കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയപ്രഖ്യാപനം: സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പതിനൊന്നാം നിയമസഭയുടെ ആദ്യനയപ്രഖ്യാപനം നടത്തിയ ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗ് തന്റെ പ്രസംഗത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കിയത് വിവാദമാകുന്നു. ഗവര്‍ണര്‍ രാജിവെക്കണമെന്ന ആവശ്യം യുഡിഎഫില്‍ ശക്തമായി വരികയാണ്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് ഗവര്‍ണറോട് ആരാഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍. അവ മനപ്പൂര്‍വം ഒഴിവാക്കിയതാണെങ്കില്‍ ഞങ്ങള്‍ അത് ഏറെ ഗൗരവമായാണെടുക്കുന്നത്. അതേ സമയം അറിയാതെ പറ്റിയതാണെങ്കില്‍ ഞങ്ങള്‍ക്ക് വിഷമവുമില്ല. രാജ്ഭവനില്‍ നിന്ന് മറുപടി ലഭിച്ചാല്‍ മാത്രമേ ഞങ്ങള്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുകയുള്ളൂ, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇടതുമുന്നണി സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയത്. നായനാര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉള്‍ക്കൊള്ളുന്ന ഭാഗം ഇതായിരുന്നു:

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പല വിധത്തിലും പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യുഡിഎഫ് ഉയര്‍ത്തിയ ശക്തമായ വിമര്‍ശനങ്ങള്‍ക്കും ഉത്തരവാദിത്തമുളള പ്രതിപക്ഷം എന്ന നിലയില്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളില്‍ നിന്നു കിട്ടിയ സ്വാഭാവിക അംഗീകാരമാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുളളത്. എല്‍ഡിഎഫ് അവരുടെ ഭരണകാലത്ത് നടത്തിയ നിഷ്ക്രിയത്വത്തിനും ദുര്‍ഭരണത്തിനും അഴിമതിക്കും അക്രമങ്ങള്‍ക്കും എതിരെ കേരളത്തിലെ ജനങ്ങള്‍ ബാലറ്റുപേപ്പറിലൂടെ വിധിയെഴുതിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന വികസനത്തിന്റെ പേരിലും ജനക്ഷേമത്തിന്റെ പേരിലും അവരുടെ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വളര്‍ത്താന്‍ ശ്രമിച്ചത് ജനരോഷം വിളിച്ചുവരുത്തുന്നതിനിടയാക്കി. എല്‍ഡിഎഫ് ഭരണത്തിന്റെ അഴിമതിയിലും അതിക്രമത്തിലും മനംമടുത്ത് കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റത്തിന് അതിയായി ആഗ്രഹിച്ചു. 1996 ല്‍ എല്‍. ഡി. എഫ് 1,69,418 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് മുന്നണിയെ തോല്‍പ്പിച്ച് അധികാരത്തിലേറുകയുണ്ടായി, എന്നാല്‍ 2001 ല്‍ 99 സീറ്റോടുകൂടി 8,42,561 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിനെ ജനങ്ങള്‍ വോട്ടു ചെയ്ത് വീണ്ടും അധികാരത്തിലേറ്റി. ഈ ജനവിധി കണക്കിലെടുത്ത് എന്റെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യബോധത്തോടും എളിമയോടെയും കൂടി മുന്നോട്ടു നീങ്ങുന്നതാണ്

ജൂണ്‍ 29 വെള്ളിയാഴ്ച വൈകുന്നേരം നടന്ന യുഡിഎഫ് യോഗത്തില്‍ത്തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഗവര്‍ണര്‍ രാജിവെക്കണമെന്നും അതിന് തയ്യാറല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ആര്‍എസ്പി (ബി) നേതാവ് എ.വി. താമരാക്ഷന്‍ ഈ ആവശ്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തുകഴിഞ്ഞു.

അതേസമയം ഗവര്‍ണറുടെ പ്രവൃത്തിയെക്കുറിച്ച് നിയമജ്ഞര്‍ രണ്ടു തട്ടിലാണ്. പ്രഥമദൃഷ്ട്യാ ഗവര്‍ണര്‍ ചെയ്തത് തെറ്റാണെന്നാണ് കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെ.പി. രാധാകൃഷ്ണമേനോന്‍ പറയുന്നത്. സര്‍ക്കാരിന്റെ തലവനെന്ന നിലയിലാണ് അദ്ദേഹം നയപ്രഖ്യാപനം വായിക്കുന്നത്. അല്ലാതെ ഒരു വ്യക്തിയായല്ല. എങ്കിലും ഗവര്‍ണ്‍ക്കെതിരെ നടപടി എടുക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേ സമയം മുതിര്‍ന്ന അഭിഭാഷകനായ കേളു നമ്പ്യാരുടെ അഭിപ്രായംഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ രാജി ആവശ്യപ്പെടാമെന്നാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X