സത്‌നാം മരിച്ചത് ഇരുമ്പദണ്ഡ് കൊണ്ടുള്ള അടിയേറ്റ്
കൊല്ലം: വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച ബിഹാറുകാരന്‍ സത്‌നാം സിങ് മരിച്ചത് മര്‍ദ്ദനമേറ്റതിനാല്‍ ആണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കും കഴുത്തിനുമേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുമ്പുദണ്ഡും ആയുധങ്ങളും ഉപയോഗിച്ച് മര്‍ദിച്ചതിനെ തുടര്‍ന്നുള്ള നാല്‍പ്പതോളം പാടുകള്‍ ശരീരത്തിലുണ്ട്. ഇലക്ട്രിക് വയര്‍ കൊണ്ട് വരിഞ്ഞുമുറുക്കിയതിന്റെ ലക്ഷണങ്ങളും കാണാനുണ്ട്.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇയാള്‍ മരിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എഡിഎം പി കെ ഗിരിജയുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പൂര്‍ണമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച ലഭിക്കും. എംബാം ചെയ്ത മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 5.45ന് ജെറ്റ് എയര്‍വേസില്‍ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് റോഡ് മാര്‍ഗം ഗയയിലേക്ക് മൃതദേഹം എത്തിക്കും. മൃതദേഹം കൊണ്ടുപോകുന്നതിന്റേയും ഒപ്പം പോകുന്ന ഒരാളുടേയും ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
സത്‌നത്തിന്റെ ശരീരത്തില്‍ മൂന്ന് ദിവസം വരെ പഴക്കമുള്ള പാടുകളുമുണ്ട്. ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നാണെന്നാണ് പൊലീസിന്റെ നിഗമനം.സത്‌നാം ശനിയാഴ്ച രാത്രി സഹതടവുകാരനുമായി ബിഹാറുകാരന്‍ സംഘട്ടനമുണ്ടാക്കിയെന്നും മൊഴിയുണ്ട്.
ആഗസ്ത് ഒന്നിനാണ് അമൃതാനന്ദമയിയുടെ ദര്‍ശനവേദിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സത്‌നാം സിങ്ങിനെ ഭക്തരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ കൊല്ലം സബ്ജയിലില്‍ അടക്കുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. ജയിലില്‍ ഇയാള്‍ അക്രമാസക്തനായതിനെത്തുടര്‍ന്ന് പേരൂര്‍ക്കട മാനസീകാരോഗ്യകേന്ദ്രത്തിലെത്തിക്കുകയും അവിടെ വച്ച് ശനിയാഴ്ച രാത്രി മരിക്കുകയുമായിരുന്നു.
സത്‌നാം സിങ്ങിന്റേത് അസ്വഭാവിക മരണമാണെന്ന് പൊലീസ് അഭിപ്രായപ്പെട്ടിരുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കസെടുത്തിട്ടുമുണ്ട്. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരും ഇയാള്‍ അക്രമവാസന പ്രകടിപ്പിച്ചതായി അറിയിച്ചിരുന്നു.












Click it and Unblock the Notifications