കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കടക മരുന്നുകഞ്ഞി കുടിക്കാം

  • By Staff
Google Oneindia Malayalam News

തൃശൂര്‍: നഗരത്തില്‍ കര്‍ക്കടകമാസത്തോടനുബന്ധിച്ച് വില്ക്കുന്ന മരുന്നുകഞ്ഞിയ്ക്ക് ആവശ്യക്കാരേറുന്നു. മരുന്നുകഞ്ഞിയുടെ ഗുണമറിയാവുന്ന പഴയ തലമുറമാത്രമല്ല, പുതിയ തലമുറയും 38 ഔഷധക്കൂട്ടുകള്‍ നിറഞ്ഞ മരുന്നു കഞ്ഞി വാങ്ങിക്കഴിക്കാനെത്തുന്നുണ്ട്.

തൃശൂരിലെ പഴയ നടക്കാവിലെ ബ്രഹ്മസ്വം മഠത്തിനടുത്ത പാലേലി ഹാളിലാണ് മരുന്നുകഞ്ഞി വില്പന. വൈകീട്ട് ആറുമുതല്‍ എട്ടുമണിവരെ മാത്രമേ മരുന്നുകഞ്ഞി കിട്ടൂ. വില 50 രൂപ.

കഞ്ഞിക്കൊപ്പം കറികളൊന്നും കിട്ടില്ല. മരുന്നു കഞ്ഞി കുടിക്കാന്‍ പഥ്യം പാലിക്കണമെന്നാണ് ശാസ്ത്രം. മദ്യമോ മത്സ്യമാംസാദികളോ പാടില്ല. ലൈംഗികബന്ധവും ഒഴിവാക്കണം. മരുന്നു കഞ്ഞി വീട്ടില്‍ തയ്യാറാക്കാന്‍ പ്രത്യേക കിറ്റും ഇവിടെ വില്പനയ്ക്ക് ലഭിക്കും. മൂന്നു ദിവസത്തേക്കുള്ള കിറ്റിന് 55 രൂപ.

തൃശൂരിലെ ആള്‍ട്ടര്‍ മീഡിയയും എറണാകുളത്തെ ഗ്രാസ് ഹോപ്പര്‍ ഇക്കോ ഷോപ്പും സംയുക്തമായാണ് മരുന്നുകഞ്ഞി വില്പന നടത്തുന്നത്. വാതം, പിത്തം, കഫം എന്നീ ത്രിദോഷ പ്രകൃതിയുള്ളവര്‍ക്ക് അനുയോജ്യമായ വെവേറെ ചേരുവകള്‍ ചേര്‍ത്ത് മൂന്നുതരം മരുന്നു കഞ്ഞി തയ്യാറാക്കേണ്ടതുണ്ട്. ഓരോ വിഭാഗത്തില്‍ പെട്ടവര്‍ക്കും വെവേറെ കഞ്ഞി. പക്ഷെ മൂന്നു വിഭാഗക്കാരെയും തരംതിരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ എല്ലാവര്‍ക്കും ചേരുന്ന വിധം ചേരുവകള്‍ ചേര്‍ത്താണ് കഞ്ഞിയൊരുക്കുന്നതെന്ന് ഗ്രാസ് ഹോപ്പറിലെ അംഗമായ രഘു പറഞ്ഞു. രഘുവിന്റെ പുഴയ്ക്കലിലെ വീട്ടിലാണ് മരുന്നു കഞ്ഞി തയ്യാറാക്കുന്നത്.

തേങ്ങാപ്പാലില്‍ തയ്യാറാക്കുന്ന കഞ്ഞിയില്‍ ആടലോടകം, കുറുന്തോട്ടി, കര്‍പ്പൂര തുളസി, കൃഷ്ണതുളസി, കൊടിത്തൂവ, കരിംകുറുഞ്ഞി, ചതുരമുല്ല, ചങ്ങലമ്പരണ്ട, ചെറുകടലാടി, ചെറൂള, തഴുതാമ, തിരുതാളി, മുക്കുറ്റി, തൊട്ടാവാടി, നിലപ്പന, പര്‍പ്പടകപ്പുല്ല്, പ്രസാരണി, ഓരില, മൂവില, വയല്‍ച്ചുള്ളി എന്നീ പച്ചമരുന്നുകളും അശ്വഗന്ധം, പാല്‍മുരുക്ക്, തിപ്പലി, ഞെരിഞ്ഞല്‍ എന്നീ ഉണക്കമരുന്നുകളും ആണ് പ്രധാനമായും ചേര്‍ക്കുക.

മരുന്നു കഞ്ഞിയ്ക്ക് പുറമെ കേരളീയര്‍ പുതിയ പരിഷ്കാര ജീവിതത്തിന്റെ ഭാഗമായി ഉപേക്ഷിച്ച പഴമയുടെ നന്മകളടങ്ങിയ ഒട്ടേറെ ഉല്പന്നങ്ങളും പഴയ അറിവുകള്‍ പങ്കുവയ്ക്കുന്ന പുസ്തകങ്ങളും വില്പനയ്ക്കുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X