കരുത്തുകാട്ടി വിഫോര്‍ കൊച്ചി, പ്രമുഖരുടെ വഴിമുടക്കി, മേയര്‍ സ്ഥാനാര്‍ത്ഥി വരെ തോല്‍പ്പിച്ചു!!
കൊച്ചി: ജയം പ്രതീക്ഷിച്ച് ഇറങ്ങിയ എല്ലാ മുന്നണികളെയും വെള്ളം കുടിപ്പിച്ച പ്രകടനം നടത്തി വിഫോര്‍ കൊച്ചി. കൊച്ചി കോര്‍പ്പറേഷനില്‍ എളുപ്പത്തില്‍ ഭരണം പിടിക്കാമെന്ന ഇടതുപക്ഷത്തിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷകള്‍ തെറ്റിച്ചതും അവരാണ്. ഇത്തവണ കൊച്ചിയില്‍ ഞെട്ടിച്ച പ്രകടനമാണ് അവര്‍ നടത്തിയത്. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന കരുതിയ എന്‍ വേണുഗോപാലിനെ വീഴ്ത്തിയതിന് പ്രധാന കാരണവും വിഫോര്‍ കൊച്ചിയാണ്. പല പ്രമുഖരുടെ അവരുടെ വരവില്‍ പരാജയപ്പെട്ടു. ശക്തമായി പുതിയൊരു പാര്‍ട്ടി കൂടി വന്നത് വോട്ട് ഭിന്നിക്കുന്നതിന് വലിയ കാരണമായി മാറിയിരിക്കുകയാണ്.
ഇവര്‍ക്ക് ലഭിച്ച വോട്ടുകള്‍ യുഡിഎഫിനെ ശരിക്കും ബാധിച്ചിട്ടുണ്ട്. നാല് മാസം മുമ്പാണ് ഇങ്ങനൊരു പാര്‍ട്ടി രൂപം കൊണ്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് അവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നേട്ടവും അവര്‍ക്ക് ലഭിച്ചു. കോര്‍പ്പറേഷനില്‍ 59 ഡിവിഷനുകളിലാണ് വിഫോര്‍ കൊച്ചി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഇതില്‍ മൂന്ന് ഡിവിഷനുകളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ അവര്‍ക്ക് സാധിച്ചു. 43ാം ഡിവിഷന്‍ പാലാരിവട്ടത്ത് മുന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജോഷി പള്ളനെ മൂന്നാം സ്ഥാനത്താക്കി ഷിബു ചമ്മണി രണ്ടാം സ്ഥാനത്തെത്തി. 1213 വോട്ടുകളാണ് സ്വന്തമാക്കിയത്.
26ാം ഡിവിഷന്‍ നസ്രത്തില്‍ മേരി ഡിന്‍സി 694 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. 68ാം ഡിവിഷന്‍ അയ്യപ്പന്‍ കാവില്‍ ആഷ്‌ലി റോസും രണ്ടാം സ്ഥാനത്തെത്തി. ഇവര്‍ 541 വോട്ടാണ് നേടിയത്. ചെറിയ വോട്ടിന് പ്രമുഖര്‍ തോറ്റ വാര്‍ഡുകളിലെല്ലാം വിഫോര്‍ കൊച്ചി കരുത്ത് കാണിച്ചിട്ടുണ്ട്. വേണുഗോപാല്‍ ഒരു വോട്ടിന് തോറ്റ ഐലന്‍ഡ് നോര്‍ത്തില്‍ എട്ട് വോട്ട് വിഫോര്‍ കൊച്ചിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോഫിന്‍ ജൂലിയറ്റ് രാജു നേടി. ഇവരുടെ ഈ വോട്ട് ഭിന്നിക്കല്‍ ഇല്ലായിരുന്നുവെങ്കില്‍ യുഡിഎഫിന് ഒരംഗത്തെ കൂടുതലായി ലഭിക്കുമായിരുന്നു. അത് കോര്‍പ്പറേഷന്‍ ഭരണത്തെയും മേയര്‍ തിരഞ്ഞെടുപ്പിനെയും വരെ സ്വാധീനിക്കുമായിരുന്നു.
അതേസമയം ജോഫിന്‍ ജൂലിയറ്റിന് ഏറ്റവും കുറവ് വോട്ട് കിട്ടിയതും ഐലന്‍ഡ് നോര്‍ത്തിലാണ്. പിഡി മാര്‍ട്ടിന്‍ 115 വോട്ടുകള്‍ക്കാണ് ഗാന്ധി നഗറില്‍ തോറ്റത്. മാര്‍ട്ടിന്‍ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ്. ഇവിടെ വിഫോര്‍ കൊച്ചിയുടെ ജയകുമാര്‍ 216 വോട്ടുകളാണ് പിടിച്ചത്. മുന്‍ മേയര്‍ കെജെ സോഹന്‍ 145 വോട്ടിനാണ് തോറ്റത്. 27ാം ഡിവിഷന്‍ ഫോര്‍ട്ടുകൊച്ചി വെളിയിലാണ് തോറ്റത്. ഇവിടെ വിഫോറിന്റെ ആല്‍ഡ്രിന്‍ മാനുവല്‍ 828 വോട്ടുകള്‍ പിടിച്ചു. ഒരുപക്ഷേ ഭൂരിപക്ഷത്തിന് വേണ്ട വോട്ടുകളായിരുന്നു ഇത്. മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഗ്രോസി ബാബു 140 വോട്ടുകള്‍ക്കാണ് എറണാകുളം സെന്‍ട്രലില്‍ തോറ്റിരുന്നു. ഇവിടെ പ്രിയങ്ക അനില്‍ കുമാര്‍ 157 വോട്ടുകള്‍ നേടി.