ബൈജൂസിൽ ജൂലൈ മാസത്തെ ശമ്പളം പോലും കൊടുത്തില്ല; എങ്ങനെ കൊടുക്കും? മറുപടിയുമായി ബൈജു രവീന്ദ്രൻ
മുംബൈ: രാജ്യത്തെ പ്രമുഖ എഡ്യൂടെക് സ്ഥാപനമായ ബൈജൂസിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ ശക്തമാവുന്നു. കമ്പനിയിലെ ജീവനക്കാർക്ക് ജൂലൈ മാസത്തിലെ ശമ്പളം പോലും ഇതുവരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് ജീവനക്കാരാണ് മൂന്നാഴ്‌ചയോളം ശമ്പളം വൈകിയതോടെ ഗുരുതര പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാൽ വിഷയത്തിൽ സിഇഒ ബൈജു രവീന്ദ്രൻ തന്നെ ഇപ്പോൾ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ശമ്പളം മുടങ്ങിയ ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് കമ്പനി കടന്നു പോവുന്ന സാഹചര്യത്തെ കുറിച്ചും ഇനി ശമ്പളം നൽകുന്നതിന്റെ സാധ്യതകളെ കുറിച്ചുമൊക്കെ ബൈജു സംസാരിച്ചത്. വൈകാതെ എത്രയും പെട്ടെന്ന് തന്നെ ജീവനക്കാർക്ക് ശമ്പളം നൽകുമെന്നും ഇതിനായി തന്റെ വ്യക്തിഗത കടം എത്രതന്നെ ഉയർന്നാലും അതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് ബൈജു രവീന്ദ്രൻ വ്യക്തമാക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും തുടർച്ചയായ നിയമ പോരാട്ടങ്ങൾക്കും ഇടയിൽ നിലയില്ലാ കയത്തിൽ പെട്ടുപോയ ബൈജൂസിന് കൂടുതൽ പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് ജൂലൈ മാസത്തെ ശമ്പള വിതരണം മുടങ്ങിയത്. ഇതിന് പിന്നാലെയാണ് കമ്പനിയിലെ ജീവനക്കാരെ സിഇഒ തന്നെ അഭിസംബോധന ചെയ്‌തത്. ഇത്രയധികം പ്രശ്‌നങ്ങൾക്ക് ഇടയിലും ശുഭകരമായ മാറ്റങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷ തന്നെയാണ് സിഇഒ വച്ചുപുലർത്തുന്നത്.
തന്റെ വ്യക്തിഗത കടം ഉയർന്നാലും മുടങ്ങിയ ശമ്പളം ഉടനടി നൽകുമെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ അദ്ദേഹം വ്യക്തമാക്കി. കൂടാതെ ശമ്പളം മുടങ്ങാനുണ്ടായ കാരണങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു തകർത്തിന് ഒടുവിൽ കമ്പനി പാപ്പരത്ത പ്രഖ്യാപനത്തിന്റെ വക്കോളം എത്തിയിരുന്നു. അതുൾപ്പടെ സൂചിപ്പിച്ചു കൊണ്ടാണ് ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് സന്ദേശം അയച്ചത്.
കേസ് തീർപ്പാക്കിയെന്നും സാമ്പത്തിക നിയന്ത്രണം വീണ്ടും ഏറ്റെടുക്കാൻ കമ്പനി ഒരുങ്ങുകയാണെന്നും അദ്ദേഹം സൂചിപിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകൾക്ക് ഇടയിൽ കമ്പനിക്കെതിരെ ഒരുപാട് ആരോപണങ്ങൾ ഉയർന്നുവെന്നും ബൈജു ചൂണ്ടിക്കാണിക്കുന്നു. അതിൽ പലതും തങ്ങൾക്ക് തിരിച്ചടിയായി എന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.
കൂടാതെ വളരെ സുതാര്യമായി തന്നെയാണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. കഴിഞ്ഞ രണ്ട് വർഷമായി ടീമിന് ശമ്പളമായി നൽകിയ ആകെ 3976 കോടി രൂപയിൽ, 1600 കോടി രൂപ റിജു രവീന്ദ്രൻ വ്യക്തിപരമായി നൽകിയതാണെന്നും അദ്ദേഹം പറയുകയുണ്ടായി. ബൈജുവിന്റെ സഹോദരനാണ് റിജു രവീന്ദ്രൻ.
അടുത്തിടെ ബൈജൂസിനെതിരായ പാപ്പരത്ത നടപടികൾ നാഷണൽ കമ്പനി അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) നിർത്തിവച്ചിരുന്നു. ബിസിസിഐയുമായി 158 കോടി രൂപയുടെ ഒത്തുതീർപ്പിന് അനുമതി നൽകി കൊണ്ടായിരുന്നു എൻസിഎൽഎടിയുടെ ഉത്തരവ്. പാപ്പരത്ത പരിഹാര നടപടികള്‍ ആരംഭിക്കാനുള്ള നിർദ്ദേശം ചോദ്യം ചെയ്‌ത് കൊണ്ട് ബൈജു രവീന്ദ്രന്‍ ഫയൽ ചെയ്‌ത അപ്പീല്‍ പരിഗണിച്ചു കൊണ്ടായിരുന്നു ട്രിബ്യൂണലിന്റെ ആശ്വാസ നടപടി.












Click it and Unblock the Notifications