റാന്‍ ഈ ചീഫ് പടപൊരുതികൊണ്ടേയിരിക്കും.

English summary
The Young Turks among the Congress MLAs - T N Pratapan, V D Satheesan, Hibi Eden and V T Balaram - and a few others in other parties in the UDF closely identified with the group are determined to teach George a lesson this time. But Why Oommenchandy and Ramesh Chennithala not?
Please Wait while comments are loading...