ഒരിക്കലും പരസ്പരം തോന്നാത്ത പ്രണയത്തിന്റെ രണ്ടിരകളെ കുറിച്ചുള്ള ഓർമകൾ.. അപർണ പ്രശാന്തി എഴുതുന്നു

  • Written By:
Subscribe to Oneindia Malayalam

അപർണ പ്രശാന്തി

ജേര്‍ണലിസ്റ്റ്
അപർണ പ്രശാന്തി, ജേര്‍ണലിസ്റ്റ് , സ്വതന്ത്ര മാധ്യമപ്രവർത്തകയായ അപർണ പ്രശാന്തി അറിയപ്പെടുന്ന കോളം എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയും അവതാരകയുമാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടൻ പുരസ്കാരത്തിന് അപർണയുടെ ആദ്യ പുസ്കമായ ചലച്ചിത്രത്താഴ് അർഹമായി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടി.

അപർണ പ്രശാന്തി എഴുതുന്നു..

സെമിത്തേരിയുടെ തൊട്ടടുത്തായിരുന്നു ഞങ്ങളുടെ സ്ക്കൂൾ. അതോ സ്‌കൂളിന് തൊട്ടടുത്താണ് സെമിത്തേരി എന്ന് പറയാണോ എന്നറിഞ്ഞു കൂടാ. പക്ഷെ റോസാപ്പൂക്കൾക്ക് മരണത്തിന്റെ മണമാണ് എന്ന് പഠിപ്പിച്ചത് സ്ക്കൂളിനപ്പുറം ഉള്ള സെമിത്തേരി ആണ്. വെള്ളയും ഇളം റോസും നിറമുള്ള റോസാപ്പൂക്കളുടെ മണമുള്ള സെമിത്തേരി. നിറയെ കടലാസ് പൂക്കളുടെ നിറങ്ങൾ ഉള്ള സെമിത്തേരി. പള്ളിയിലെ മരണ മണിയും മരണ സമയത്തെ പാട്ടുകളും സ്‌കൂളിന്റെ സജീവതകളെ മുഴുവൻ നിശ്ചലമാക്കി ഇടയ്ക്കു കടന്നു വരും. ആ നിശ്ചലത കൂടി നിറച്ച ഓർമകളാണ് ആറു വർഷത്തെ സ്ക്കൂൾ ജീവിതം. പല തരം മരണങ്ങളുടെ കേൾവിക്കാരിയും ചിലപ്പോൾ ദൃക്‌സാക്ഷിയും ആവുക എന്ന അനിവാര്യത കൂടി ആയിരുന്നു ആ കാലം. കടുത്ത ഭീതിയും നിർവികാരതയും കലർന്ന ഏതോ വികാരങ്ങളിൽ കൂടി മരണം പോലെ തീർന്നു ആ കാലം.

കൂട്ടിയിടിയിലെ തുടക്കം

കൂട്ടിയിടിയിലെ തുടക്കം

അങ്ങനെ സ്ക്കൂൾ അസംബ്ലിക്ക് ശേഷം ഒരു പെൺകുട്ടിയെ അടക്കിനു കൊണ്ട് വന്ന കഥ കേട്ട് കോണിപ്പടികൾ കയറുകയായിരുന്നു ഞാൻ. 12ാം വയസ്സിലെ കൗതുകവും ഭീതിയും നിറച്ച കേൾവികളിൽ ഒന്നായി അതിനെ പെറുക്കി കൊണ്ടായിരുന്നു ഓരോ പടിയും കയറിയത്. മരിച്ച വീടുകളിൽ നിന്ന് കേൾക്കാറുള്ള പാട്ടുകളുടെ ഈണമായിരുന്നു ഓരോ കാലടിക്കും എന്നൊക്കെ അകാല്പനികമായി തന്നെ തോന്നി.

ആ തോന്നലിനിടക്ക് എപ്പോഴോ ആയിരുന്നു എന്റെ ദേഹത്താരോ ശക്തിയായി ഇടിച്ചു കടന്നു പോയത്. ഞെട്ടി നോക്കുമ്പോൾ അപ്പുറത്തെ ക്ലാസ്സിൽ പഠിക്കുന്ന സ്‌കൂളിലെ അറിയപ്പെടുന്ന സുന്ദരനായിരുന്നു. എന്റെ പേരുമായി ചേർത്തു അവന്റെ പേര് പറയാൻ, ഒരു കഥയുണ്ടാവാൻ 12 വയസ്സിലെ നിഷ്കളങ്കതയ്ക്ക് ആ കൂട്ടിയിടിക്കൽ ധാരാളമായിരുന്നു. ആരൊക്കെയോ കൈ കൊട്ടി ചിരിക്കുന്നതും ഞങ്ങളുടെ രണ്ട് പേരുടെയും പേരുകൾ ഉറക്കെ വിളിച്ചു പറയുന്നതും പശ്ചാത്തലത്തിൽ കേട്ട് ഞങ്ങൾ ഇരു വഴികളിലേക്ക് നടന്നു.

തോന്നാത്ത പ്രണയം

തോന്നാത്ത പ്രണയം

ആദ്യ പ്രണയത്തിന്റെ ഗൃഹാതുരതയും നഷ്ട ബോധവും കലർന്ന ഓർമ പെറുക്കൽ ഒന്നുമല്ല. ഇത് വരെ തോന്നിയ പ്രണയങ്ങളെ ഗൃഹാതുരത കലർത്തി എഴുതി ചെറുതാക്കാൻ ഉദ്ദേശമേ ഇല്ല. ഒരിക്കലും പരസ്പരം തോന്നാത്ത പ്രണയത്തിന്റെ രണ്ടിരകളെ കുറിച്ചുള്ള ഓർമകളാണ്. ഞങ്ങൾ ഒരേ സമയത്ത് യാദൃശ്ചികമായി കോണി കയറിപോകുമ്പോൾ, അറിയാതെ സ്ക്കൂൾ വിട്ടു ഒന്നിച്ചോടുമ്പോൾ ഒക്കെ അമർത്തി പിടിച്ച മൂളലുകളും പൊട്ടിച്ചിരികളും കേൾക്കാം. എവിടെയൊക്കെയോ കേട്ട ക്ലാസ്സെടുക്കലുകളിൽ നിന്ന് പ്രണയത്തെ ഭയന്ന, ഇത്തരം അപവാദങ്ങളോളം വലിയ പാപങ്ങൾ ഇല്ലെന്നു അടിയുറച്ചു വിശ്വസിച്ചു പോയ മറ്റൊരു പെൺകുട്ടിയായിരുന്നു ഞാൻ.

ആ തിരിഞ്ഞോട്ടങ്ങൾ

ആ തിരിഞ്ഞോട്ടങ്ങൾ

ഏതെങ്കിലും ടീച്ചർമാരോ സ്‌കൂളിലെ വല്യേട്ടന്മാരോ ഈ മുറുമുറുക്കൽ കേൾക്കുന്നുണ്ടോ എന്ന ഭയം കൊണ്ട് ചുറ്റും നോക്കി ഞാൻ നടത്തത്തിനു വേഗം കൂട്ടുമായിരുന്നു. കയ്യടി സംഘത്തിലെ പറയാവുന്നവരോടൊക്കെ മാറ്റി നിർത്തി അപേക്ഷിച്ചു, എന്റെ ഭാവി കളയരുതെന്ന്. കണ്ട സിനിമകളിലെ പറഞ്ഞു കേട്ട കഥകളിലെ ''ഭാവി'' ഇല്ലാതായി പോകുന്ന പെൺകുട്ടിയായി ഞാൻ ഒരു പാലത്തിനു മുകളിൽ നിന്ന് ആഴമുള്ള ഒഴുക്കിലേക്കു ചാടുന്നത് ദു:സ്വപ്നം കണ്ടു പല രാത്രികളിൽ ഞാൻ ഞെട്ടി എണീച്ചിട്ടുണ്ട്. എനിക്ക് ഒരിക്കലും തോന്നാത്ത പ്രണയത്തിന്റെ ഭാരം പേറുന്ന കടുത്ത രോഗിയെ പോലായിരുന്നു ആ മാസങ്ങളിലെ നടപ്പ്. ജീവിതത്തിൽ ഈ കളിയാക്കലുകളെക്കാൾ വലിയ ദുരന്തങ്ങളൊന്നും സംഭവിക്കാനില്ല എന്ന് അടിയുറച്ചു വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ അവനെ കാണുമ്പോൾ മറുവഴി തിരിഞ്ഞോടിക്കൊണ്ടേ ഇരിക്കുക എന്നത് പ്രാഥമിക ദൗത്യമായി ഞാൻ ഏറ്റെടുത്തു.

വെറുപ്പിന്റെ നോട്ടം

വെറുപ്പിന്റെ നോട്ടം

പക്ഷെ ഞാൻ ഇതിനേക്കാൾ ഏറെ ഭയന്നിരുന്നത് അവന്റെ നോട്ടങ്ങൾ ആയിരുന്നു. ലോകത്തിലെ വെറുപ്പ് മുഴുവൻ കണ്ണിൽ പേറി അവൻ എന്നെ ഒരു അത്ഭുത ജീവിയെ പോലെ നോക്കി, അത്രയും രൂക്ഷമായ വെറുപ്പ് നിറഞ്ഞ നോട്ടങ്ങൾ ഞാൻ അതിനു മുന്നെയോ ശേഷമോ നേരിട്ടിട്ടില്ല. ആ വെറുപ്പിനെ കൂട്ടാനായി ഞങ്ങൾ അടുത്ത വർഷം ഒരേ ഡിവിഷനിൽ ആയി. ഇനി എന്താവും എന്ന് ഭയന്ന എന്റെ കണ്ണിൽ പെടാതിരിക്കാൻ അവൻ ഓരോ ഇടവേളകളിലും ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്കോടി. അതി വിചിത്രമായ ഒരു ഭയം ഞാൻ നോക്കുമ്പോളൊക്കെ അവന്റെ മുഖത്തു കണ്ടു. ഏതോ കുറെ കുട്ടികൾ എന്റെ ഉരുണ്ട കയ്യക്ഷരം അതെ പടി അനുകരിച്ചു അവനുള്ള പ്രണയ കുറിപ്പ് ഞാൻ ഇല്ലാത്ത, അധികം കുട്ടികളൊന്നും ഇല്ലാത്ത ഒരു വെള്ളിയാഴ്ച ഉച്ച നേരത്ത് ക്ലാസ്സിലെ നിലത്തിട്ടു.

എഴുതാത്ത പ്രണയ ലേഖനം

എഴുതാത്ത പ്രണയ ലേഖനം

ബെല്ലടിച്ചു നേരം വൈകി ഓടി കയറി വന്ന എന്നെ നോക്കി കൂട്ടുകാരികൾ സഹതപിച്ചു, കുറെ പേർ പരിഹസിച്ചു പൊട്ടിച്ചിരിച്ചു. സ്ക്കൂൾ യൂണിഫോം കീറിയതാണോ മുഖത്ത് കണ്മഷി പരന്നതാണോ ചോക്ക് പൊടി പാവാടയിൽ പടർന്നതാണോ ചെരുപ്പ് മാറിയിട്ടൊ എന്നൊക്കെ ഞാൻ അപ്പുറത്തിരുന്നവളോട് ചോദിച്ചു. പക്ഷെ ആരും ഒന്നും പറഞ്ഞില്ല. ക്ലാസ് വിട്ടപ്പോൾ ഞാൻ എഴുതിയ പ്രണയലേഖനത്തെ കുറിച്ചറിഞ്ഞു ഞാൻ ഞെട്ടി തരിച്ചു. ക്ലാസ്സിൽ തോറ്റു തോറ്റിരിക്കുന്ന '' മൂത്താപ്പ'' എന്ന് വിളിപ്പേരുള്ളവൻ വലിയ ഒരു ഔദാര്യമായി എന്റെയടുത്ത് വന്നു. ഞങ്ങൾ ആ കാത്തു സൂക്ഷിച്ചിട്ടുണ്ട്. ആരോടും പറയുന്നില്ല. ഇനി മേലാൽ ആവർത്തിക്കരുത്. ഒരു പെൺകുട്ടിയാണെന്നു ഓർക്കണം എന്നൊക്കെ.. സത്യസന്ധത തെളിയിക്കാൻ ഉള്ള ശ്രമത്തിനു പോലും സാധ്യതയില്ലാതെ ആ ദിവസം കടന്നു പോയി.

ആദ്യമായി കുലീനതകൾ അഴിഞ്ഞു വീണു

ആദ്യമായി കുലീനതകൾ അഴിഞ്ഞു വീണു

കടുത്ത നിരാശയിലും അമർഷത്തിലും എന്റെ ആത്മാഭിമാനം നിന്ന് കത്തി. ജീവിതത്തിൽ മോണ്ടെ ക്രിസ്റ്റോ പ്രഭു വന്നു കല്യാണം കഴിക്കണം എന്ന മോഹമല്ലാതെ ക്ലാസ്സിൽ പഠിക്കുന്ന ഇവന് പ്രണയ ലേഖനം കൊടുക്കാനുള്ള ധൈര്യത്തിലേക്കൊന്നും ചിന്ത പോലും വളർന്നിട്ടില്ലാത്ത ഞാൻ, ഒരാൺകുട്ടി നോക്കുന്നത് എന്നെ ലോകത്തിലെ ഏറ്റവും മോശം പെൺകുട്ടിയാക്കും എന്ന് വിശ്വസിക്കുന്ന ഞാൻ.. എന്റെ സത്യസന്ധത തെളിയിക്കുക എന്നതിൽ കുറഞ്ഞ മറ്റൊരു വഴിയും മുന്നിലുണ്ടായിരുന്നില്ല. പോരാഞ്ഞ് ആദ്യമായി കുലീനതകൾ അഴിഞ്ഞു വീണു പ്രേമലേഖനം കൊടുക്കാൻ മാത്രം ധൈര്യം ഉള്ള മോശക്കാരിയിലേക്കുള്ള എന്റെ ആദ്യത്തെ പ്രൊമോഷൻ ആയി മുറുമുറുപ്പുകൾ ഉയർന്നു കേട്ടു. 'നല്ല കുട്ടികൾ' മിണ്ടാതായി.അവനു മാത്രമേ ഉള്ളൂ ഞങ്ങൾക്കില്ലേ എന്ന് 'ചീത്ത' കുട്ടികൾ പിന്നിൽ നിന്ന് പറയാൻ തുടങ്ങി

അമ്മയെക്കുറിച്ച്..

അമ്മയെക്കുറിച്ച്..

അങ്കണവാടി മുതൽ കൂടെ പഠിച്ചിരുന്ന എന്റെ ഒരു വിശ്വസ്ത സുഹൃത്തിന്റെ സഹായം തേടി. അവൻ വിശ്വസ്ഥനാണ് എന്നതിലുപരി എന്റെ പ്രണയ ലേഖനം കിട്ടി അപമാനിതനായവന്റെ സുഹൃത്തുമായിരുന്നു. ഈ അപമാനിതനോട് സത്യം പറയുക എന്നതായിരുന്നു പ്രാഥമിക ഉദ്ദേശം. അവൻ പെട്ടന്ന് ആ ദൗത്യം ഏറ്റെടുത്തു. പക്ഷെ കടുത്ത നിരാശയോടെ തിരിച്ചു വന്നു. നിന്നോട് മിണ്ടാൻ പോലും അവനു ഇഷ്ടമല്ല എന്ന മറുപടിയും കൊണ്ടാണ് വന്നത്. കാരണങ്ങൾ വിചിത്രമായിരുന്നു. എന്റമ്മ പുസ്തകം എഴുതുന്നവളാണ്, കുപ്പിവളകൾ ഇടുന്നവളാണ്, ചുരിദാർ ഇടുന്നവളാണ്, പ്രസംഗിക്കുന്നവളാണ്, മാത്രമല്ല എന്റെ അച്ഛനല്ലാത്ത മറ്റൊരാളുടെ സ്കൂട്ടറിന് പുറകിൽ ഇരിക്കുന്നതും അവൻ പെരിന്തൽമണ്ണക്കടുത്തു വച്ച് കണ്ടു. ആ അമ്മയുടെ മകൾ എങ്ങനുണ്ടാവും എന്നവന് അറിയാം.

അവൻ നോക്കിക്കൊണ്ടേയിരുന്നു

അവൻ നോക്കിക്കൊണ്ടേയിരുന്നു

മാത്രമല്ല ഞാനും എഴുത്ത് മത്സരങ്ങൾക്ക് കൂടുന്നതും ഇംഗ്ലീഷ് ക്ലബിൽ പ്രസംഗിക്കാൻ കൂടുന്നതും അവൻ കണ്ടിട്ടുണ്ട്. ആ എന്നോട് സംസാരിക്കുകയെ ഇല്ല എന്നവൻ കട്ടായം പറഞ്ഞു. സമവായ സാധ്യതകൾ പരാജയപ്പെട്ടതിന്റെ അല്ല, ആ സ്‌കൂളിൽ അതി നിശബ്ദമായി സദാചാര നിരതമായി ജീവിച്ച എന്നെ പറ്റിയുള്ള അടക്കം പറച്ചിലുകൾ എന്തൊക്കെയാണെന്നതിന്റെ ഒരു ഏകദേശ ചിത്രം കിട്ടിയതിന്റെ ആഘാതത്തിലായിരുന്നു ഞാൻ. 'വെറുമൊരു മോഷ്ടാവായ എന്നെ കള്ളി എന്ന് നിങ്ങൾ വിളിച്ചോളൂ എന്ന് പറഞ്ഞു ഞാൻ വിശദീകരണ ശ്രമങ്ങൾ നിർത്തി വെച്ചു.

സ്ക്കൂൾ കാലം തീരും വരെയും അവൻ എന്നെ വെറുപ്പോടെ നോക്കുന്നതും പ്രണയ ലേഖനം കൊടുത്തവളെ പിന്തലമുറകളെ കാണിച്ചു ചിരിക്കുന്നവരെയും കണ്ടു ഞാൻ ഒറ്റക്ക് നടന്നു. പ്ലസ് ടു വിനു ആദ്യം ദൂരെയുള്ള സ്‌കൂളിലും യാത്ര ബുദ്ധിമുട്ടായപ്പോൾ അടുത്ത സ്‌കൂളിലും ചേർന്നു. അവിടെയും അവൻ ഉണ്ടെന്ന സത്യം ഞാൻ ഞെട്ടലോടെ ആണ് മനസിലാക്കിയത്. പക്ഷെ അവന്റെ വെറുപ്പുകളെ അതിജീവിക്കാനുള്ള ഈ കഥ കൂട്ടുകാരോട് തുറന്നു പറയാനുള്ള ആത്മവിശ്വാസം ആർജിച്ചത് കൊണ്ട് എനിക്കാ സാന്നിധ്യം അറിയാനായില്ല, പക്ഷെ അവൻ നോക്കി കൊണ്ടേ ഇരുന്നു, വെറുപ്പോടെ..

കാണാൻ തീവ്രമായി ആഗ്രഹിക്കുന്നു

കാണാൻ തീവ്രമായി ആഗ്രഹിക്കുന്നു

ഇനിയൊരിക്കലും ഒരു മടക്ക യാത്രയിലാത്ത വണ്ണം അന്നത്തെ ഭയങ്ങളെ ഞാനാ സെമിത്തേരിക്ക് മുന്നിൽ ഉപേക്ഷിച്ചിട്ടുണ്ട്. ഇത്തരം ഞാൻ ഓർമ്മകൾ കൂടിയാണ് ഒരാളെ , ഒരുവളെ ചിന്തിക്കുന്ന ധൈര്യമുള്ള മനുഷ്യ ജീവിയാക്കുന്നത് എന്ന ബോധ്യം കൊണ്ട് പക്ഷെ ഞാൻ ഇപ്പോളും അവനെ നോക്കും. കൂടെ ജീവിച്ച അമ്മയുടെ ആത്മവിശ്വാസം പോലും കടുത്ത ഭയമുണ്ടാക്കിയവനെ. വെറുപ്പുകളൊക്കെ ഭയങ്ങളുടെ സൃഷ്ടികളാണ് എന്നെന്നെ പഠിപ്പിച്ചവനെ.

അവൻ ഇത് വായിക്കും എന്ന മൗഢ്യം ഒന്നും എനിക്കില്ല. എന്റെ പേര്, മുഖം ഒക്കെ കണ്ടാൽ എതിർദിശയിലൂടെ അവൻ ഓടുമെന്നും അറിയാം. അവൻ എവിടെയെന്നോ എന്ത് ചെയുന്നുവെന്നോ കണ്ടാൽ അറിയുമോ എന്ന് പോലും അറിഞ്ഞു കൂടാ. എങ്കിലും ഞാൻ അവനെ കാണാൻ അതിതീവ്രമായ ആഗ്രഹിക്കുന്നു, ആത്മ വിശ്വാസങ്ങൾക്ക് തുടക്കക്കാരൻ ആയതിനു നന്ദി പറയാൻ. ഒരിക്കലും പ്രിയപ്പെട്ടവനല്ലാത്തവനെ, ഞാൻ നിന്നെ പ്രണയിച്ചിരുന്നെ ഇല്ല , ആ ചിന്തയിൽ സംഭരിച്ച വെറുപ്പുകളെ ഒക്കെ ദൂരെ കളഞ്ഞേക്കൂ എന്ന് മുഖത്തു നോക്കി പറയാൻ മാത്രം.

English summary
Aparna Prasanthi's memmories about School days

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്