വോട്ടിന് കോഴ: കൊടുത്തത് കോടികള്‍- വിക്കിലീക്സ്

2008ല്‍ ആണവക്കരാര്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ രാഷ്ട്രീയ ലോക്ദള്‍ എംപിമാര്‍ക്ക് കോഴ നല്‍കിയെന്നാണ് വിക്കിലീക്‌സ് വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായ സതീഷ് ശര്‍മയുടെ സഹായി ഇതിന് 50 കോടി രൂപ വിനിയോഗിച്ചുവെന്നും രേഖകളില്‍ പറയുന്നു.
പിന്തുണ ഉറപ്പിക്കാന്‍ അഞ്ച് രാഷ്ട്രീയ ലോക്ദള്‍ അംഗങ്ങള്‍ക്കാണ് പണം നല്‍കിയതെന്ന് ഇന്ത്യയിലെ യുഎസ് എംബസി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നതായാണ് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. ഇതിനായി സതീഷ് ശര്‍മ്മയുടെ സഹായി ഓരോ അംഗത്തിനും 10 കോടി രൂപ വീതമാണ് നല്‍കിയത്. ഈ പണമടങ്ങിയ പെട്ടി ഇയാള്‍ യുഎസ് എംബസി പ്രതിനിധിയെ കാണിച്ചുവെന്നും വിക്കിലീക്‌സ് പറയുന്നു. അകാലിദള്‍ അംഗങ്ങളെ വ്യവസായികളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് ഇക്കാര്യത്തില്‍ പ്രതീക്ഷയുണ്ട്. സര്‍ക്കാര്‍ 283 വോട്ടിന് വിശ്വാസം നേടുമെന്നും വോട്ടെടുപ്പിന് തൊട്ടുമുന്‍പ് എംബസിയില്‍ നിന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. എംബസിയുടെ പ്രവചനത്തില്‍ വലിയ തെറ്റില്ലാതെ സര്‍ക്കാര്‍ അന്ന് 285 വോട്ടിനാണ് വിശ്വാസം നേടിയത്.
വിശ്വാസ വോട്ടിനിടെ പ്രതിപക്ഷ അംഗങ്ങള്‍ തങ്ങള്‍ക്ക് കിട്ടിയ കോഴ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാണിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കിയിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിസഭയില്‍ പുന:സംഘടന വരുത്തിയത് യു.എസ് താല്‍പര്യത്തിന് അനുസരിച്ചാണെന്ന് വിക്കിലീക്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരള മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാകിസ്താന്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഓഫീസില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നുമുള്ള വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് വിക്കിലീക്‌സ് വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications