ഇ-വായനയോ, ആ- വായനയോ... എന്തുമാകട്ടെ... എത്രതരത്തില്‍ വായിക്കുന്നോര്‍!!!

  • Posted By:
Subscribe to Oneindia Malayalam

ഇന്നിപ്പോള്‍ പുസ്തകങ്ങള്‍ കൈയ്യിലെടുത്ത് വായിക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. ഇഷ്ടം പോലെ ഇ-ബുക്ക് റീഡറുകള്‍ ലഭ്യമാണ്. അല്ലെങ്കില്‍ തന്നെ പല പുസ്തകങ്ങളുടേയും പിഡിഎഫ് ഫോര്‍മാറ്റുകള്‍ ഇന്റര്‍നറ്റില്‍ കിട്ടും. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം, എത്രപേര്‍ ഈ പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്.

പണ്ടൊക്കെ ഒരു പുസ്തകം കിട്ടാന്‍ വേണ്ടി കിലോമീറ്ററുകള്‍ നടന്ന്, മണിക്കൂറുകള്‍ കാത്തിരുന്ന് ആളുകള്‍ ത്യാഗം സഹിച്ചിരുന്നു. അങ്ങനെ കിട്ടുന്ന പുസ്തകങ്ങള്‍ ഒറ്റ രാത്രികൊണ്ട് വായിച്ച് തീര്‍ത്തിരുന്ന ഭൂതകാലം പലര്‍ക്കും ഉണ്ടാകും. എന്നാല്‍ ഇന്ന് പസ്തങ്ങള്‍ വിരല്‍ത്തുമ്പിലുണ്ട്, എന്നാല്‍ വായിക്കാനുള്ള ആവേശം പഴയതുപോലെ ഇല്ലാതായിപ്പോയോ?

e-reading

അച്ചടിച്ച പുസ്തകങ്ങളില്‍ നിന്ന ഇ ബുക്കുകളിലേക്ക് മലയാളി പതിയെപ്പതിയെ എത്തിക്കൊണ്ടിരിക്കുകയാണ്. ആമസോണിന്റെ കിന്‍ഡില്‍ പോലുള്ളവ ഇപ്പോള്‍ പുതുതലമുറയ്ക്ക് അന്യമല്ല. പക്ഷേ വായനയുടെ സത്തയുടെ കാര്യത്തില്‍ വല്ല മാറ്റവും വന്നിട്ടുണ്ടോ? പണ്ടും വായന ഇങ്ങനെയൊക്കെ തന്നെ ആയിരുന്നില്ലേ...

വായന പലതരത്തിലാണ്. ചിലര്‍ വളരെ പെട്ടെന്ന് തന്നെ ബൃഹദ് ഗ്രന്ഥങ്ങള്‍ പോലും വായിച്ച് തീര്‍ത്ത് കളയും. എന്നാല്‍ മറ്റ് ചിലര്‍ ചില പ്രത്യേക ഭാഗങ്ങള്‍ മാത്രം തിരഞ്ഞ് പിടിച്ചായിരിക്കും വായിക്കുക. വേറെ ചിലരാകട്ടെ പരത്തി തന്നെ വായിച്ചേക്കും. മറ്റ് ചിലര്‍ അതി സൂക്ഷ്മമായ വായനയും നടത്തും. ഇ-ബുക്കുകളുടെ കാലത്തും കാര്യങ്ങള്‍ ഇതുപോലൊക്കെ തന്നെ ആണോ?

ഓടിച്ചുവായന എന്നത് എത്രത്തോളം ഗുണം ചെയ്യും എന്നത് എന്നും ചര്‍ച്ചാവിഷയമാണ്. സ്‌കിമ്മിങ് എന്നാണ് ഇതിനെ ഇംഗ്ലീഷില്‍ വിശേഷിപ്പിക്കുക. ഒന്ന് മറിച്ച് നോക്കുക, അല്ലെങ്കില്‍ കാര്യമായി സ്പര്‍ശിക്കാതെ ഓടിച്ച് വായിച്ച് പോവുക. പലരുടേയും വായനാപ്രശ്‌നം കൂടിയാണിത്. എന്നാല്‍ പരീക്ഷയ്ക്ക് പഠിക്കുന്നവര്‍ക്കൊക്കെ ഇത്തരം വായനകള്‍ ഗുണം ചെയ്യാറുണ്ട്.

book

പരതിപ്പരതി പുസ്തകങ്ങള്‍ വായിക്കുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും സാഹിത്യത്തില്‍ സാധ്യമാകാറില്ല. റഫറന്‍സ് ഗ്രന്ഥങ്ങളും ചരിത്രവും എല്ലാം പരിശോധിക്കുന്നവര്‍ പ്രത്യേക ഭാഗങ്ങള്‍ മാത്രം വായനക്കായി തിരഞ്ഞെടുക്കും. അവരെ സംബന്ധിച്ച് ആ പുസ്തകം മുഴുവനും വായിക്കേണ്ടതിന്റെ ഒരു ആവശ്യകതയും ഉണ്ടാവില്ല. എന്‍സൈക്ലോപീഡിയയിലെ തിരച്ചിലും ഡിക്ഷണറി നോക്കലും എല്ലാം വേണമെങ്കില്‍ ഈ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. ഇത്തരം വായന സ്‌കാനിങ് എന്നാണ് അറിയപ്പെടുന്നത്.

വായനയ്ക്ക് സമയം കണ്ടെത്തുന്നവരെ സംബന്ധിച്ച് വിശദമായ വായന തന്നെ ആയിരിക്കും അഭികാമ്യം. എക്‌സറ്റന്‍സീവ് റീഡിങ് എന്നാണ് ഇത് അറിയപ്പെടുന്നത്. മുക്കുംമൂലയും അരികും ചിറകും വരെ വിടാതെ, കൈയ്യില്‍ കിട്ടുന്നതെന്തും വായിക്കുന്നവരെ ഈ വിഭാഗത്തില്‍ പെടുത്താം. വായന എന്നത് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം പരമാനന്ദമാണ്.

ചില വ്യക്തികളുണ്ട്... വായിച്ച പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ പറഞ്ഞ് ഞെട്ടിച്ചുകളയും. ഒരുപക്ഷേ മനസ്സില്‍ തട്ടുന്ന ഭാഗങ്ങള്‍ എഴുതി വച്ച് മനപ്പാഠമാക്കുന്നവരും ഇക്കൂട്ടരുടെ ഇടയില്‍ കാണുമായിരിക്കും. എന്നാല്‍ ഭൂരിപക്ഷം പേരും ആഴത്തിലുള്ള വായനയില്‍ താത്പര്യമുള്ളവരായിരിക്കും. സാഹിത്യത്തിന് അപ്പുറം ഗൗരവപ്പെട്ട ഗദ്യവും ശാസ്ത്രവും തത്വശാസ്ത്രവും എല്ലാം പഠിക്കുന്നവര്‍ ഇത്തരത്തിലുള്ള സൂക്ഷ്മവായന പിന്തുടരുന്നവരായിരിക്കും. ഇന്റെന്‍സീവ് റീഡിങ് എന്നാണ് ഇത്തരം വായനയെ വിളിക്കുന്നത്.

കാലം ശരിക്കും മാറിപ്പോയിരിക്കുന്നു. പണ്ടെല്ലാം ഒരു പുസ്തകം ഗൗരവമായി വായിക്കുമ്പോള്‍ അതിലെ കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍ മറ്റൊരു പുസ്തകത്തില്‍ രേഖപ്പെടുത്തി വയ്ക്കുമായിരുന്നു പലരും. ഒരുപക്ഷേ വായിച്ച പുസ്തകത്തിന്റെ ഒരു സംക്ഷിപ്തം തന്നെ തയ്യാറാക്കിയിരുന്നവരും ഉണ്ടായിരുന്നു. എന്നാല്‍ ഇ-ബക്കുകളടെ കാലത്ത് അത്തരം പകര്‍ത്തിയെഴുതലുകളും രേഖപ്പെടുത്തലുകളും ഒന്നും വായന ആവശ്യപ്പെടുന്നില്ല. എല്ലാം വിരല്‍ത്തുമ്പില്‍ തന്നെയുണ്ടല്ലോ... വിരലനക്കണം എന്ന് മാത്രം.

English summary
Reading Day celebration: Types of Reading
Please Wait while comments are loading...