കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷം വരുന്നു : പുറകെ എല്‍ നിനോയും

  • By Staff
Google Oneindia Malayalam News

ദില്ലി : തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനു തന്നെ കേരളത്തിലെത്തും. കാലവര്‍ഷം ദക്ഷിണ ആന്‍ഡമാന്‍ കടലിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.

ഇതിനൊപ്പം ഈ വര്‍ഷാവസാനം ഉണ്ടാകുന്ന എല്‍ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഫലങ്ങള്‍ ഇന്ത്യയെ കാര്യമായി ബാധിയ്ക്കുകയില്ലെന്നും അവര്‍ പറയുന്നു. മണ്‍സൂണിനെ ആശ്രയിച്ചുളള കാര്‍ഷിക മേഖലയാണ് ഇന്ത്യയിലേതെന്നും അതിനാല്‍ എല്‍ നിനോയെ പേടിക്കേണ്ടതില്ലെന്നുമാണ് ഇന്ത്യയിലെ വിദഗ്ദ്ധരുടെ നിലപാട്.

പസഫിക് മഹാസമുദ്രത്തിന്റെ ഉപരിതലത്തിലുണ്ടാകുന്ന താപവ്യതിയാനങ്ങള്‍ സൃഷ്ടിയ്ക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ പ്രതിഭാസം. 1997-98 വര്‍ഷങ്ങളില്‍ അമേരിക്ക, പെറു മുതലായ രാജ്യങ്ങളെ നേരിട്ടും ഇന്ത്യയടക്കമുളള രാജ്യങ്ങളെ പരോക്ഷമായും ഇത് സ്വാധീനിച്ചിരുന്നു. ഇക്കുറിയും ഇന്ത്യയിലെ കാര്‍ഷിക മേഖലയെ എല്‍ നിനോ സൃഷ്ടിയ്ക്കുന്ന പ്രത്യാഘാതങ്ങള്‍ ദോഷകരമായി ബാധിയ്ക്കുമെന്നാണ് അന്താരാഷ്ട്ര വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ പോലെ എല്‍ നിനോ ഇക്കുറി അത്ര മാരകമായിരിക്കുകയില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഏഷ്യയില്‍ വന്‍ വരള്‍ച്ചയുണ്ടാകാനുളള സാധ്യത തളളിക്കളയാനാവില്ലെന്ന് അമേരിക്കയിലെ കാലാവസ്ഥാ പഠന കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. ആഗോളമായി എല്‍ നിനോയുടെ സംഹാര ശേഷി കുറവാണെങ്കിലും ഏഷ്യയിലെ കാര്‍ഷിക വിളകള്‍ ഭീഷണിയിലാണ്.

1997ലെ എല്‍ നിനോ ഇന്ത്യയില്‍ മണ്‍സൂണ്‍ വൈകിക്കുകയും ബംഗ്ലാദേശില്‍ വെളളപ്പൊക്കത്തിന് കാരണമാകുകയും ചെയ്തു. 100 വര്‍ഷത്തിനിടയില്‍ ഏറ്റവും മാരകമായ എല്‍ നിനോ പ്രതിഭാസമാണ് 1997-98 കാലത്തുണ്ടായത്.

ഈ വര്‍ഷം മണ്‍സൂണ്‍ കൃത്യ സമയത്തു തന്നെ എത്തുന്നത് എല്‍ നിനോ ഇന്ത്യയെ കാര്യമായി ബാധിയ്ക്കാനിടയില്ലെന്നതിന്റെ തെളിവായി നിരീക്ഷകര്‍ കാണുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടല്‍ത്തീരങ്ങളിലും മണ്‍സൂണിന്റെ ചലനങ്ങള്‍ കണ്ടു തുടങ്ങിയതായി റോയിട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ വര്‍ഷവും മെയ് 15നാണ് മണ്‍സൂണ്‍ ഈ പ്രദേശങ്ങളില്‍ എത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

കഴിഞ്ഞ 13 വര്‍ഷമായി കൃത്യസമയത്തിനു തന്നെ ഇന്ത്യയില്‍ കാലവര്‍ഷം എത്തുന്നുണ്ട്. ഇത് കാര്‍ഷീക മേഖലയ്ക്ക് വലിയ അനുഗ്രഹമാണ്.

മണ്‍സൂണ്‍ വര്‍ഷപാതത്തെ ആശ്രയിച്ചാണ് ഇന്ത്യയിലെ കാര്‍ഷിക മേഖല നീങ്ങുന്നത്. ആഭ്യന്തര ഉല്‍പാദനത്തിന്റെ 25 ശതമാനവും കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നവരില്‍ 70 ശതമാനത്തിന് തൊഴിലവസരങ്ങളുമാണ് സാധാരണ മണ്‍സൂണ്‍ മഴ ഇന്ത്യയ്ക്ക് സമ്മാനിയ്ക്കുന്നത്.

അറബിക്കടലും ഇന്ത്യാ മഹാ സമുദ്രത്തിലും രൂപം കൊളളുന്ന ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മഴയ്ക്ക് കാരണമാകുന്നത്. ജൂണിലെത്തുന്ന മണ്‍സൂണ്‍ സെപ്തംബറില്‍ ഇന്ത്യന്‍ തീരം കടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X