ഇങ്ങനെയുണ്ടോ ഗതാഗത കുരുക്ക്; കൊച്ചിയിലെ റോഡുകളില്‍ നട്ടംതിരിഞ്ഞ് വാഹന യാത്രക്കാര്‍
കൊച്ചി: എറണാകുളത്തെ ട്രാഫിക് ബ്ലോക് പറയാന്‍ നിന്നാല്‍ ഒരു ദിവസം മതിയാവില്ലെന്നാണ്. പക്ഷേ നഗരത്തില്‍ ഇപ്പോള്‍ അതിരൂക്ഷമാണ് ഈ ഗതാഗത കുരുക്ക്. മാസങ്ങളായി നീളുന്ന നവീകരണ-നിര്‍മാണ-പൈപ്പിടല്‍ ജോലികള്‍ മൂലം റോഡുകളെല്ലാം തടസ്സപ്പെട്ട് കിടക്കുകയാണ്. അതുമാത്രമല്ല നഗരത്തിലെ പല ഇട റോഡുകളുടെ അവസ്ഥയും മോശമാണ്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പലരും നോക്കുന്നത് ഇത്തരം ചെറുറോഡുകളെയാണ്. എന്നാല്‍ അവിടെയും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്.
ഏതൊക്കെ റോഡാണ് കൊച്ചിയില്‍ പ്രശ്‌നങ്ങളില്ലാത്തത് എന്ന് ചോദിക്കുന്നതാണ് ഏറ്റവും നല്ലത്. കെപി വള്ളോന്‍ റോഡാണ് വാഹന യാത്രക്കാരുടെ വില്ലനായി മാറിയിരിക്കുന്നത്. മാസങ്ങളായി ഈ റോഡിന്റെ ഇരുവശങ്ങളും പൊളിച്ചിട്ടിട്ട്. പ്രതിഷേധം വന്നപ്പോള്‍ മാത്രം ഒന്ന് മൂടുക മാത്രമാണ് ചെയ്തത്. റോഡില്‍ നടക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്.

കെപി വള്ളോന്‍ റോഡില്‍ നിന്നു തിരിയുന്ന യുവജന സമാജം റോഡിലും ദേശീയപാതയില്‍ നിന്ന് വെണ്ണല ഭാഗത്തേക്കുള്ള ചില ഇട റോഡുകളിലും കുഴികള്‍ മാത്രമാണ് ഉള്ളത്. കുണ്ടന്നൂര്‍ പാലത്തിലെ ടാറിങ് ജോലി വീണ്ടും തുടങ്ങിയതോടെ പശ്ചിമ കൊച്ചി ഭാഗങ്ങളിലേക്കുള്ള തിരക്കും വര്‍ധിച്ചിരിക്കുകയാണ്.
പെരുമാനൂരില്‍ ലൂര്‍ദ് പള്ളിക്ക് സമീപത്തെ വലിയ കുഴിയും ജല അതോറിറ്റി ജോലികളും തേവര വഴി പോകുന്നവരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പനമ്പിള്ളിനഗര്‍ ഭാഗത്തേക്കുള്ള ഇട റോഡുകളെല്ലാം മാസങ്ങളായി തകര്‍ന്നിരിക്കുകയാണ്.
അതേസമയം പാലാരിവട്ടം-കാക്കനാട് റോഡില്‍ മെട്രോ റെയില്‍ നിര്‍മാണം നടക്കുന്നതിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. സമാന്തര ഇടറോഡുകള്‍ നവീകരിക്കുമെന്ന് കെഎംആര്‍എല്‍ പറഞ്ഞെങ്കിലും നടപടി പുരോഗമിക്കുന്നില്ല. പ്രവൃത്തി ദിനങ്ങളില്‍ വൈകിട്ടും രാവിലെയും വന്‍ ഗതാഗതകുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
മെട്രോ ജോലികള്‍ സജീവമായാല്‍ ട്രാഫിക് ബ്ലോക്കുകള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. ജില്ലാ വികസന സമിതിയിലും റോഡ് അറ്റകുറ്റപ്പണികളെ തുടര്‍ന്നുള്ള ഗതാഗതകുരുക്ക് ചര്‍ച്ചയായിരിക്കുകയാണ്. അടിയന്തര നടപടി വേണമെന്നാണ് ജില്ലാ വികസന സമിതിയിലെ ആവശ്യം. ജനപ്രതിനിധികള്‍ നേരിട്ടാണ് ഇക്കാര്യം സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.












Click it and Unblock the Notifications