ഡീപ്ഫേക്ക് ജനാധിപത്യത്തിന് തന്നെ വെല്ലുവിളി; നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി
ഡീപ്ഫേക്ക് ഭീഷണിയെ നേരിടാൻ സർക്കാർ ഉടൻ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ്. ജനാധിപത്യം നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളിയാണ് ഡീപ്ഫേക്ക് എന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഡീപ്ഫേക്ക് വിഷയത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഈ വെല്ലുവിളി നേരിടാൻ കമ്പനികൾ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായി മന്ത്രി വ്യക്തമാക്കി. "ഞങ്ങൾ ഇന്ന് തന്നെ ഇതിന്റെ കരട് തയ്യാറാക്കാൻ തുടങ്ങും, ഉടൻ തന്നെ ഡീപ്ഫേക്കുകളെ നേരിടാനായി പുതിയ നിയന്ത്രണങ്ങൾ ഉണ്ടാക്കും... ഇത് നിലവിലുള്ള ചട്ടക്കൂട് ഭേദഗതി ചെയ്യുന്നതിനോ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതോ ആകാം" മന്ത്രി പറഞ്ഞു.

"ഡിസംബർ ആദ്യവാരം അടുത്ത യോഗം നടക്കും...ഇന്നത്തെ തീരുമാനങ്ങളുടെ തുടർനടപടികളെക്കുറിച്ചും ഡ്രാഫ്റ്റ് റെഗുലേഷനിൽ എന്തെല്ലാം ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ചും ആയിരിക്കും ഇതിൽ ചർച്ച ചെയ്യുക" വൈഷ്‌ണവ് ചൂണ്ടിക്കാട്ടി.
അതേസമയം, പ്രമുഖ നടി രശ്‌മിക മന്ദാനയുടെ വിവാദ ഡീപ്ഫേക്ക് വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളും ആശങ്കകളും വലിയ തോതിൽ ഉയർന്നുവന്നത്. രശ്‌മികയ്ക്ക് പുറമെ ബോളിവുഡ്, തമിഴ്, തെലുഗു, കന്നഡ, മലയാളം തുടങ്ങി ഒട്ടേറെ ഭാഷകളിലെ നടിമാർ സമാനമായ അവസ്ഥ നേരിടുന്നുണ്ട്.
പ്രിയങ്ക ചോപ്ര, കാജോൾ, കിയാര അദ്വാനി, തമന്ന ഭാട്ടിയ, പൂജ ഹെഡ്‌ഗെ, ഐശ്വര്യ റായ് അനുഷ്‌ക ശർമ തുടങ്ങിയവർക്ക് പുറമെ മറ്റ് ഭാഷകളിൽ നിന്നുള്ള കാജൽ അഗർവാൾ, കീർത്തി സുരേഷ് തുടങ്ങിയവരും ഇതിന്റെ ഇരകളായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടികൾ കൂടുതൽ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നേരിട്ട് രംഗത്തിറങ്ങുന്നത്.
നേരത്തെ ഡീപ് ഫേക്കുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത് വന്നിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്‌ത് ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്‌ടിക്കുന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. താൻ പാട്ട് പാടുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications