കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് ഇരുമുന്നണികള്‍ക്കും പ്രതീക്ഷ

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയില്‍ സപ്തംബര്‍ 27 വ്യാഴാഴ്ച വിധിയെഴുത്ത് നടക്കുന്ന എട്ട് മുനിസിപ്പാലിറ്റികളില്‍ അഞ്ചെണ്ണത്തിലെങ്കിലും ഭരണത്തിലെത്താമെന്ന ് രണ്ട് മുന്നണികള്‍ക്കും പ്രതീക്ഷ.

വോട്ടര്‍മാര്‍ വ്യാഴാഴ്ച ബൂത്തിലേക്ക് നീങ്ങുമ്പോള്‍ രണ്ട് വീതം നഗരസഭകളില്‍ ഇരുമുന്നണികളും വ്യക്തമായ മുന്‍തൂക്കം നേടിയതായാണ് പ്രചാരണത്തില്‍ നിന്നും ഉരുത്തിരിയുന്ന ചിത്രം.

കളമശേരിയിലും ആലുവയിലും യുഡിഎഫ് വിജയം ആവര്‍ത്തിക്കുമെന്ന് പറയുമ്പോള്‍ തൃപ്പൂണിത്തുറയിലും മൂവാറ്റുപുഴയിലും തങ്ങള്‍ ഭരണത്തിലേറുമെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു. അങ്കമാലി, പെരുമ്പാവൂര്‍, പറവൂര്‍, കോതമംഗലം നഗരസഭകളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

അങ്കമാലിയും പറവൂരും നിലവില്‍ എല്‍ഡിഎഫിന്റെ കൈയിലാണ്. രണ്ടിടത്തും വ്യക്തമായ ഭൂരിപക്ഷമില്ലാതെയാണ് മുന്നണി കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. പെരുമ്പാവൂരും കോതമംഗലത്തും യുഡിഎഫ് ഭരണം നടത്തുന്നു.

എല്‍ഡിഎഫ് ഭരിക്കുന്ന തൃപ്പൂണിത്തുറയില്‍ മുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മത്സരത്തിനിറക്കിയ 10 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയം അനായാസമാക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു. രാജനഗരത്തിന്റെ സ്വഭാവസവിശേഷതകള്‍ ഉള്‍ക്കൊണ്ട് നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണയും ഇടതിന് നേട്ടമായേക്കും.

കളമശേരി നഗരസഭയില്‍ യുഡിഎഫിന് അനുകൂല ഘടകങ്ങളേറെയാണ്. 11 വാര്‍ഡുകളില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന സിഐടിയു പക്ഷം സ്ഥാനാര്‍ഥികള്‍ ഇവിടെ എല്‍ഡിഎഫിനെ പ്രത്യേകിച്ച് സിപിഎമ്മിനെ വെള്ളം കുടിപ്പിച്ചേക്കും. യുഡിഎഫിനും ഇവിടെ വിമതശല്യമുണ്ട്.

കഴിഞ്ഞ തവണ മൃഗീയഭൂരിപക്ഷത്തോടെ ഭരണത്തിലെത്തിയ ആലുവയില്‍ അതാവര്‍ത്തിക്കാമെന്ന് യുഡിഎഫിന് ഉറപ്പില്ല. പക്ഷേ അത്ര തിളക്കത്തോടെയല്ലെങ്കിലും ഭരണം നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ അണിനിരത്തിയും പാര്‍ട്ടി ചിഹ്നം ഒഴിവാക്കിയുമുള്ള പരീക്ഷണമാണ് ഇവിടെ എല്‍ഡിഎഫ് നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ പതിനഞ്ചും നേടിയാണ് ഇവിടെ യുഡിഎഫ് അധികാരത്തിലേറിയത്.

മൂവാറ്റുപുഴയില്‍ യുഡിഎഫ് പ്രതിരോധത്തിലാണ്. എല്‍ഡിഎഫ് കോട്ടയില്‍ ഒത്തൊരുമയോടെ രംഗത്തിറങ്ങാനാകാത്തതും യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുന്നണിയിലെ ഘടകക്ഷികള്‍ പരസ്പരം മത്സരിക്കുന്ന വാര്‍ഡുകള്‍ മൂവാറ്റുപുഴയിലുണ്ട്. ഇരുപതില്‍ പതിനഞ്ചും നേടി എല്‍ഡിഎഫ് കഴിഞ്ഞ തവണ അധികാരത്തിലെത്തിയ ഇവിടെ നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്.

അങ്കമാലി, പെരുമ്പാവൂര്‍ നഗരസഭകളില്‍ ഫലം പ്രവചനാതീതമാണ്. എങ്കിലും ഈ പട്ടണങ്ങളുടെ പരമ്പരാഗത സ്വഭാവത്തില്‍ യുഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്നു. അങ്കമാലി നഗരസഭയില്‍ കഴിഞ്ഞ തവണ രണ്ട് മുന്നണികളും ഒപ്പത്തിനൊപ്പം സീറ്റുകളാണ് കരസ്ഥമാക്കിയത്. യുഡിഎഫ് വിമതനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്തുണച്ച് ഭരണം നേടിയ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളെ അണിനിരത്തി നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്്.

പെരുമ്പാവൂരില്‍ രണ്ട് മുന്നണികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം മുന്നേറിയ കാഴ്ചയാണ് അവസാനഘട്ടത്തില്‍ കണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയെ അതിജീവിക്കാന്‍ പ്രചാരണം മൂലം കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ബിജെപിക്ക് വിജയപ്രതീക്ഷയുള്ള ഒരു വാര്‍ഡും പെരുമ്പാവൂരിലുണ്ട്.

രണ്ട് മുന്നണികളും കഴിഞ്ഞ തവണ തുല്യസീറ്റ് നേടിയ പറവൂരില്‍ ഇത്തവണയും പോരാട്ടം ശക്തമാണ്. പ്രചാരണത്തില്‍ എല്‍ഡിഎഫ് മുന്നേറിയെങ്കിലും ഫലം പ്രവചനാതീതമാണ്. സിഐടിയു വിമതരുടെ സാന്നിധ്യം ഇവിടെ യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. കോതമംഗലത്തു പോരാട്ടം ശക്തമാണ്. 26 വാര്‍ഡുകളില്‍ 14 എണ്ണം നേടുമെന്നാണ് ഇരുമുന്നണികളുടെയും അവകാശവാദം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X