കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിണറുകള്‍ കാണാതാവുന്നു..!

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിണറുകള്‍ അപ്രത്യക്ഷമാകുന്നു. തലേ ദിവസം വരെ വെള്ളം കോരിയിരുന്ന കിണറുകള്‍ പെട്ടെന്ന് തകര്‍ന്നിടിഞ്ഞ് ഇല്ലാതെയാകുന്നത് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. വിവിധ ജില്ലകളിലായി ആറ് കിണറുകളും ഒരു കുളവുമാണ് ഇപ്രകാരം താഴ്ന്നു പോയിരിക്കുന്നത്. പലയിടങ്ങളിലും കിണറുകള്‍ക്ക് ചെരിവു വന്നിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, കോട്ടയം ജില്ലയിലെ ആറുമാനൂര്‍, തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം , കണ്ണൂരിലെ ചെങ്ങളായി എന്നിവിടങ്ങളിലാണ് കിണറുകള്‍ അപ്രത്യക്ഷമായത്. കണ്ണൂരിലെ മണിക്കടവിലാണ് കുളം കാണാതായത്. മലപ്പുറം ജില്ലയിലെ ചമ്രവട്ടത്ത് കിണറിന്റെ ചെരിവ് കൂടിയിട്ടുണ്ട്.

കോട്ടയത്ത് ഏറ്റുമാനൂരിനടുത്ത് ആറുമാനൂരില്‍ മൂന്ന് കിണറുകളാണ് ഇടിഞ്ഞു തകര്‍ന്നത്. ഈ ഭാഗങ്ങളില്‍ നേരിയ മുഴക്കം കേട്ടതായി നാട്ടുകാര്‍ പറയുന്നു. തൃശൂരിലെ പുന്നയൂര്‍ക്കുളത്ത് പുഴിക്കിള മാര്‍ക്കറ്റിനു സമീപത്തെ പുലിക്കോട്ടില്‍ വീട്ടിലെ 15 കോല്‍ ആഴമുള്ള കിണര്‍ ഇടിയുകയായിരുന്നു. ഇവിടെ കിണറിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഒരു കുഴിയാണുള്ളത്. ഇതില്‍ നിന്നും വെള്ളം പതഞ്ഞുയരുന്നുണ്ട്.

കുറ്റിപ്പുറത്ത് 34 അടി ആഴമുള്ള കിണറാണ് ഇടിഞ്ഞത്. ആള്‍മറയും മോട്ടോര്‍പമ്പും ബക്കറ്റും കൊട്ടത്തളവും താഴ്ന്നു പോയി. ഇവിടെയും കുഴിയില്‍ നിന്ന് നുരയും പതയും വരുന്നുണ്ട്.

കൊയിലാണ്ടിയില്‍ കൊല്ലത്തിനടുത്ത് മന്ദമംഗലത്ത് വട്ടക്കണ്ടി കുഞ്ഞിക്കണാരന്റെ കിണര്‍ ജൂണ്‍ 16 ശനിയാഴ്ച ഉച്ചയ്ക്കാണ് താഴ്ന്നു പോയത്. ഇരുപത്തിരണ്ടടി താഴ്ചയുള്ള കിണര്‍ പകുതിയോളം മൂടപ്പെട്ട അവസ്ഥയിലാണ്.

കണ്ണൂരില്‍ ചെങ്ങളാരി കോട്ടപ്പറമ്പിലെ കെ വി മൊയ്തീന്റെ 14 കോല്‍ ആഴമുള്ള കിണര്‍ ജൂണ്‍ 15 വെള്ളിയാഴ്ച രാത്രി മറഞ്ഞുപോയി. ചുറ്റുമതിലും കപ്പിയും കയറും തൊട്ടിയും കുഴിയില്‍ അപ്രത്യക്ഷമായി.

മണിക്കടവില്‍ നാലൊന്നുകാട്ടില്‍ ജോസഫ് നാലു വര്‍ഷം മുമ്പ് നിര്‍മ്മിച്ച കുളമാണ് കോണ്‍ക്രീറ്റ് ചുരുളുകളടക്കം ഇടിഞ്ഞ് താണ് അപ്രത്യക്ഷമായത്. 30 അടി താഴ്ചയും നാലര അടി വ്യാസവുമുള്ള കുളമായിരുന്നു ഇത്.

കിണറുകള്‍ കാണാതാവുന്ന പ്രതിഭാസത്തില്‍ ആശങ്ക വേണ്ടെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും കിണറുകള്‍ അപ്രത്യക്ഷമാകുന്നത് പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. മഴക്കാലത്ത് ചിലയിടങ്ങളില്‍ കിണറും കുളവും ഇടിയാറുണ്ടെങ്കിലും ചുറ്റുമതിലുകളും കോണ്‍ക്രീറ്റ് ചുരുളുകളും ഉള്‍പ്പെടെ അപ്രത്യക്ഷമാകുന്നത് ഇതാദ്യമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രകൃതിയുടെ ഈ വികൃതിയില്‍ കിണറുകള്‍ കാണാതായ പ്രദേശങ്ങിലെ താമസക്കാര്‍ പരിഭ്രാന്തരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X