കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൗസ് ബോട്ട് സമരം തീര്‍ന്നു

Google Oneindia Malayalam News

House Boat
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നടന്ന ഹൗസ് ബോട്ട് സമരം ടൂറിസം മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെങ്കിലും സര്‍ക്കാരിന്റെ ഇടപെടല്‍ സമരത്തെ അധികം മുന്നോട്ടുകൊണ്ടുപോകാതെ അവസാനിപ്പിക്കുന്നതിന് ഇടയാക്കി. നാലുദിവസത്തെ സമരം കൊണ്ടുതന്നെ ഏതാണ്ട് ആറുകോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വേതന വര്‍ദ്ധനവിനെച്ചൊല്ലി ഹൗസ് ബോട്ട് ഉടമകളും തൊഴിലാളികളും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്നാണ് സമരം തുടങ്ങിയത്. ഇതോടെ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഹൗസ് ബോട്ട് മേഖല അപ്പാടെ സ്തംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ടൂറിസം മന്ത്രി എ പി അനില്‍കുമാറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വേതനവ്യവസ്ഥകളില്‍ തീരുമാനമുണ്ടാവുകയും സമരം അവസാനിക്കുകയുമായിരുന്നു. തൊഴിലാളികളുടെ വേതനം 6,850 രൂപയായും ഡെയ്‌ലി ബാറ്റ 170 രൂപയായും വര്‍ധിപ്പിച്ചു. ജൂലൈ മുതല്‍ ശമ്പളവര്‍ധനവ് പ്രാബല്യത്തില്‍ വരും.

ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൗസ്‌ബോട്ടുകളുടെ ബുക്കിംഗും സര്‍വ്വീസും നിര്‍ത്തിവച്ചുകൊണ്ടുള്ള ഉടമകളുടെ സമരം നാലുദിവസം പിന്നിട്ടപ്പോള്‍ ടൂറിസം മേഖലയ്ക്ക് ആറുകോടിയുടെ നഷ്ടമാണുണ്ടായത്. പ്രധാനമായും വേമ്പനാട്ട് കായലിലും കുട്ടനാടിന്റെ വിവിധ മേഖലകളിലുമാണ് ഹൗസ് ബോട്ട് ടൂറിസം തഴച്ചുവളര്‍ന്നത്. നൂറുകണക്കിന് ബോട്ടുകളും തൊഴിലാളികളും സേവനം ചെയ്യുന്ന ഈ മേഖലയില്‍ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കാണ്. ഇടവപ്പാതിക്കാലത്ത് മഴ ആസ്വദിക്കാനെത്തുന്നവരെ നിരാശപ്പെടുത്തിക്കൊണ്ടാണ് ഹൗസ് ബോട്ട് സമരം നാലുദിവസം നീണ്ടത്.

ഹൗസ്‌ബോട്ട് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് ഉടമകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. ഇത് ആലപ്പുഴയുടെ ടൂറിസത്തിന് വന്‍ തിരിച്ചടിയായിരുന്നു. നൂറുകണക്കിന് ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളാണ് ഹൗസ്‌ബോട്ട് ബുക്കിംഗ് ഇല്ലാത്തിനാല്‍ നിരാശരായി തിരികെ പോയത്. സമരം അവസാനിച്ചത് കായല്‍ക്കാഴ്ച കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായിട്ടുണ്ട്, ഹൗസ്‌ബോട്ടുകളുടെ സമരം അനുബന്ധ മേഖലകളെയും സാരമായി ബാധിച്ചിരുന്നു.

പതിവ് മണ്‍സൂണ്‍ കാലങ്ങളെ അപേക്ഷിച്ച് വിദേശികളുടെ വരവ് ഇത്തവണ കൂടുതലായിരുന്നു. ഹൗസ്‌ബോട്ടുകള്‍ ബുക്കിംഗ് ഏറ്റെടുക്കാത്തതിനാല്‍ വിനോദസഞ്ചാരികളുടെ എണ്ണവും ആലപ്പുഴയില്‍ ഗണ്യമായി കുറഞ്ഞു. എന്നാല്‍ ഹൗസ്‌ബോട്ടുകളുടെ സമരം ആരംഭിച്ചതോടെ ചെറു ബോട്ടുകളുടെയും വള്ളങ്ങളുടെയും നിരക്ക് കുത്തനെ കൂടിയിരുന്നു.

കായല്‍ യാത്ര മാത്രമല്ല കുട്ടനാടന്‍ ഭക്ഷണത്തിന്റെ രുചിയറിയാനും കഴിയുന്ന ഹൗസ് ബോട്ട് സര്‍വ്വീസുകള്‍ കേരളത്തിലെ ടൂറിസം മേഖലയുടെ നട്ടെല്ലായി വളര്‍ന്നുകഴിഞ്ഞു. ഹൗസ് ബോട്ട് ഉടമകള്‍ നടത്തിയ സമരം തൊഴിലാളികളുടെ വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ടാണെങ്കിലും ഹൗസ് ബോട്ടുകളുടെ വ്യാപനത്തിനും അശാസ്ത്രീയമായ സര്‍വ്വീസ് സംവിധാനങ്ങള്‍ക്കുമെതിരെ പ്രകൃതി സ്‌നേഹികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ കുട്ടനാട്ടിലും വേമ്പനാട് കായലിന്റെ കരകളിലും നടക്കുന്നുണ്ട്.

ഹൗസ് ബോട്ടുകള്‍ നിക്ഷേപിക്കുന്ന മനുഷ്യമലം അടക്കമുള്ള മാലിന്യങ്ങള്‍ വേമ്പനാട്ടുകായലിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെങ്കിലും കായലിനെയും പരിസരത്തെയും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നില്ല. ഹൗസ് ബോട്ടുകള്‍ നാല് ദിവസം നടത്തിയ സമരം കൊണ്ട് വേമ്പനാടിനും മറ്റ് പുഴകളിലും അത്രയും കുറച്ച് മാലിന്യങ്ങള്‍ മാത്രമേ നിക്ഷേപിക്കപ്പെട്ടുള്ളൂ എന്ന ആശ്വാസത്തിലാണ് ഈ പ്രതിഷേധക്കാര്‍.

English summary
The house boat sector is back on its sails following agreement between owners and workers’ union over the wage hike at the talks held at the Chamber of Tourism Minister, A.P. Anilkumar in Thiruvananthapuram on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X