ഹിന്ദി പറയുന്നവര്‍ നല്ലവര്‍, ഫ്രഞ്ച് പഠിച്ചാല്‍ തമിഴ്‌നാട്ടുകാരിയല്ലാതായി തീരില്ല: ഭാഷാ വിവാദത്തില്‍ സുഹാസിനി
ചെന്നൈ: ഹിന്ദി ഭാഷ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി നടി സുഹാസിനി. ഹിന്ദി പഠിക്കുന്നത് നല്ലതാണ് എന്ന അഭിപ്രായവുമായാണ് സുഹാസിനി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണെന്നും അവരുമായി സംസാരിക്കുന്നതിന് ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നും സുഹാസിനി പറഞ്ഞു. ചെന്നൈയില്‍ ഒരു കട ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുഹാസിനി.
തമിഴും നല്ല ഭാഷയാണ്. എല്ലാവരും തമിഴ് പറഞ്ഞാല്‍ സന്തോഷമെന്നും എല്ലാ ഭാഷകളെയും തുല്യമായി കാണണമെന്നും സുഹാസിനി പറഞ്ഞു. എത്രയും കൂടുതല്‍ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ് എന്നും സുഹാസിനി അഭിപ്രായപ്പെട്ടു. ഫ്രഞ്ച് പഠിക്കാന്‍ ഇഷ്ടമാണെന്നും എന്നാല്‍ ഫ്രഞ്ച് പഠിച്ചാല്‍ തമിഴ്‌നാട്ടുകാരിയല്ലാതായിത്തീരില്ലെന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു. തമിഴരും നല്ലവരാണ്. ഹിന്ദിക്കാരും തമിഴില്‍ സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്.
ചെന്നൈ ത്യാഗരാജ നഗറിലെ തങ്കൈ ജ്വല്ലറിയില്‍ അഷ്ട തൃതീയ പ്രമാണിച്ച് നടന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താരം. അഭിനേതാക്കള്‍ എല്ലാ ഭാഷകളും അറിഞ്ഞിരിക്കണം. എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടണം എന്നും സുഹാസിനി പറഞ്ഞു. തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരില്‍ തെലുങ്കും ഹിന്ദിയും സംസാരിക്കുന്നവരുണ്ട് എന്ന് സുഹാസിനി പറഞ്ഞു. അതുകൊണ്ടാണ് എല്ലാവരും എല്ലാ ഭാഷകളും പഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് എന്നും സുഹാസിനി പറഞ്ഞു.
അതേസമയം സുഹാസിനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്ക് ഹിന്ദി അത്ര ഇഷ്ടമാണെങ്കില്‍ അവിടെ പോയി സിനിമയെടുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പലരും കമന്റ് ചെയ്യുന്നുണ്ട്. ഗായകന്‍ സോനു നിഗവും അടുത്തിടെ ഇതേ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ദേശീയ ഭാഷയായ ഹിന്ദി ഭരണഘടനയില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്നും അത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷയാകാം എന്നാല്‍ ദേശീയ ഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും കന്നഡ നടന്‍ കിച്ച സുദീപും തമ്മില്‍ ട്വിറ്ററില്‍ ഹിന്ദി ഭാഷ സംവാദം ഉടലെടുത്തിരുന്നു. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്ന് കന്നഡ നടന്‍ കിച്ച സുദീപ് സഞ്ജീവ് ചൂണ്ടിക്കാണിച്ചപ്പോള്‍, ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത് എന്തിനാണെന്ന് ബോളിവുഡ് നടന്‍ അജയ് ദേവഗണ്‍ ചോദിച്ചതാണ് വിവാദങ്ങളുടെ തുടക്കം.
കെ ജി എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് അഭിപ്രായപ്പെട്ടത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗണ്‍ മറുപടി നല്‍കിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സൂപ്പര്‍ലുക്കില്‍ പാര്‍വതി; വൈറല്‍ ചിത്രങ്ങള്‍ കാണാം
ഇതിന് പിന്നാലെ ഇരുതാരങ്ങളുടേയും വാദങ്ങള്‍ പിന്തുണച്ച് രാഷ്ട്രീയ-സിനിമ മേഖലയില്‍ നിന്നുള്ളവരെല്ലാം രംഗത്തെത്തിയിരുന്നു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കലില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ ദ്രാവിഡ കഴകം പ്രതിഷേധം നടത്തിയിരുന്നു. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ഭാഷ എല്ലാവരും അറിഞ്ഞിരിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഹിന്ദി ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാന മന്ത്രി കെ ടി രാമറാവു എന്നിവര്‍ രംഗത്തെത്തുകയും നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയെന്ന് ഊന്നിപ്പറയുകയും ചെയ്തിരുന്നു.