നേമത്ത് രാജഗോപാലിന് വോട്ട് ചെയ്തത് കോൺഗ്രസ്സുകാർ;എ വിജയരാഘവൻ 'വൺ ഇന്ത്യ'യോട്
നേമത്ത് ഒ രാജഗോപാലിന് വോട്ട് ചെയ്തത് കോൺഗ്രസുകാരെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ.നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള പ്രാഥമികഘട്ട പ്രവർത്തനങ്ങൾ പാർട്ടി പൂർത്തീകരിച്ചിട്ടുണ്ട്.ഇനി വിശദമായ രാഷ്ട്രീയ പ്രചരണങ്ങളിലേക്കാണ് സിപിഎം കടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.സിപിഎം ആലപ്പുഴയിൽ മികച്ച വിജയം നേടും. തോമസ് ഐസക്കും ജി സുധാകരനും മികച്ച മന്ത്രിമാരാണെന്നുള്ളതിൽ തർക്കമില്ല. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കുകയെന്നതാണ് പൊതുരീതിയെന്നും വിജയരാഘവൻ വ്യക്തമാക്കി.ആർ ബാലശങ്കറിൻ്റെ ആരോപണം ബാലിശമാണെന്നും 'വൺ ഇന്ത്യ മലയാള'ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചു.
തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

തെരഞ്ഞെടുപ്പ് പ്രവർത്തനം എവിടെയെത്തി നിൽക്കുന്നു?
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രാഥമിക ഘട്ട പ്രവർത്തനങ്ങൾ പാർട്ടി പൂർത്തീകരിച്ചിട്ടുണ്ട്.വിപുലമായ ഗൃഹസമ്പർക്ക പരിപാടികളാണ് ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചത്. ഇനി വിശദമായ രാഷ്ട്രീയ പ്രചരണങ്ങളിലേക്കാണ് സിപിഐഎം കടക്കുന്നത്.കേന്ദ്ര നേതാക്കൾ സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രി തുടങ്ങിയവരുടെ പ്രചരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

സ്ഥാനാർഥി നിർണയത്തിലെ പൊട്ടിത്തെറി?
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി പാർട്ടി തയ്യാറാക്കിയ മാർഗരേഖയുണ്ട്.സ്ഥാനാർഥികളെ നിർണയിച്ച ശേഷം ഒരു തെറ്റായ പ്രതികരണവും അതിനോട് ഉണ്ടായിട്ടില്ല. സ്ഥാനാർത്ഥികളെ പൂർണമായും പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചശേഷം അവരെ അംഗീകരിക്കുകയാണുണ്ടായത്.

ആലപ്പുഴയിൽ മികച്ച വിജയം നേടുമോ?
സിപിഎം ആലപ്പുഴയിൽ മികച്ച വിജയം നേടും. തോമസ് ഐസക്കും ജി സുധാകരനും മികച്ച മന്ത്രിമാർ. നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ മത്സരിക്കാത്തത് പാർട്ടി തീരുമാനം കണക്കിലെടുത്താണ്. രണ്ട് ടേം പൂർത്തീകരിച്ചവർ മാറി നിൽക്കണമെന്നുള്ള പൊതു അഭിപ്രായത്തിൻ്റെ ഭാഗമായിട്ടാണ് തോമസ് ഐസക്കും സുധാകരനും മത്സരിക്കാത്തത്. പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്നുള്ള പാർട്ടിയുടെ നിലപാടാണ് ഇക്കാര്യത്തിലുണ്ടായിരുന്നത്. എല്ലാവരും സജീവമായി മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

മൂന്നിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളില്ലാത്തത്?
ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചതും കോൺഗ്രസ് ബിജെപിയെ സഹായിച്ചതുമായ ഒട്ടേറെ സംഭവങ്ങൾ കേരളത്തിലുണ്ട്. അതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കണോ. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ.

നേമത്ത് മുസ്ലിം വോട്ടുകൾ ആർക്ക് ലഭിക്കും?
നേമത്ത് ഒ രാജഗോപാലിന് വോട്ട് ചെയ്തത് കോൺഗ്രസാണ് എന്നതാണ് അനുഭവം.എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടുകൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി ലഭിക്കും.

സിപിഎം ബിജെപി ഡീലുണ്ടോ?
ബാലശങ്കറിൻ്റെ ആരോപണം ബാലിശം. സിപിഎം ബിജെപി ഡീൽ എവിടെയാണ് നടന്നിട്ടുള്ളത്? ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെയാണ് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി തോൽപ്പിച്ചത്. ബാലശങ്കർ പറഞ്ഞ എല്ലാ സീറ്റുകളിലും സിപിഎം ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി. പിന്നെ എവിടെയാണ് ഗൂഢാലോചന? ബാലശങ്കറിന് സീറ്റ് ലഭിച്ചില്ലല്ലോ. അതിൽ വൈഷമ്യം കാണും. അതിലേക്ക് സിപിഎമ്മിനെ കക്ഷി ചേർക്കേണ്ട.

എൽഡിഎഫിന് എത്ര സീറ്റുകൾ ലഭിക്കും?
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ലഭിക്കും.എൽഡിഎഫിന് അക്കാര്യത്തിൽ ശുഭപ്രതീക്ഷയാണുള്ളത്.തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷവും വർധിപ്പിക്കാനാകും - എ. വിജയരാഘവൻ പ്രത്യാശ പ്രകടിപ്പിച്ചു.
സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍