• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടിയും കൊണ്ട്, പുളിയും തിന്ന് സിപിഐ . . .

  • By Super

ചിലര്‍ക്കു ബുദ്ധിയുദിക്കുന്നത് മഴത്തുളളി തലയില്‍ വീണ് തല തണുക്കുന്പോഴാണ്. ചിലര്‍ക്ക് നല്ല വെയിലേല്‍ക്കുന്പോഴും. ആദ്യം പറഞ്ഞവരുടെ ഗണത്തില്‍ പെടും സിപിഐക്കാര്‍. ജൂണില്‍ മണ്‍സൂണ്‍ മഴ തകര്‍ത്തുപെയ്യുന്ന രണ്ടു ദിവസങ്ങളിലാണ് അവരുടെ സംസ്ഥാന കൗണ്‍സില്‍ എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്നത്.

അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ച ചില നേതാക്കളുടെ അതിബുദ്ധിയും എടുത്തു ചാട്ടവും സിപിഐയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് സംസ്ഥാനകൗണ്‍സിലില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതായി പത്രവാര്‍ത്ത.

മൂന്നാറില്‍ ദൗത്യസംഘം തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന സമയത്തും ഇതുപോലൊരു കൗണ്‍സില്‍ ചേര്‍ന്നിരുന്നു. സുരേഷ് കുമാറിനെ പല്ലും നഖവും പോലും ബാക്കിവയ്ക്കാതെ തിന്നു തീര്‍ക്കണമെന്നായിരുന്നു അന്ന് ഇവര്‍ തീരുമാനിച്ചത്. അടുത്ത യോഗത്തില്‍ പരിപ്പുവടയ്ക്കും കട്ടന്‍കാപ്പിക്കും പകരം സുരേഷിന്റെ ബ്രെയിന്‍ ഫ്രൈയും കട്ടച്ചോരയും വിളന്പുന്നത് സ്വപ്നം കണ്ടാണ് പലരും വീട്ടിലേയ്ക്കു വണ്ടി കയറിയത്.

സംഭവിച്ചതോ. മുടി വളര്‍ത്തി ഷൈന്‍ ചെയ്യുന്നയാളും അരിഞ്ഞ് വെടിപ്പാക്കിയ മീശയും വെച്ച് ആട്ടുകല്ലുരയുന്നതു പോലെ സംസാരിക്കുന്നയാളും (ക്ഷമിക്കണം. സിപിഐക്കാരുടെ ശൈലി മാരീചനും കടമെടുക്കുകയാണ്. കോട്ടിട്ടയാള്‍, അതിനു മുകളിലുളളയാള്‍ എന്നൊക്കെയാണല്ലോ അവരുടെ പ്രയോഗങ്ങള്‍). മൂന്നാറില്‍ റിസോര്‍ട്ടിന്റെ ചുമതലയിലുളളയാളുമൊക്കെച്ചേര്‍ന്ന് നാട്ടില്‍ അഴിഞ്ഞാടി.

സിപിഐക്കാരുടെ തെറിയും സര്‍വ ആക്ഷേപങ്ങളും കേട്ടിട്ട് സിപിഎമ്മുകാര്‍ മിണ്ടാതിരുന്നു. ചെമ്മീന്‍ ചാടിയാള്‍ മുട്ടോളം, പിന്നെയും ചാടിയാല്‍ ചട്ടിയോളം.

വല്ലാത്ത പൊല്ലാപ്പിലായിരുന്നല്ലോ കേരളത്തില്‍ കുറെക്കാലമായി മാര്‍ക്സിസ്റ്റു പാര്‍ട്ടി. മാധ്യമങ്ങളുടെ പരസ്യവിചാരണയില്‍ പാര്‍ട്ടി വശം കെട്ടിരിക്കുന്പോഴാണ് സിപിഐക്കാരുടെ ഉറഞ്ഞുതുളളല്‍. അതിവിദഗ്ധമായി വീണുകിട്ടിയ അവസരം അവരുപയോഗിച്ചു.

എങ്ങനെയെന്നല്ലേ. മൂന്നാറിലെ പാര്‍ട്ടി ഓഫീസുകളില്‍ ഇരുപാര്‍ട്ടികളും റിസോര്‍ട്ട് നടത്തുന്നുണ്ട്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്തിന് പട്ടയം കിട്ടിയതും സിപിഎമ്മിനാണ്. അപ്പോള്‍ സ്വാഭാവികമായും ഇവിടെയും ഏറ്റവുമധികം വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നതും സിപിഎമ്മാകുമായിരുന്നു.

എന്നാല്‍ സംഭവിച്ചതോ? മൂന്നാറിലെ സിപിഐ റിസോര്‍ട്ടിന്റെ സണ്‍ഷെയിഡ് പൊളിച്ചപ്പോള്‍ സിപിഐയ്ക്ക് കലിയിളകി. ടാറ്റായെ തൊട്ടപ്പോള്‍ കലി മൂത്തു. രവീന്ദ്രന്‍ പട്ടയങ്ങള്‍ വ്യാജമാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞപ്പോള്‍ കലി മൂത്ത് ഭ്രാന്തായി. പ്രതിഷേധമായി. മുഖ്യമന്ത്രിയെ പരസ്യമായി തെറിയും പറഞ്ഞു.

കേരളത്തെ സംബന്ധിച്ച് അച്യുതാനന്ദനെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ കണ്ടകശനിയാണ്. പുളളി വെറുതേയിരുന്നാല്‍ മതി, ജനവിശ്വാസം മണ്‍സൂണ്‍ മഴ പോലെ പെയ്തിറങ്ങുകയാണ്. പിണറായി വിജയന്റെ ജനപ്രീതി അളന്നാലറിയാം, അച്യുതാനന്ദനെ എതിര്‍ക്കുന്നതിന്റെ ഫലം. അപ്പോഴാണ് പന്ന്യന്‍ മുടിയിളക്കി മുഖ്യമന്ത്രിക്കെതിരെ ഉറഞ്ഞു തുളളിയത്.

സ്വാഭാവികമായും പത്രക്കാര്‍ രവീന്ദ്രന്‍ പട്ടയങ്ങളുടെ പിന്നാലെ പാഞ്ഞു. പികെവി കൃഷിക്കാരനാണെന്ന പച്ചക്കളളം തട്ടിവിട്ടാണ് ആദര്‍ശപ്പാര്‍ട്ടി പട്ടയം സ്വന്തമാക്കിയതെന്ന സത്യം മാളോരറിഞ്ഞു. രവീന്ദ്രന്‍ പട്ടയങ്ങളുടെ മറവില്‍ സിപിഐയും ജോയിന്റ് കൗണ്‍സിലും ചേര്‍ന്ന് നടത്തിയ കൊളളപ്പിരിവിന്റെ നാള്‍വഴിക്കണക്കും മാധ്യമങ്ങള്‍ വലിച്ചു പുറത്തിട്ടു. ചെറുക്കാന്‍ ജനയുഗത്തിന്റെ പത്തുകോടിക്ക് കെല്‍പു പോരായിരുന്നു. ദേശാഭിമാനിയാകട്ടെ മൗനം പാലിച്ചു. കൈരളിയും പീപ്പിളും സിപിഐയ്ക്കനുകൂല വാര്‍ത്തകളൊന്നും കൊടുത്തില്ല.

ചുരുക്കത്തില്‍ പാര്‍ട്ടി ഒറ്റപ്പെട്ടു. അന്നുവരെ സിപിഎമ്മിനെ തൊലിയുരിച്ചു മുളകരച്ചു തേച്ചു പൊരിവെയിലത്തു നിര്‍ത്തിയ മാധ്യമങ്ങള്‍ വേട്ടപ്പട്ടികളെപ്പോലെ സിപിഐയ്ക്കു പിന്നാലെ പാഞ്ഞു. ആദര്‍ശത്തിന്റെയും തത്ത്വചിന്തയുടെയും മുഖപടങ്ങള്‍ക്കപ്പുറത്ത് അഹങ്കാരികളും താന്തോന്നികളും അഴിമതിക്കാരുമാണെന്ന സത്യം ജനമറിഞ്ഞു. വെറും പതിനേഴ് എംഎല്‍എമാരുടെ ബലത്തില്‍ നാടിനെ വെല്ലുവിളിക്കുന്നവരുടെ തല്‍സ്വരൂപം പുറത്തായി.

മുഖ്യമന്ത്രിയ്ക്ക് ഭസ്മാസുരന്റെ വിധി വരും എന്ന് കെ ഇ ഇസ്മായില്‍‍ പരസ്യമായി വെല്ലുവിളിച്ചത് വെറും പതിനേഴ് എംഎല്‍എമാരുടെ ബലത്തിലാണ്. മുഖ്യമന്ത്രിയുടെ മുഖം ചുളിയുമെന്നും സുരേഷ് കുമാറിനെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ വിവരമറിയുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ മനോരമാ ചാനലില്‍ വീന്പിളക്കിയതും വെറും പതിനേഴ് എംഎല്‍എമാരുടെ ബലത്തിലായിരുന്നു.

ഒരു നാല്‍ക്കവല നിറയാനുളള ആളുപോലും സ്വന്തമായില്ലാത്ത സിപിഐയ്ക്ക് ലഭിക്കുന്ന അമിതമായ മാധ്യമലാളനയും അംഗീകാരവും കുറേക്കാലമായി സിപിഎമ്മിന്റെ കണ്ണിലെ കരടാണ്. സര്‍വവിധ അഴിമതിയുടെയും നേര‍വകാശികളായി സിപിഎം ജനമധ്യത്തില്‍ അവമതിക്കപ്പെടുന്പോള്‍ ഇതാ ആദര്‍ശ സന്പന്നമായ ഒരു പാര്‍ട്ടി എന്ന ഇമേജ് പതിയെ സിപിഐ സ്വന്തമാക്കി വരികയായിരുന്നു.

പന്ന്യന്‍ രവീന്ദ്രന്റെയും ഇസ്മായിലിന്റെയും എടുത്തു ചാട്ടം സിപിഐയ്ക്കേല്‍പിച്ച ക്ഷതം ചെറുതല്ല.""ആളില്ലെങ്കില്‍ ഇതാണവസ്ഥ. അപ്പോള്‍ നാലുപേരുണ്ടായിരുന്നെങ്കില്‍ ഏതുപാടായിരുന്നേനെ"" എന്നു ജനം ചിന്തിക്കാന്‍ തുടങ്ങി.

സിപിഐക്കാരെ കാണുന്പോള്‍ അവര്‍ അര്‍ത്ഥം വച്ചു ചിരിക്കാനും ആക്കി സംസാരിക്കാനും തുടങ്ങി. നാലു പേരു കൂടുന്നിടത്ത് തലയില്‍ മുണ്ടിടാതെ ഒരു സിപിഐക്കാരനും ഇറങ്ങി നടക്കാനാവാത്ത അവസ്ഥ.

അച്യുതാനന്ദനും പിണറായിയും കൂടി സിപിഐക്കാരെ തിരികെ വിമര്‍ശിച്ചിരുന്നെങ്കിലോ? ഇതുവല്ലതും നടക്കുമായിരുന്നോ? യുദ്ധതന്ത്രം അറിയുന്നവരാണ് പിണറായിയും അച്യുതാനന്ദനും. ചില നേരങ്ങളില്‍ പിന്മാറുന്നതും നല്ല തന്ത്രമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

ഫലം. സിപിഐ അനുഭവിക്കുന്നു. മൂന്നാറില്‍ റിസോര്‍ട്ട് പണിഞ്ഞത് തെറ്റായിപ്പോയി എന്ന് ഇപ്പോള്‍ അവര്‍ കുന്പസരിക്കുന്നു. ഞങ്ങളുടെ സ്ഥലത്ത് ഞങ്ങള്‍ക്ക് തോന്നിയ കെട്ടിടം പണിയും എന്ന വീരവാദം ഇപ്പോള്‍ ആരും ആവര്‍ത്തിക്കുന്നില്ല. ഏഴു സെന്റിന് ചെന്പു പട്ടയമുളളപ്പോള്‍ 14 സെന്റിന് രവീന്ദ്രന്‍‍ പട്ടയം സ്വീകരിച്ചതു ശരിയല്ലെന്നും ബുദ്ധിയുദിച്ച വേളയില്‍ തിരിച്ചറിയുന്നു.

റിസോര്‍ട്ട് പാര്‍ട്ടി തന്നെ പൊളിച്ചു നീക്കിയാലും അത്ഭുതമില്ല. പത്രസമ്മേളനം നടത്തി വ്യാജപട്ടയം വലിച്ചു കീറിപ്പറത്തി സ്ഥലം സര്‍ക്കാരിന് കൈമാറുക തുടങ്ങിയ അറ്റകൈ പ്രയോഗങ്ങളും പ്രതീക്ഷിക്കാം. അപ്പോഴും ബാക്കിയാകുന്നത് കുറേ ചോദ്യങ്ങള്‍ മാത്രം. എന്തിനായിരുന്നു സഖാക്കളേ ഇക്കണ്ട പുക്കാറുകളെല്ലാം? മടിയില്‍ കനമില്ലെങ്കില്‍ നിങ്ങളെന്തിന് ഏതാണ്ട് മൂന്നാഴ്ചയോളം കേരളത്തില്‍ അഴിഞ്ഞാടിയത്?

എല്ലാ തെറ്റും ഏറ്റു പറയുന്പോഴും കാലു മുകളില്‍ തന്നെയിരിക്കട്ടെ എന്ന അഹങ്കാരം പാര്‍ട്ടി വീണ്ടും വച്ചു പുലര്‍ത്തുന്നുണ്ട്. സിപിഐയെ തകര്‍ക്കാനുളള ഗൂഢാലോചനയുടെ ഫലമായിരുന്നത്രേ ഇതെല്ലാം. പാര്‍ട്ടി വക വിശദീകരണ ജാഥകള്‍ ഉടന്‍ വരുന്നുണ്ട്. ജനയുഗം ആരംഭിച്ചതില്‍ അസൂയ മൂത്ത മാധ്യമസിന്‍ഡിക്കേറ്റുകാര്‍ സിപിഐയുടെ സല്‍പ്പേരു കളയാന്‍ ഗൂഢാലോചന നടത്തിയത്രേ.

വ്യാജപട്ടയങ്ങളുടെ മാത്രമല്ല, നല്ല തമാശകളുടെയും കേന്ദ്രമാണ് എംഎന്‍ സ്മാരകം. ഏറ്റവും മികച്ച കര്‍ഷകനായ പി കെ വാസുദേവന്‍ നായര്‍ ഇരുന്ന കസേരകളല്ലേ ഇപ്പോഴും അവിടെയുളളത്. എന്തെല്ലാം തമാശകള്‍ ഇനിയും വരാനിരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more