കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാള്‍സ് മക്ലീനും വിസ്കിയും

  • By Staff
Google Oneindia Malayalam News

എപ്പോഴാണ് ആദ്യമായി മദ്യപിച്ചത്?

ആ സന്ദര്‍ഭം വ്യക്തമായി ഓര്‍ക്കുന്നില്ല. ഐസ്ലന്റിന് സമീപം താമസിക്കുന്ന കാലത്ത് എന്റെ പിതാവ് എല്ലാവര്‍ഷവും വിരുന്നൊരുക്കുമായിരുന്നു. അതില്‍ അതിഥികള്‍ക്ക് വിസ്കി വിളമ്പാന്‍ ഒരിക്കല്‍ നിയോഗിക്കപ്പെട്ടത് ഞാനും കൂട്ടുകാരുമായിരുന്നു. അതിഥികളെ സല്‍ക്കരിക്കുന്നതിനൊപ്പം ഞങ്ങളും കഴിച്ചുതുടങ്ങി. തീര്‍ത്തും ലഹരിയിലാകുന്നതുവരെ അതുതുടര്‍ന്നു. അത് ശരിയ്ക്കും അസാധാരണമായ ഒരു അവസ്ഥയും അനുഭവവുമായിരുന്നു. അതിനു ശേഷം വര്‍ഷങ്ങളോളം ഞാന്‍ വിസ്കി കഴിച്ചിരുന്നില്ല. സ്കോട്ലാന്റില്‍ പതിനെട്ട് വയസ്സിന് ശേഷം മദ്യം ഉപയോഗിക്കുകയെന്നതില്‍ അസാധാരണത്വമൊന്നുമില്ല. ഞങ്ങളും ആ രീതിതന്നെയാണ് തുടര്‍ന്നിരുന്നത്. അവിടെ ഒരാള്‍ മദ്യം വാങ്ങി ക്ഷണിച്ചാല്‍ തിരിച്ച് അയാള്‍ക്കും അത് നല്‍കുക എന്നൊരു രീതിയുണ്ട്. ഇവിടെയും അങ്ങനെതന്നെയല്ലേ?

ആദ്യം ഒരു കലാകാരന്‍, പിന്നീട് അഭിഭാഷകന്‍.. പിന്നെ തീര്‍ത്തും വ്യത്യസ്തമായ വിസ്കികളുടെ ലോകം.. എന്തായിരുന്നു ഈ ചുവടുമാറ്റത്തിന് കാരണം?

ഒരു കലാകരന്‍ എന്നനിലയില്‍ മൂന്ന് സര്‍വ്വകലാശാലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് ശേഷമാണ് നിയമരംഗത്തെത്തിയത്. എന്നാല്‍ ഈ തൊഴിലുകളിലൊന്നും ആത്മ സംതൃപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് ഒരു ലിറ്റററി ഏജന്റിന്റെ ജോലിയില്‍ പ്രവേശിയ്ക്കുന്നത്. ആ ജോലിയ്ക്കിടയില്‍ സ്കോട്ട്ലാന്റിന്റെ സംസ്കാരം, ചരിത്രം, യാത്രകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിണങ്ങള്‍ കമ്പനികള്‍ക്കായുള്ള സാമ്പത്തിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയുമായെല്ലാം അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. യഥാര്‍ത്ഥത്തില്‍ അതാണ് വിസ്കിയെക്കുറിച്ചുള്ള എഴുത്ത് തുടങ്ങാന്‍ പ്രേരണയായത്. ഇപ്പോള്‍ ടിവി വെബ് ചാനലായ ക്കു വേണ്ടിയും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. അതും ഇഷ്ടപ്പെട്ട മേഖലയാണ്.

ഈ രംഗത്തേയ്ക്ക് കടന്നുവന്നപ്പോള്‍ എന്തെങ്കിലും രീതിയിലുള്ള തടസങ്ങളോ എതിര്‍പ്പുകളോ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടോ?

തീര്‍ച്ചയായും. ഒരു എഴുത്തുകാരന്‍ എന്ന നിലയിലുള്ള എന്റെ തുടക്കം വളരെ വിഷമതകള്‍ നിറഞ്ഞതായിരുന്നു. എഴുതുന്നതിന് വിപണി കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. വ്യാപാര സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള സമ്പത്തിക പ്രസിദ്ധീകരണങ്ങളിലും ചരിത്രം, യാത്രാവിവരണം തുടങ്ങിയ വിഷയങ്ങളിലുമാണ് ഞാന്‍ ആദ്യം കൈവെച്ചത്.

ഈ ജോലിയോട് കുടുംബത്തിന്റെ പ്രതികരണം എങ്ങിനെയായിരുന്നു?

ആര്‍ട്ടിസ്റായ എന്റെഭാര്യ വിസ്കിയൊന്ന് മണത്തുനോക്കുക കൂടിയില്ല. അവരിപ്പോള്‍ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. ഞങ്ങള്‍ക്ക് 14ഉം 13ഉം 8ഉം വയസ്സുള്ള മൂന്ന് കുട്ടികളുണ്ട് .

വിസ്കിയെപ്പറ്റി ഒരുപാട് എഴുതിയിട്ടുണ്ടല്ലോ? എല്ലാ ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തു. ഇതിനുവേണ്ടുന്ന വിവരങ്ങള്‍ എവിടെനിന്നാണ് കണ്ടെത്തുന്നത്?

എന്തിനെക്കുറിച്ചും ആധികാരികമായ വിവരങ്ങല്‍ ലഭിക്കാന്‍ വായന അനിവാര്യാണ്. ഞാന്‍ ഒരു പാട് വായിക്കുന്നു. വിസ്കിയെപ്പറ്റി മാത്രമുള്ള പുസ്തകങ്ങളും വിവരണങ്ങളുമടങ്ങിയ വലിയൊരു ശേഖരം സ്വന്തമായുണ്ട്. വിസ്കിയെ സംബന്ധിച്ച് 17-ാം നൂറ്റാണ്ടില്‍ ലഭ്യമായ വിവരങ്ങള്‍ പോലും ഉപയോഗിക്കുന്നുണ്ട്. ഒരു കൃതി ആരംഭിച്ചുകഴിഞ്ഞാല്‍ മൂന്നോ അഞ്ചോ വര്‍ഷം കൊണ്ടാണത് പൂര്‍ത്തിയാക്കുന്നത്. യാത്രക്കിടയിലും മറ്റും കിട്ടുന്ന ചെറിയ അഭിപ്രായങ്ങളും പ്രസ്താവനകളും പോലും അതിനായി ഉപയോഗിക്കുന്നുണ്ട്. യാത്രയ്ക്കിടയില്‍ ഒരുപാട് മനുഷ്യരുമായി സംസാരിയ്ക്കും. അതില്‍ നിന്നെല്ലാം ഓരോതരം വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും.

ആരാണ് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍?

(ചോദ്യം സ്വയം ചോദിച്ചുകൊണ്ട്) വില്ല്യം ഡണ്‍റോപ്പിന്റെ കൃതികള്‍ വായിക്കാനിഷ്ടമാണ്. ഇന്ത്യയില്‍ നിന്നുള്ള എന്റെയൊരു നല്ല സൃഹൃത്താണ് ഡണ്‍റോപ്. വൈറ്റ് മൊന്‍ഗൂസ് എന്ന കൃതി അധികാരത്തിനെതിരെയുള്ള ഇന്ത്യന്‍ സമരത്തെക്കുറിച്ച് അപൂര്‍വ്വമായ വിവരങ്ങള്‍ നല്‍കുന്ന ഒന്നാണ്. എയ്ജ് ഓഫ് കാളി എന്ന രചനയും മികച്ചതാണ്. പിന്നെ ഇഷ്ടപ്പെട്ട എഴുത്തുകാര്‍ അലക്സാണ്ടര്‍ ഗോള്‍ഡ്സ്മിത്തും വിക്രം ടണ്ടനുമാണ്.

ഇന്ത്യയെന്ന പേരുകേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുത്?

ട്രാഫിക് ! (ഒട്ടും ആലോചിക്കാതെ അസഹനീയത പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഉത്തരം). അവിശ്വസനീയമാണിത്! ഇന്ത്യന്‍ വീഥികളില്‍ മോട്ടോര്‍ ബൈക്കും സൈക്കിളും ഒക്കെ ഓടിക്കണമെങ്കില്‍ ശരിയ്ക്കും ധൈര്യം വേണം. എങ്ങിനെയാണിവിടുത്തെയാളുകള്‍ വാഹനങ്ങളുപയോഗിക്കുന്നത്? പക്ഷേ ഒരു കാര്യമുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ റോഡപകടങ്ങള്‍ വളരെ കുറവാണ്. ഇന്ത്യ എന്നും എന്നെ മോഹിപ്പിക്കുന്ന ഒന്നാണ്. പക്ഷേ ഒരുപാട് സ്ഥലങ്ങളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.

ചാള്‍സ് മക്ലീനിന്റെ ഒരു ദിവസം- ഒന്ന് വിശദീകരിയ്ക്കാമോ?

അതിനങ്ങനെ പ്രത്യേകിച്ച് ചിട്ടയൊന്നുമില്ല( ഒന്നാലോചിച്ചശേഷം) ഇന്ന് ബാംഗ്ലൂരിലാണെങ്കില്‍ നാളെ ഹൈദരാബാദിലായിരിയ്ക്കും. പിന്നീട് കൊല്‍ക്കത്തയിലോ ഗോവയിലോ ആയിരിക്കും. യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരിയ്ക്കും. നാട്ടിലാണെങ്കില്‍ സ്കോട്ടിഷ് മലനിരകളില്‍ ചുറ്റിക്കറങ്ങാന്‍ ഏറെ ഇഷ്ടമാണ്. അങ്ങനെയുള്ള ദിവസങ്ങളില്‍ വളര്‍ത്തുനായയേയും കൊണ്ട് കാലത്ത് ഏഴുമണിമുതല്‍ നാല്‍പത്തിയഞ്ച് മിനിറ്റോളം മലനിരകളില്‍ നടക്കും. 8.15ന് കുട്ടികളെ സ്കൂളില്‍ വിടും. പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം പ്രാതല്‍, മൂന്നുമണിയോടെ ഉച്ചഭക്ഷണം. പിന്നീട് വൈകീട്ട് ഏഴുവരെ സ്വന്തം ജോലിയില്‍ മുഴുകും. അത്താഴം കുടുംബത്തോടൊപ്പം. അപ്പോഴാണ് കുടുംബകാര്യങ്ങളും മറ്റും ചര്‍ച്ചചെയ്യുന്നത്.

പുറം ലോകത്തിന് അറിയാത്ത ചാള്‍സ് മക്ലീനെപ്പറ്റി?

(വീണ്ടും ചിരിച്ചുകൊണ്ട്) ഒരു പക്ഷേ അത് ആദ്യമായി മദ്യം കഴിച്ചതുപോലെയായിരിക്കും.

ഓരോ നിമിഷത്തിലും വിസ്കിയെയും അതിന്റെ ചരിത്രത്തേയും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍, ഒരു എഴുത്തുകാരന്‍ എന്നനിലയ്ക്ക് സ്വന്തം വിഷയത്തില്‍ അപാരമായ ആധികാരികതയും അറിവും സൂക്ഷിയ്ക്കുന്ന ഒരാള്‍ വളരെ പ്രശസ്തനായിട്ടും സാധാരണ ജീവിതത്തോട് വളരെ അടുത്തുനില്‍ക്കുന്ന് സാധാരണക്കാരന്‍ അതാണ് ചാള്‍സ് മക്ലീന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X