• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റൈസ് മിൽ ഗുമസ്തൻ, പിന്നെ ഉടമയുടെ മകളുമായി വിവാഹം... ആർഎസ്എസിൽ തുടങ്ങി ബിജെപിയെ പടർത്തിയ റൈത്തര ബന്ധു

ബെംഗളൂരു: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നറിയാമോ? ദളിത് കുടുംബത്തില്‍ ജനിച്ച കെആര്‍ നാരായണന് രാഷ്ട്രപതിയാവാനും ചായ വിറ്റിരുന്ന നരേന്ദ്ര മോദിയ്ക്ക് പ്രധാനമന്ത്രിയാകാനും ഒക്കെ സാധിക്കുന്ന ഒരു തികഞ്ഞ ജനാധിപത്യ സംവിധാനമാണ് ഇന്ത്യയുടേത്. വംശമഹിമയൊക്കെ പലപ്പോഴും നിര്‍ണായക ഘടകം ആകാറുണ്ടെങ്കിലും സാധ്യതകള്‍ എപ്പോഴും തുറന്നിട്ടിരിക്കുന്ന ഒരു സംവിധാനം.

ശാപമോക്ഷം കാത്ത് യെദ്യൂരപ്പ!!! മൊത്തം 19 മുഖ്യമന്ത്രിമാര്‍... കാലാവധി തികച്ചത് വെറും മൂന്ന് പേര്‍

മാണ്ഡ്യയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് കര്‍ണാടക സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് നാലാമതും നടന്നുകയറിയ ബിഎസ് യെഡിയൂരപ്പയും ഈ സംവിധാനത്തിന്റെ ഉത്പന്നമാണ്. ഇത്തവണ എങ്ങനെ ഭരണത്തിലേക്ക് എത്തി എന്നതല്ല, എവിടെ നിന്നായിരുന്നു യെദ്യൂരപ്പ തുടങ്ങിയത് എന്നാണ് ആദ്യം ആലോചിക്കേണ്ടത്.

സാമൂഹ്യ ക്ഷേമ വകുപ്പില്‍ ഒരു ഗുമസ്തനായി ഒതുങ്ങേണ്ടിയിരുന്ന സിദ്ധലിംഗപ്പയുടേയും പുട്ടത്തായമ്മയുടേയും മകന്‍ വിധാന സൗധയിലെ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള യാത്ര തുടങ്ങിയത് ഏറ്റവും അടിത്തട്ടില്‍ നിന്ന് തന്നെ ആയിരുന്നു. വിവാദങ്ങള്‍ കൂടെയുണ്ടായിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേക ബജറ്റ് അവതരിപ്പിച്ച യെഡിയൂരപ്പയ്ക്ക് റൈത്തര ബന്ധു എന്നൊരു പേര് കൂടിയുണ്ട്. കര്‍ഷക ബന്ധു എന്നര്‍ത്ഥം.

ചരിത്ര നായകന്‍

ചരിത്ര നായകന്‍

ബിജെപിയുടെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതപ്പെടുന്ന പേരുകളില്‍ ഒന്നായിരിക്കും യെഡിയൂരപ്പയുടേത്. ഉത്തരേന്ത്യയില്‍ കാലുറപ്പിച്ചപ്പോഴും അയിത്തം പാലിച്ചിരുന്ന ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് ആദ്യമായി ഭരണം സമ്മാനിച്ചത് യെഡിയൂരപ്പയായിരുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ വ്യാപനത്തിന് വഴിയൊരുക്കിയ വ്യക്തി എന്ന് പോലും വിശേഷിപ്പിക്കാം യെഡ്ഡിയെ. അതുപോലെ തന്നെ ബിജെപിയ്ക്ക് അദ്ദേഹം ചില പേരുദോഷങ്ങളും ഉണ്ടാക്കി.

ബൂകനാകരെ സിദ്ധലിംഗപ്പ യെഡിയൂരപ്പ

ബൂകനാകരെ സിദ്ധലിംഗപ്പ യെഡിയൂരപ്പ

മാണ്ഡ്യ ജില്ലയിലെ കെആര്‍ പേട്ട് താലൂക്കില്‍ സിദ്ധലിംഗപ്പയുടേയും പുട്ടത്തായമ്മയുടേയും മകനായി 1943 ഫെബ്രുവകി 27 ന് ആയിരുന്നു യെഡിയൂരപ്പയുടെ ജനനം. നാലാം വയസ്സില്‍ അമ്മ മരിച്ചു. പിന്നീട് മാണ്ഡ്യയിലെ പിഇഎസ് കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റി പൂര്‍ത്തിയാക്കി.

ഗുമസ്തനായി തുടക്കം

ഗുമസ്തനായി തുടക്കം

സാമൂഹ്യ ക്ഷേമ വകുപ്പില്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലര്‍ക്ക് ആയിട്ടായിരുന്നു യെഡ്ഡിക്ക് കിട്ടിയ ആദ്യ നിമയനം. എന്നാല്‍ അധികം കാലം അവിടെ നിന്നില്ല. ജോലി രാജിവച്ച് ശിക്കാരിപുരയിലുള്ള വീരഭദ്ര ശാസ്ത്രിയുടെ ശങ്കര റൈസ് മില്ലില്‍ ഗുമസ്തനായി ചേര്‍ന്നു. അന്ന് മുതലേ ശിക്കാരിപുരയുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോരുകയാണ് യെഡ്ഡി.

മുതലാളിയുടെ മകള്‍

മുതലാളിയുടെ മകള്‍

1967 ല്‍ ജോലി ചെയ്തിരുന്ന റൈസ് മില്ലിന്റെ ഉടമയുടെ മകള്‍ മൈത്രാദേവിയെ യെഡിയൂരപ്പ വിവാഹം കഴിച്ചു. അതിന് ശേഷം ഷിമോഗയില്‍ ഒരു ഹാര്‍ഡ് വെയര്‍ ഷോപ്പ് തുടങ്ങുകയും ചെയ്തു. യെഡ്ഡി-മൈത്രാദേവി ദമ്പതിമാര്‍ക്ക് അഞ്ച് മക്കളാണ്. രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും. 2004 ല്‍ മൈത്രാദേവി മരിച്ചു.

ആര്‍എസ്എസ്സുകാരനായി തുടങ്ങി

ആര്‍എസ്എസ്സുകാരനായി തുടങ്ങി

യെഡിയൂരപ്പയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് ആര്‍എസ്എസ്സിലൂടെ ആയിരുന്നു. പഠനകാലം മുതലേ ആര്‍എസ്എസ്സുമായി ബന്ധം പുലര്‍ത്തിയിരുന്നു. വിവാഹശേഷം ആണ് അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ പദവികള്‍ കിട്ടിത്തുടങ്ങിയത്. 1970 ല്‍ ഷിക്കാരിപുരിലെ ആര്‍എസ്എസ് കാര്യവാഹക് ആയിട്ടായിരുന്നു തുടക്കം.

ജനസംഘം വഴി ബിജെപിയിലേക്ക്

ജനസംഘം വഴി ബിജെപിയിലേക്ക്

1972 ല്‍ യെഡ്ഡി ശിക്കാരിപുര്‍ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ ജനസംഘത്തിന്റെ താലൂക്ക് പ്രസിഡന്റും ആയി. അധികം കഴിയും മുമ്പേ ശിക്കാരിപുര്‍ നഗരസഭ അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു.

ഇനിതിനിടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം വരുന്നത്. ഇക്കാലത്ത് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട് യെഡ്ഡി. ബെല്ലാരിയിലേയും ഷിമോഗയിലേയും ജയിലുകളില്‍ ആയിരുന്നു അടയ്ക്കപ്പെട്ടത്.

പടിപടിയായ ഉയര്‍ച്ച

പടിപടിയായ ഉയര്‍ച്ച

പെട്ടെന്നൊരുനാള്‍ ഉയര്‍ന്നുവന്ന് നേതാവായ ആളല്ല യെഡിയൂരപ്പ. ബിജെപി രൂപീകരിച്ചപ്പോള്‍ ആദ്യം ശിക്കാരിപുര താലൂക്ക് പ്രസിഡന്റ് ആയി. 1985 ല്‍ അദ്ദേഹം ഷിമോഗ ജില്ലാ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം യെഡിയൂരപ്പയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. 1988 ല്‍ അദ്ദേഹം ബിജെപിയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷനായി.

ഒറ്റത്തവണ തോല്‍വി

ഒറ്റത്തവണ തോല്‍വി

1983 ല്‍ ആയിരുന്നു യെഡിയൂരപ്പ ആദ്യമായി കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ശിക്കാരിപുര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു അത്. അന്നുതൊട്ടിന്നുവരെ എട്ട് തവണയാണ് ഈ മണ്ഡലത്തില്‍ നിന്ന് യെഡിയൂരപ്പ വിജയിച്ചത്. പരാജയം ഏറ്റുവാങ്ങിയത് ഒരേയൊരുതവണ മാത്രം. 1999 ല്‍ കോണ്‍ഗ്രസിന്റെ മഹാലിംഗപ്പയ്ക്ക് മുന്നില്‍ യെഡ്ഡി മുട്ടുമടക്കി. എങ്കിലും വിധാനസൗധയുടെ അപ്പര്‍ ഹൗസിലേക്ക് ആ വര്‍ഷം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

കാത്തിരുന്നു, നഷ്ടപ്പെട്ടു

കാത്തിരുന്നു, നഷ്ടപ്പെട്ടു

2004 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യെഡിയൂരപ്പ വീണ്ടും ശിക്കാരിപുരില്‍ നിന്ന് വിജയിച്ചു. അത്തവണ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അദ്ദേഹം. അതിന് ശേഷം ആണ് കര്‍ണാടകത്തിലെ രാഷ്ട്രീയ കാലാവസ്ഥയെ മാറ്റിമറിക്കാന്‍ യെഡിയൂരപ്പ തുടക്കമിട്ടത്. പക്ഷേ, പ്രതീക്ഷിച്ച ഫലം അന്ന് യെഡ്ഡിയ്ക്ക് കിട്ടിയില്ല.

അന്ന് തുടങ്ങിയ കളി

അന്ന് തുടങ്ങിയ കളി

ധരംസിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ജനത ദള്‍ സഖ്യ സര്‍ക്കാര്‍ ആയിരുന്നു അന്ന് കര്‍ണാടകം ഭരിച്ചിരുന്നത്. കുമാരസ്വാമിയെ കൂട്ടുപിടിച്ച് അന്ന് ധരംസിങ് സര്‍ക്കാരിനെ താഴെയിറക്കിയതിന് ചുക്കാന്‍ പിടിച്ചത് യെഡ്ഡി ആയിരുന്നു.

20 മാസം കുമാരസ്വാമി, പിന്നെ 20 മാസം യെഡിയൂരപ്പ- മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതില്‍ ഇതായിരുന്നു ധാരണ. പക്ഷേ, കുമാരസ്വാമി പിന്നേയും പാലം വലിച്ചു.

ചരിത്രമെഴുതിയ മുഖ്യമന്ത്രി

ചരിത്രമെഴുതിയ മുഖ്യമന്ത്രി

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി മാത്രമല്ല, ഉപമുഖ്യമന്ത്രിയും യെഡിയൂരപ്പ തന്നെ ആയിരുന്നു. കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനവും ധനവകുപ്പും യെഡ്ഡിക്കായിരുന്നു. പക്ഷേ, കുമാരസ്വാമി പാലം വലിച്ചപ്പോള്‍ യെഡ്ഡി സര്‍ക്കാരിനുള്ള പിന്തുണയും പിന്‍വലിച്ചു. ഒടുവില്‍ രാഷ്ട്രപതി ഭരണം.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ സഖ്യം വീണ്ടും വന്നു. അങ്ങനെ 2017 നവംബര്‍ 12 ന് യെഡിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പക്ഷേ, വെറും ഏഴ് ദിവസം മാത്രമേ അതിന് ആയുസ്സുണ്ടായുള്ളു.

യെഡ്ഡിയുടെ തിരിച്ചടി

യെഡ്ഡിയുടെ തിരിച്ചടി

എന്നാല്‍ ഈ പരാജയത്തോടെ ഒതുങ്ങിയിരുന്നില്ല യെഡിയൂരപ്പ. 2008 ലെ തിരഞ്ഞെടുപ്പില്‍ യെഡ്ഡിയുടെ നേതൃത്വത്തില്‍ ബിജെപി ആഞ്ഞടിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ഉള്ള ഭൂരിപക്ഷം ബിജെപി സ്വന്തമാക്കി. യെദ്യൂരപ്പ രണ്ടാമതും കര്‍ണാടക മുഖ്യമന്ത്രിയായി.

2008 ലെ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പ ആയിരുന്നു ശിക്കാരിപുരില്‍ യെഡ്ഡിയുടെ എതിരാളി. കോണ്‍ഗ്രസ്സും ജെഡിഎസ്സും പിന്തുണച്ചിട്ടും 45,000 വോട്ടുകള്‍ക്ക് യെഡിയൂരപ്പ ബംഗാരപ്പയെ തോല്‍പിച്ചു.

കറുത്ത നാളുകള്‍

കറുത്ത നാളുകള്‍

മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് അധികം കഴിയും മുമ്പേ യെഡ്ഡിയുടെ ജീവിതത്തിലെ കറുത്ത നാളുകള്ഡ തുടങ്ങി. അധികൃത ഘനനം, ഇരുമ്പയിര് കയറ്റുമതി, ഭൂമി ഇടപാടുകള്‍ തുടങ്ങി അഴിമതി ആരോപണങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീട്. ഒടുക്കം പാര്‍ട്ടിപോലും യെഡ്ഡിയെ കൈവിട്ടു. അങ്ങനെ മൂന്ന് വര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ യെഡിയൂരപ്പ 2011 ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

പുതിയ പാര്‍ട്ടി, ബിജെപിയെ ഞെട്ടിക്കാന്‍

പുതിയ പാര്‍ട്ടി, ബിജെപിയെ ഞെട്ടിക്കാന്‍

സംസ്ഥാനത്ത് ബിജെപിയെ വളര്‍ത്തിയ യെഡിയൂരപ്പ ബിജെപി വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി. കര്‍ണാടക ജനത പക്ഷ എന്ന കെജെപി! യെഡ്ഡിക്കും ബിജെപിയ്ക്കും ഒരുപോലെ ദോഷം ചെയ്തതായിരുന്നു ഈ പാര്‍ട്ടി രൂപീകരണം. അധികം വൈകാതെ തന്നെ ഇരുകൂട്ടരും ഈ സത്യം മനസ്സിലാക്കി. ഒടുവില്‍ കെജിപി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യെഡിയൂരപ്പ ഷിമോഗയില്‍ നിന്ന് മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു.

വന്‍ തിരിച്ചുവരവ്

വന്‍ തിരിച്ചുവരവ്

പിന്നീട് കര്‍ണാടകം കണ്ടത് യെഡ്ഡിയൂരപ്പയുടെ വന്‍ തിരിച്ചുവരവാണ്. അഴിമതി കേസുകളില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. 2016 ല്‍ വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് തുടങ്ങിയ നീക്കങ്ങളാണ് ഇപ്പോള്‍ യെഡിയൂരപ്പയെ വീണ്ടും അധികാരത്തില്‍ എത്തിച്ചിരിക്കുന്നത്.

കളിക്കാത്ത കളികളില്ല

കളിക്കാത്ത കളികളില്ല

ഭരണം നേടുക എന്നത് മാത്രമാണ് യെഡിയൂരപ്പയുടെ ലക്ഷ്യം. അതിന് വേണ്ടി എന്ത് നാടകത്തിനും അദ്ദേഹം തയ്യാറായിരുന്നു. 2018 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. യെദ്യൂരപ്പ മൂന്നാമതും മുഖ്യമന്ത്രിയായി. പക്ഷേ, സഭയില്‍ ഭൂരിപക്ഷം തെളിയ്ക്കാനാകാതെ വീണ്ടും രാജിവച്ച് പുറത്ത് പോയി.

എന്നാല്‍ അന്ന് തുടങ്ങിയ രാഷ്ട്രീയ ഗെയിം പ്ലാനുകള്‍ ഒടുവില്‍ ഫലം കണ്ടു. കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി യെഡ്ഡി വീണ്ടും മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തുകയാണ്. കാലാവധി തികയ്ക്കുക എന്ന ഹിമാലയന്‍ ബാധ്യത ഇത്തവണയെങ്കിലും യെഡിയൂരപ്പയ്ക്ക് സാധ്യമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

English summary
From a rice mill clerk to the Chief Minister post... the life story of BS Yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more