റെംഡിസിവിര്‍ വ്യക്തികള്‍ക്ക് എങ്ങനെ ലഭിക്കുന്നു, കേന്ദ്രത്തോട് ചോദ്യങ്ങളുമായി ബോംബെ ഹൈക്കോടതി
മുംബൈ: റെംഡിസിവിര്‍ വ്യക്തികള്‍ക്ക് ലഭിക്കുന്നതെങ്ങനെ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ച് ബോംബെ ഹൈക്കോടതി. മരുന്ന് കമ്പനികളില്‍ നിന്ന് സ്വകാര്യ വ്യക്തികള്‍ക്ക് എങ്ങനെയാണ് കൊവിഡ് മരുന്നുകള്‍ വാങ്ങാനും വിതരണം ചെയ്യാനും സാധിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സാധാരണ കമ്പനികള്‍ മൊത്തം വാക്‌സിനുകളും കേന്ദ്ര സര്‍ക്കാരിനാണ് നല്‍കാറുള്ളത്. കേന്ദ്രം അത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയാണ് പതിവ്. മഹാരാഷ്ട്രയിലെ കൊവിഡ് മാനേജ്‌മെന്റിലെ പ്രശ്‌നങ്ങളും അതുമൂലം റെംഡിസിവിറിനും ഓക്‌സിജനും ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

അഹമ്മദ്‌നഗറിലെ ബിജെപി എംപി സുജയ് വിഖെ പാട്ടീല്‍ നേരത്തെ 10000 വയല്‍ റെംസിസിവിര്‍ ദില്ലിയില്‍ നിന്ന് വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു. സ്വന്തം മണ്ഡലത്തിലായിരുന്നു വിതരണം ചെയ്തത്. ഇതാണ് കോടതി എടുത്ത് കാണിച്ചത്. പതിനായിരം വയലുകള്‍ ദില്ലിയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ എത്തിക്കാന്‍ സാധിക്കുന്നത്. ഇത് ഒരു വ്യക്തിയുടെ സ്വകാര്യമായ കാര്യമല്ലേ? ദില്ലി തന്നെ വലിയൊരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇതെങ്ങനെ സാധ്യമാകുന്നുവെന്നും ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണി ചോദിച്ചു.
വാക്‌സിനുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നാണ് കോടതിയുടെ ആവശ്യം. അത് ആവശ്യമുള്ളവര്‍ക്ക് കൂടിയായിരിക്കണം. കുറച്ചാളുകള്‍ക്ക് മാത്രം ലഭിക്കുന്ന രീതിയാവരുതെന്നും ജസ്റ്റിസ് കുല്‍ക്കര്‍ണി പറഞ്ഞു. അഹമ്മദ്‌നഗറിലുണ്ടായ സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ല. നിരവധി സ്വകാര്യ ആശുപത്രികള്‍ ഇത്തരത്തില്‍ വാക്‌സിന്‍ ശേഖരണം നടത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന് നിരോധനമേര്‍പ്പെടുത്തുമെന്നും കോടതി പറഞ്ഞു.
അതേസമയം ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് നിര്‍ദേശങ്ങളും കോടതി നല്‍കി. ആശുപത്രികളിലെ കൊവിഡ് ബെഡ് മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനത്തിനുള്ള ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനത്തെ കുറിച്ച് കോടതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവ് വരുമ്പോള്‍ അത് ബിഎംസി പോര്‍ട്ടലില്‍ ഉടന്‍ തന്നെ വരുമെന്ന് ഉറപ്പാക്കാന്‍ എന്തൊക്കെ ചെയ്തുവെന്ന് അറിയിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ശ്മശാനങ്ങളുടെയും ശവപ്പുരകളുടെയും നിലവിലെ വിവരങ്ങള്‍ നല്‍കാനും, അവിടങ്ങളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ധാരാളം വരുന്നത് കൊണ്ട് വേണ്ട വിധത്തില്‍ ഇവിടെ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications