• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്റെ ജീവിതത്തിലേക്കുള്ള നിങ്ങളുടെ ഒളിഞ്ഞ് നോട്ടങ്ങൾ.. അപർണ പ്രശാന്തി എഴുതുന്നു

  • By desk

അപർണ പ്രശാന്തി

സ്വതന്ത്ര മാധ്യമപ്രവർത്തകയായ അപർണ പ്രശാന്തി അറിയപ്പെടുന്ന കോളം എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയും അവതാരകയുമാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടൻ പുരസ്കാരത്തിന് അപർണയുടെ ആദ്യ പുസ്കമായ 'ചലച്ചിത്രത്താഴ്' അർഹമായി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടി.

''നീയെന്താ ഇത്രേം വലിയ പൊട്ടു തൊട്ടു സ്‌കൂളിൽ വരുന്നേ, നമ്മുടെ അമ്മമാരല്ലേ വലിയ പൊട്ടു തൊടുക..' വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ സ്‌കൂളിൽ നിന്ന് കേട്ടതാണ്. കുട്ടിക്കാല കൗതുകത്തിന്റെ ഭംഗിയുള്ള ആ ചോദ്യത്തിൽ പ്രത്യേകിച്ചൊന്നുമില്ല. പിറ്റേന്ന് ആ കുട്ടിയുടെ 'അമ്മ അവൻ പറഞ്ഞതനുസരിച്ചു 'വലിയ പൊട്ടു തൊട്ട വിചിത്ര ജീവിയെ കാണാൻ കാത്തു നിന്നതിനു പക്ഷെ ആ കൗതുകത്തിന്റെ നിഷ്കളങ്കത ഉണ്ടായിരുന്നില്ല. ആ കാത്തു നിന്നുള്ള പാളിനോട്ടമാണ് ജീവിതത്തിൽ നമുക്ക് 'സമൂഹം' തരുന്ന മറുകാഴ്ചകൾ എന്ന തിരിച്ചറിവിന്റെ തുടക്കം അവിടെ നിന്നായിരുന്നു. അതിഭീകരമാം വിധം കാഴ്ചകൾക്കൊരു ശീലപ്പെടലുണ്ട്. ശീലപ്പെടലുകൾക്ക് അപ്പുറം നിൽക്കുന്നവരെ ഒറ്റപ്പെടുത്തിയും ചോദ്യം ചെയ്തും മടുപ്പിച്ചു നിശ്ശബ്ദരാകാൻ നടത്തുന്ന ശ്രമങ്ങളുണ്ട്. ഈ ശ്രമങ്ങളോട് പൊരുതി ജയിച്ചും വീഴാതെ പിടിച്ചു നിന്നും ഒക്കെയാണ് നമ്മൾ ജീവിക്കുന്നത്. മറു പുറത്തു നിന്ന് നമ്മൾ ഇത് പോലെ ഒറ്റപ്പെടുത്തലുകൾ നടത്തുന്നു എന്നത് മറ്റൊരു വിരോധാഭാസം.

ആദ്യത്തെ ചോദ്യം ചെയ്യപ്പെടൽ

ആദ്യത്തെ ചോദ്യം ചെയ്യപ്പെടൽ

എന്റെ ആദ്യത്തെ ചോദ്യം ചെയ്യപ്പെടൽ ഈ വലിയ പൊട്ടായിരുന്നു. അതിലും ക്രൂരമായി കള്ളു കുടിക്കുന്ന 'അമ്മ ഉള്ള പെൺകുട്ടിയെ കളിക്കാൻ കൂട്ടാതെ പരിഹസിക്കുന്നതിൽ ഞാൻ മുന്നിൽ നിന്നിരുന്നു. അച്ഛന്മാർ കള്ളു കുടിച്ചു ബഹളമുണ്ടാക്കുന്ന തമാശക്കഥകൾ പറഞ്ഞു ഉറക്കെ ചിരിക്കുമ്പോൾ തന്നെ ആണത്. ''നാം അറിയാത്ത ജീവിതങ്ങൾ നമുക്ക് കെട്ടുകഥകൾ മാത്രമല്ല ക്രൂരമായ തമാശകൾ കൂടിയാണ്''. വളരെ കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു, ഒരാളുടെ ജീവിതത്തെ രൂപത്തെ അതിന്റെ പ്രത്യേകതകളെ ഒക്കെ പരിഹസിക്കുന്നതിലെ ക്രൂരതകൾ മനസിലായിട്ട്. അതിനു മുന്നേ പലപ്പോഴും എന്റെ ചിന്തയുടെ പരിമിതികൾക്കു പുറത്തു ജീവിക്കുന്നവരെ അവരുടെ ചെയ്തികളെ രൂപത്തെ ഒക്കെ ക്രൂരമായ ഓഡിറ്റിങ്ങിനു വിധേമാക്കിയിരുന്നു. ഇത്തരം പല ഓഡിറ്റിങ്ങിനും വിധേയ ആയിട്ടും മറ്റൊരാളെ വിധിക്കുന്ന ശീലം മാറിയിരുന്നില്ല. ശരി തെറ്റുകളെ ഒക്കെ നിർണയിക്കുന്ന ക്രൂരമായ വിനോദം എന്റെ ഏറ്റവും മോശം ശീലമായിരുന്നു.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾ

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾ

അവൾ അവനെ ആണോ പ്രേമിക്കുന്നെ, അവനു ആരേം കിട്ടിയില്ലേ, ഒരിക്കലും ചേരാത്ത ഉടുപ്പിട്ടാണോ നടക്കണേ, മുടിക്കെന്താ നീല നിറം, ആണുങ്ങൾ എന്തിനാ കാതു കുത്തി വൃത്തികേടാക്കണേ എന്നൊക്കെ പല കുറി അലസമായി പറഞ്ഞിട്ടുണ്ട്. കുറ്റബോധത്തോടെയാണ് ഞാൻ നടത്തിയ ബോഡി ഷേമിങ്ങുകളെയും ജീവിത രീതിയിലെ വ്യത്യാസങ്ങളോടുള്ള പരിഹാസങ്ങളെയും ഓർക്കാറുള്ളത്. ഇങ്ങനെ ഒറ്റപ്പെടുത്തിയവരെയെല്ലാം കണ്ടു മാപ്പു പറയുന്ന വിചിത്ര സ്വപ്നം പിന്തുടരാറുണ്ട്. മറ്റൊരാളുടെ ജീവിതത്തിലേക്ക്, സ്വകാര്യതയിലേക്ക് എത്ര മാത്രം കടന്നു കയറാം.. ഒരു പരിധിയുമില്ലാതെ എന്നതാണ് അനുഭവം. നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും പ്രണയം മുതൽ നിങ്ങളുടെ തൊഴിൽ വരെ എല്ലാം മറ്റൊരാൾക്ക് അടക്കാനാവാത്ത അത്ഭുതത്തോടെ നേരിട്ട് പരിഹസിക്കാനുള്ള ഇടങ്ങളാണ്. എല്ലാവരും ഇല്ലാത്ത പണം കൊടുത്ത് എഞ്ചിനീയിറിങ്ങിനും മെഡിസിനും പോകുമ്പോൾ ആണ് ഞാൻ സാഹിത്യവും പിന്നീട് പത്രപ്രവർത്തനവും പഠിക്കാൻ പോകുന്നത്.

അതിനന്മ കലർന്ന കുശലാന്വേഷണങ്ങൾ

അതിനന്മ കലർന്ന കുശലാന്വേഷണങ്ങൾ

''ഓ ജേർണലിസം അല്ലെ. നന്നായി ട്ടോ ..ഞങ്ങടെ കുട്ടികളെയൊന്നും ചേർക്കുന്നത് ആലോചിക്കാൻ വയ്യ, അല്ല കല്യാണോം വരില്ല.. അല്ല അത് കഴിഞ്ഞു ടിവിലു വരോ.. അപ്പൊ രാത്രിയൊക്കെ..'' ആൾക്കാരുടെ സംശയം തീരില്ല. നല്ല നാക്ക് വേണം അല്ലെ.. ആൾക്കാർ തെറി പറയോ'' .. നാശത്തിലേക്കുള്ള എളുപ്പ വാതിൽ തന്നെയാണ് മധ്യവർത്തി സമൂഹത്തിൽ ഇപ്പോഴും എഞ്ചിനിയറിങ്ങും മെഡിസിനും അധ്യാപനവും അല്ലാത്ത തൊഴിലുകൾ. ഈ ചോദ്യങ്ങൾ പെൺകുട്ടികളോട് കൂടും. കാരണം മാട്രിമോണിയൽ കോളത്തിൽ അത്ര മാർക്കറ്റുള്ള സാധനങ്ങൾ അല്ല ഇമ്മാതിരി ജേർണലിസ്റ്റും വക്കീലും ഒന്നും..

എൽ എൽ ബി പഠിച്ചിരുന്ന ഒരു സഹപാഠിയോട് ആണുങ്ങളോടൊക്കെ എങ്ങനാ കോട്ട് ഇട്ടു വർത്തമാനം പറയാ എന്ന ആശങ്ക പേറിയിരുന്ന നാട്ടുകാർ ഉണ്ടായിരുന്നു. ഈയടുത്ത് സഹപാഠിയുമായി അവളുടെ വിവാഹം നിശ്ചയിച്ചു. ഇത് പറയാൻ ചെന്ന വീട്ടുകാരോട് അല്ലാതിപ്പോ ആരാ അവളെ കേട്ടാ എന്ന് പറഞ്ഞ വല്യമ്മാവന്റെ കഥ പറഞ്ഞു തന്നു അവൾ. ഒറ്റ കേൾവിയിൽ അതിശയോക്തിപരം എന്ന് തോന്നുന്ന അല്ലെങ്കിൽ തീരെ നിസാരം എന്ന് തോന്നുന്ന ഈ അതിനന്മ കലർന്ന കുശലാന്വേഷണങ്ങളുടെ ആഘാതം വലുതാണ്. ഇഷ്ടപ്പെടാത്ത എന്തൊക്കെയോ പഠിച്ചു പൊതുബോധത്തെ തൃപ്ത്തിപ്പെടുത്തി ജീവിതം മുഴുവൻ നരകിക്കുന്നവരെ അറിയാം.

ആശങ്കകൾ പലതാണ്

ആശങ്കകൾ പലതാണ്

പഠനം കഴിഞ്ഞാൽ ഉള്ള മറ്റൊരു ആശങ്ക തൊഴിലാണ്. എത്ര കാലം പഠിക്കാം എന്നതും നിർണയിക്കുന്ന ബന്ധുക്കളും നാട്ടുകാരും കേരളത്തിൽ സമൃദ്ധമാണ്. പിഎച്ഡിയോ .ഇനിയിപ്പോ എന്നാ പഠിത്തം തീരുക.. അതെന്താ ജോലി ഒന്നും കിട്ടാഞ്ഞിട്ടാണോ.. സിനിമ കണ്ടു റിവ്യൂ എഴുത്തും ഫ്രീലാൻസ് ആയിട്ട് എന്ന് പറഞ്ഞപ്പോ, വട്ടാണല്ലേ എന്ന് നിഷ്കളങ്കമായി ചോദിച്ച സഹപാഠി ഉണ്ട്. സിനിമാ തീയേറ്ററിലേക്ക് അറിയാത്ത ഓട്ടോ പിടിച്ചാൽ എന്താ ഇവിടെ ഇറങ്ങുന്നേ ചേച്ചി, കൂടെ ഉള്ളവർ നേരത്തെ പൊന്നോ, എന്നൊക്കെ സംശയം തീരാത്ത ഓട്ടോക്കാർ ഉണ്ട്. നമ്മൾ ടിക്കറ്റ് എടുക്കും വരെ കൗതുകം മാറാതെ നോക്കി നിൽക്കുന്നവരും ഉണ്ട്. കൗതുകവും ആകാംക്ഷയും ഒക്കെ ഒന്നിച്ചനുഭവിക്കുന്ന കുറെ പേരുണ്ട്. ഡിസൈനർ ആയ ആൺസുഹൃത്തിനോട് അവന്റെ നാട്ടുകാർക്ക് മൊത്തം സഹതാപമാണ്. നല്ല വീട്ടിൽ ജനിച്ചിട്ടും തുണിക്കടയിലൊക്കെ പോയി നിക്കാണോ അവൻ എന്ന് അവന്റെ ഗൾഫിൽ ഉള്ള ഉപ്പയോട് ആഴ്ച തോറും വിളിച്ചു പറയാതെ നാട്ടുകാർക്ക് ഒരു സമാധാനമില്ല. പെൺകുട്ടികൾക്ക് ഉടുപ്പ് കൊടുക്കുന്ന ചാന്തുപൊട്ട് എന്നൊക്കെയാണ് അവനെ കൂടെ പഠിച്ചവർ വിളിക്കാറ്.

സ്വപ്നത്തെയും കൊല്ലാൻ പ്രേരിപ്പിക്കും

സ്വപ്നത്തെയും കൊല്ലാൻ പ്രേരിപ്പിക്കും

സമൂഹം എന്ത് പറയും എന്ന പേടിയാണ് നമ്മുടെ നാട്ടിൽ ഏറ്റവുമധികം സ്വപ്നങ്ങളെ കൊന്നത് എന്നൊരു കൊട്ടേഷൻ ഫേസ്‌ബുക്കിലൊക്കെ വലിയ ഹിറ്റ് ആയി പ്രചരിച്ചിരുന്നു. സ്വപ്നങ്ങൾക്ക് പുറകെ പോയവരെയും സമൂഹം വെറുതെ വിടാറില്ല. പിന്നാലെ പോയി ആ സ്വപ്നത്തെ കൊല്ലാൻ പ്രേരിപ്പിച്ചു കൊണ്ടേ ഇരിക്കും. ഈ പ്രേരണാ കുറ്റത്തേ സാധാരണത്വം കൊണ്ട് ലഘൂകരിക്കുകയാണ് നമ്മൾ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത്. കല്യാണമാണ് ഇവർക്ക് ചാകര ആകുന്ന മറ്റൊരു ഇടം. ഇവർ നിശ്ചയിച്ച പ്രായപരിധിയിൽ കുല സാമ്പത്തിക സാമൂഹ്യ മാനങ്ങൾ മുഴുവൻ ഒത്തിണങ്ങുന്ന കല്യാണം നടന്നില്ലെങ്കിൽ ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ടാണ്. അതി സാധാരണമായ ജീവിതത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം അവിടെ തുടങ്ങും. ജാതി മാറി കല്യാണം കഴിക്കുമ്പോൾ ഉള്ള കലാപങ്ങളും വെട്ടിക്കൊല്ലലും ഒക്കെ അവിടെ നിൽക്കട്ടെ. പെണ്ണിന് ഒരിഞ്ചു നീളം കൂടുതലാണോ ചെറുക്കന്റെ പെങ്ങൾ പ്രേമിച്ചു കെട്ടിയതാണോ അമ്മായിയുടെ മകൾ ഒളിച്ചോടിയോ തുടങ്ങി ആശങ്കൾക്ക് എണ്ണവും അറുതിയും ഇല്ല. അല്ല മോളെ കെട്ടാതെ മുരടിക്കാൻ ആണോ പ്ലാൻ എന്ന് കേൾക്കാത്ത ദിവസങ്ങൾ ജീവിതത്തിൽ കുറവാണ്.

അനുഭവം അത്ര ലളിതമല്ല

അനുഭവം അത്ര ലളിതമല്ല

ഇത്തിരി കറുപ്പ് നിറമുള്ള ഒരു കൂട്ടുകാരി തൂവെള്ള നിറമുള്ള കാമുകന്റെ വീട്ടുകാരുടെ പരിഹാസങ്ങൾ പറഞ്ഞു കരഞ്ഞ മാസങ്ങൾ ഓർമയുണ്ട്. കല്യാണം കഴിക്കുന്ന പയ്യനെക്കാൾ മാസങ്ങൾ പ്രായക്കൂടുതൽ ഉള്ള പെൺകുട്ടിയെ അതിഭീകരി എന്ന് വിളിച്ചു കളിയാക്കുന്ന അവന്റെ കൂടെയുള്ളവർ നാട് വിട്ടു പറഞ്ഞയച്ചതു മറ്റൊരു ഓർമ. ഇത്രയും നിറം കുറഞ്ഞ പെണ്ണിന്, ഇത്രയും മെലിഞ്ഞ പയ്യന്, പഠിപ്പു കൂടിയവൾക്ക്, ജോലി സ്വന്തം ഇഷ്ടത്തിന് തിരഞ്ഞെടുക്കുന്നവന് എവിടെ നിന്ന് കല്യാണാലോചനകൾ വരും എന്ന് കൂടിയാലോചനകൾ കേൾക്കാത്ത നാടുന്നുണ്ടോ ഇവിടെ. പ്രണയിക്കുന്നവർക്ക് പുറകെ നടന്നു മാർക്ക് ഇടുന്നവർ, ബന്ധം ഉപേക്ഷിച്ചു പോകേണ്ടിടത് അതിനു ധൈര്യം കാണിക്കുന്നവർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് അടിച്ചു നൽകൽ, ഗൾഫിൽ പോയവന്റെ ഭാര്യയുടെ പുറകെ കാമറ ഫിറ്റ് ചെയ്യൽ തുടങ്ങീ സേവനങ്ങളുടെ അനന്ത വിഹായസിനു കീഴെ അല്ലെ നമ്മൾ ഓരോരുത്തരും, കല്യാണം, കല്യാണം കഴിക്കാതെ ഉള്ള ഒന്നിച്ചു ജീവിക്കൽ, കല്യാണമേ കഴിക്കാതിരിക്കൽ, ബന്ധം വേർപ്പെടൽ തുടങ്ങീ എല്ലാത്തിനും അഭിപ്രായം പറയാൻ ഇവർ കാണും. കേൾക്കുന്നത്ര ലളിതമല്ല ഇതൊന്നും അനുഭവിക്കാൻ

ചേച്ചി ബുജിയാണോ ഫെമിനിച്ചിയാണോ

ചേച്ചി ബുജിയാണോ ഫെമിനിച്ചിയാണോ

എങ്ങനെ ബുദ്ധിജീവി ആവാം എന്നൊരു വീഡിയോ ഉണ്ടായിരുന്നു. ഒറ്റ കേൾവിയിലെ സർക്കാസത്തിനപ്പുറം നോക്കിയാൽ അതും ഒരു കടന്നു കയറ്റമാണ്. നമ്മുടെ ഉടുപ്പും നടപ്പും വരെ ബോധ്യങ്ങൾക്ക് അനുസരിച്ചാവണം എന്ന ശാഠ്യമാണ്. മൂക്കുത്തി ഇട്ടത് എന്തിനാ, വലിയ പൊട്ടു തൊടുന്നത് എന്താ തുടങ്ങീ കണ്ണാടികൾ ഉള്ള ഷാൾ ഇടുന്നതു വരെ ചോദ്യങ്ങൾക്കുത്തരം പറയാൻ ഉള്ള ബാധ്യത ആണ്. ഫേസ്ബുക്കിൽ ഫോട്ടോ മാറ്റുന്നത്, ഇടുന്നത്, ഇടുന്നതു തമ്മിലുള്ള ഗ്യാപ് എല്ലാം മറുപടികൾ തയ്യാറാക്കി വേണം. എന്താണ് പതിനൊന്നു മണിക്ക് ഫേസ്‌ബുക്കിൽ എന്ന സംശയം , ഫേസ്‌ബുക്കിൽ ഇരുന്ന മതിയോ പ്രസവിക്കണ്ടെ എന്ന ആശങ്ക ഒക്കെ ഇവിടെ സാധാരണമാണ്. ചേച്ചി ബുജിയാണോ ചേച്ചി ഫെമിനിച്ചിയാണോ കിട്ടോ കാണിക്കോ തുടങ്ങീ പരിധികൾ വിട്ട ഒരു അന്വേഷണത്തിനും ഇവിടെ നിഷ്കളങ്കതയിൽ കൂടിയ ഒരു അപകടവും കല്പിക്കുന്നില്ല.

എനിക്കടക്കം ഇവിടെ ആർക്കും വളർച്ച ഇല്ല

എനിക്കടക്കം ഇവിടെ ആർക്കും വളർച്ച ഇല്ല

നിനക്ക് നല്ല ഫെമിനിസത്തിന്റെ അസുഖമുണ്ട് കല്യാണം കഴിച്ചാൽ മാറിക്കോളും എന്ന് പറഞ്ഞ പെൺകുട്ടിയോട് നല്ല ഷോവനിസത്തിന്റെ അസുഖമുണ്ട് നിനക്ക്, അവളവളെ സ്നേഹിച്ചു തുടങ്ങിയാൽ മാറിക്കോളും എന്ന് പറഞ്ഞ എന്നെ അവളും ഒരു കൂട്ടം പെൺകുട്ടികളും പൊതു ശത്രു ആയി പ്രഖ്യാപിച്ചു. ഒരു ആൾകൂട്ടം കയ്യടിക്കുന്നിടത്തു മാത്രം നിന്ന് ശീലിച്ച ഒരു സമൂഹം അതിനെ മറികടക്കുന്നവരെ അസഹിഷ്ണുതയുടെയും കുശുമ്പോടെയും കാണുന്നത് എങ്ങനെ എന്നറിയാൻ മാത്രം കേറി നോക്കുന്ന കുറെ ഫെസ്ബുക് പ്രൊഫൈലുകൾ ഉണ്ട്. ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ എന്നൊക്കെ പറയാനും പഠിപ്പിക്കാനും കൊള്ളാം. അതിലുപരി കുട്ടികളാകുമ്പോൾ മുതൽ സ്വന്തം അധ്യാപകർ തുടങ്ങി നടത്തുന്ന ഇത്തരം പാഠ്യപദ്ധതികൾ നശിപ്പിക്കുന്നത് ആത്മബോധമുള്ള തലമുറകളെ തന്നെയാണ്. പറഞ്ഞിട്ട് കാര്യമൊന്നുമില്ല, ഹാ ബുജിച്ചേച്ചി വന്നല്ലോ അടുത്ത 'മറ്റേതുമായിട്ട്' എന്ന മറുപടിക്കപ്പുറം എനിക്കടക്കം ഇവിടെ ആർക്കും വളർച്ച ഇല്ല.

കൊന്നതും തല്ലിച്ചതച്ചതുമായ നൂറായിരം '' ജാതി കഥകൾ''.. അപർണ പ്രശാന്തി എഴുതുന്നു

ബത്തക്ക ചർച്ചകൾക്കിടെ അപമാനഭാരങ്ങളുടെ കാൽപനികമല്ലാത്ത ഓർത്തെടുക്കലുകൾ- അപർണ പ്രശാന്തി

English summary
Aparna Prasanthi's column about social auditing in private life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more