കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ചിത്രത്തിലും അശ്ലീലം കാണുന്നവര്‍ 'ഉണ്ടത്രേ''

  • By Neethu B
Google Oneindia Malayalam News

മുരളീകൃഷ്ണ മാലോത്ത്

തന്റെ പ്രസവത്തിന്റെ ഓര്‍മ ഇങ്ങനെ ഒരു ചിത്രമാക്കി സൂക്ഷിക്കാന്‍ തീരുമാനിച്ച ആ കൂട്ടുകാരിയോട് എത്ര ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാലാണ് മതിയാകുക. കുലുക്കി സർബത്തിൽ മുരളീകൃഷ്ണ മാലോത്ത് എഴുതുന്നു.

അടിവയര്‍ കീറി വിവാനെ ആദ്യമായി പുറത്തെടുക്കുമ്പോള്‍ അവനെ തനിക്ക് മനസിലായത് പോലുമില്ല എന്നാണ് വിവിത എന്നോട് പറഞ്ഞത്. ആദ്യമായി കാണുന്ന ഒരാളെ അല്ലെങ്കിലും എങ്ങനെയാണ് തിരിച്ചറിയുക അല്ലേ. ഗര്‍ഭകാലത്തിന്റെ അവസാന നാളുകളില്‍ അത്യധികം എക്‌സൈറ്റഡ് ആയിരുന്നു അയാള്‍. തന്റെ അമ്മ ജനിച്ച അതേ ആശുപത്രിയിലാണ് താനും ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കിടക്കുന്നത് എന്ന ബോധം വലിയ ആശ്വാസമായിരുന്നു അയാള്‍ക്ക് നല്‍കിയിരുന്നത്.

എന്തിനാണ് എന്ന് ചിലപ്പോള്‍ എനിക്കോ നിങ്ങള്‍ക്കോ മനസിലായി എന്ന് വരില്ല. അത്തരം കുറേയേറെ ആശ്വാസങ്ങള്‍ അവര്‍ക്ക് അക്കാലങ്ങളില്‍ ആവശ്യമാണ്. ലോകത്ത് കോടിക്കണക്കിന് സ്ത്രീകള്‍ പ്രസവിക്കുന്നു, കൂട്ടത്തില്‍ നീയും എന്ന് നിസാരവല്‍ക്കരിച്ച് തള്ളിക്കളയാകില്ല ആ എഫര്‍ട്ടിനെ. വിവാന്‍ ഗര്‍ഭത്തിലിരുന്ന മിക്കവാറും ഏതാണ്ടെല്ലാ ദിവസങ്ങളും ഞങ്ങള്‍ തനിച്ചായിരുന്നു. ആദ്യഗര്‍ഭത്തിന്റെ ആയാസവും പുതുമോടി മാറിയിട്ടില്ലാത്ത ഞങ്ങളുടെ പരിചയക്കുറവും അക്കാലത്ത് വലിയ പ്രശ്‌നങ്ങളായിരുന്നു.

സത്യത്തില്‍ ഞാനിതൊന്നും പറയാനേയല്ല വന്നത്. എനിക്ക് പറയാനുണ്ടായിരുന്നത് ഈ ചിത്രത്തെക്കുറിച്ചാണ്. ഹെലന്‍ കാമിന എന്ന എന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രത്തെക്കുറിച്ച്. വിസ്തരഭയം കൊണ്ട് ഒരു വാക്കുപോലും മിണ്ടാനാകാതെ പേടിച്ചുനില്‍ക്കുകയാണ് ഞാന്‍. ഒരു ചിത്രത്തിന് മുന്നില്‍ ആയിരം വാക്കുകളുടെ ഉപന്യാസമൊന്നും ഒന്നുമല്ല എന്ന് പറഞ്ഞത് ആരായാലും അയാളെ തൊഴണം.

ഞാനും വിവിതയും തനിച്ചായിരുന്നു. എന്തും പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. എന്നിട്ടും അയാളോട് നിറവയറിന്റെ ഒരു ചിത്രം എടുക്കണം എന്ന് പറയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. തന്റെ വയറിനെയല്ല അതിനകത്തുള്ള നമ്മുടെ കുഞ്ഞിനെയാണ് എനിക്ക് ഫോക്കസ് ചെയ്യേണ്ടത് എന്ന് അയാളെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ എനിക്ക് പറ്റില്ല എന്ന് തന്നെ ഞാന്‍ ഭയപ്പെട്ടു. ഇന്നിപ്പോള്‍ തോന്നുന്നു അങ്ങനെ ഒരു ചിത്രം എടുത്തുവെക്കണമായിരുന്നു എന്ന്.

helem-column

മകള്‍ എത്ര വളര്‍ന്നാലും അവള്‍ അമ്മയുടെ ഉള്ളില്‍ തന്നെയാണല്ലോ എന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ എഴുതിയത് കണ്ട് ഏതോ സിനിമയിലെ ഡയലോഗ് എന്നാണാദ്യം തോന്നിയത്. തന്റെ വയറില്‍ നിന്നുമുള്ള എക്‌സ്റ്റന്റഡ് വേര്‍ഷനാണ് ജീവിതകാലം മുഴുവന്‍ കുട്ടികള്‍ എന്ന് അമ്മമാര്‍ക്ക് തോന്നുന്നുണ്ടാകണം. ''പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ'' (മാമ്പഴം - വൈലോപ്പിള്ളി) എന്ന പ്രതീക്ഷയുടെ പുറത്താവണം അവര്‍ ജീവിക്കുന്നത്. അവിടെയും ഇവിടെയും തട്ടിവീണ് കരയുമ്പോള്‍ - എന്റെ കുഞ്ഞീ, നിന്നെ ഞാനെന്റെ വയറ്റിലോ പൂഴ്ത്തി വെക്കേണ്ടത് - എന്ന അമ്മച്ചോദ്യം ഓര്‍മവരുന്നു.

തന്റെ പ്രസവത്തിന്റെ ഓര്‍മ ഇങ്ങനെ ഒരു ചിത്രമാക്കി സൂക്ഷിക്കാന്‍ തീരുമാനിച്ച ആ കൂട്ടുകാരിയോട് എത്ര ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാലാണ് മതിയാകുക. ഗര്‍ഭത്തിന്റെ ഓരോ നിമിഷവും സിസേറിയന്‍ വേണ്ട എന്ന് തീരുമാനിക്കുകയും എന്നാല്‍ അവസാന നിമിഷത്തെ കോംപ്ലിക്കേഷനുകളില്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വരികയും ചെയ്യുന്നത് ഒരു തരത്തില്‍ ഒരു ദുരന്തമാണ്. അങ്ങനെ ഒരു അനുഭവം കൂടിയുള്ളത് കൊണ്ടാകാം ഈ ഓര്‍മച്ചിത്രം ഇത്ര മനോഹരമായി നമ്മളോട് സംസാരിക്കുന്നത്. (ഒരു കുഞ്ഞും അമ്മയും ജനിച്ചിരിക്കുന്നു, ഒരു അച്ഛനും എന്നെഴുതി സേത്വേട്ടന്‍ അയച്ചുതന്ന മോളുടെ ഒരു ചിത്രമായിരുന്നു ഇതുവരെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിപ്പടം)

ഹെലന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് കണ്ടത് ഇരുപത്തിയൊന്ന് ലക്ഷത്തില്‍പ്പരം ആളുകള്‍. അറുപതിനായിരത്തിലേറെ ഷെയറുകള്‍. പതിനായിരക്കണക്കിന് കമന്റുകളിലായി ഈ ചിത്രത്തിന് സ്‌നേഹം അറിയിച്ചവര്‍ വേറെ. സിസേറിയന്റെ മൂന്നാം നാളില്‍ മുമ്പ് എടുത്തതാണ് ഈ ചിത്രം. മുറിവുകള്‍ ഉണങ്ങിയിട്ടില്ല. നിനക്ക് വേണ്ടി എത്ര ദിവസം അമ്മ ഈ വേദന സഹിച്ചു എന്ന് കുഞ്ഞ് കൂടി അറിയുന്നതില്‍ തെറ്റൊന്നും ഇല്ല. അമ്മത്തം എന്ന മാജിക്കല്‍ റിയലിസത്തിന്റെ കഥാപരിസരങ്ങള്‍ ഇങ്ങനെ ഒരുപിടി വേദനകള്‍ കൂടിയുള്ളതാണ്.

ഈ ചിത്രം റിപ്പോര്‍ട്ട് ചെയ്യാനും റിമൂവ് ചെയ്യിക്കാനും ശ്രമിച്ചവരെക്കുറിച്ചും ഹെലന്‍ പറയുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിങ് ഫേസ്ബുക്ക് അംഗീകരിച്ചില്ല എന്ന ഹെലന്റെ സന്തോഷം ലൈക്ക് ചെയ്തത് കാല്‍ലക്ഷത്തിലധികം പേരാണ്. എന്തുപറഞ്ഞിട്ടാവും ആളുകള്‍ ഈ ചിത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാകുക. എന്തായിരിക്കും ഈ ചിത്രത്തില്‍ അവരെ അലോസരപ്പെടുത്തിയിരിക്കുക.

<strong>പോലീസുകാര്‍ക്കെന്താണ് പോണ്‍ സൈറ്റില്‍ കാര്യം?</strong>പോലീസുകാര്‍ക്കെന്താണ് പോണ്‍ സൈറ്റില്‍ കാര്യം?

നൂഡിറ്റിയാണ് പ്രശ്‌നമെങ്കില്‍ ശരിയാണ്. ഈ ചിത്രം നൂറ് ശതമാനവും നൂഡ് ആണ്. എന്നാല്‍ അശ്ലീലമാണോ. ഒരു നൂലിഴ പോലും കാണാനില്ലെങ്കിലും കൃത്യമായ 'വസ്ത്രസംയോജനം' ഈ ഫ്രെയിമില്‍ നടന്നിട്ടുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. എന്നാലും കാര്യമില്ല, സൗന്ദര്യം എന്നത് പോലെ തന്നെ അശ്ലീലവും കാണുന്നവന്റെ കണ്ണിലാണല്ലോ.

സദാചാരവാദികള്‍ വാളെടുത്താല്‍ അത്ഭുതപ്പെടാനില്ല എന്ന് സമാധാനിക്കുമ്പോഴും അടിവയറ്റിലെ സിസേറിയന്റെ മുറിവും ഈ കുഞ്ഞിനെയും കടന്ന് ഈ ചിത്രത്തിലെ അശ്ലീലം കാണണമെങ്കില്‍ ചില്ലറ മനോനിയന്ത്രണമൊന്നും പോരല്ലോ എന്നതാണ് ഇതിലേറെ രസകരമായി തോന്നുന്നത്. ഇതിലും എത്രയോ എളുപ്പമായിരിക്കില്ല ഉര്‍വ്വശി - മേനക - രംഭ തിലോത്തമമാരെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തുന്നത്.ഇതാണ് ഹെലൻറെ ഫോട്ടോഗ്രഫി പേജ്.

English summary
Muralikrishna Maaloth writes about a photo of a mother with her newborn sleeping next to her C-section wound
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X