കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ലക്ഷ്യം ബിജെപിക്കെതിരായ വന്‍ സഖ്യം... മമതയ്ക്ക് പിന്നാലെ ഘോഷ്
കൊല്‍ക്കത്ത/ദില്ലി: ഒരു കാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ബംഗാളിലെ മുഖമായിരുന്നു മമത ബാനര്‍ജി. നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസവും മറ്റുചില കാര്യങ്ങളുമാണ് അവരെ പുറത്തെത്തിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച് മമത തുടങ്ങിയ മുന്നേറ്റം ബംഗാളില്‍ വടവൃക്ഷമായി പന്തലിച്ചു നില്‍ക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും ഒരുമിച്ച് ശ്രമിച്ചിട്ടും മമതയുടെ പേരിന് കോട്ടം തട്ടിക്കാന്‍ ആയില്ല.
ഇനി ദില്ലിയിലേക്ക് നോട്ടമിടുകയാണ് മമത. പാര്‍ട്ടി എംപിമാര്‍ക്ക് സുപ്രധാന നിര്‍ദേശം നല്‍കി കഴിഞ്ഞു. തൊട്ടുപിന്നാലെ മമതയുമായി കൈകോര്‍ക്കണമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും ആവശ്യം ഉയര്‍ന്നിരിക്കുന്നു. കൂടുതല്‍ അറിയാല്‍ തുടര്‍ന്നു വായിക്കുക...
സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റുകളാണ് നേടിയത്. ബിജെപി 70ലധികം സീറ്റ് നേടിയെങ്കിലും അമിത് ഷാ പ്രഖ്യാപിച്ച പോലെ ബംഗാളിന്റെ ഭരണം പിടിക്കാന്‍ സാധിച്ചില്ല. ഭരണം മാറുമെന്ന് പ്രതീക്ഷിച്ച് ബിജെപിയില്‍ ചേക്കേറിയവരെല്ലാം ഇപ്പോള്‍ തൃണമൂലിലേക്ക് തിരിച്ചുവരുന്നുവെന്നാണ് ബംഗാളിലെ വാര്‍ത്ത.

ബിജെപിയെ പരാജയപ്പെടുത്തണം എന്ന നിലപാടുള്ള ഒട്ടേറെ പ്രതിപക്ഷ നേതാക്കള്‍ രാജ്യത്തുണ്ട്. കോണ്‍ഗ്രസിന് പുറമെ എംകെ സ്റ്റാലിനും പിണറായി വിജയനും മമത ബാനര്‍ജിയും ഇതേ നിലപാടുകാരാണ്. ഈ സാഹചര്യത്തിലാണ് ദില്ലിയിലേക്ക് മമത നോട്ടമിടുന്നത്. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നതിന് മുമ്പേ മമത കളമൊരുക്കുകയാണ്.

മമതയ്ക്കും ബിജെപിക്കുമെതിരെയാണ് ബംഗാളില്‍ കോണ്‍ഗ്രസ് നിലകൊണ്ടിരുന്നത്. തിരഞ്ഞെടുപ്പില്‍ അവര്‍ ഇടതുപക്ഷവുമായി കൈകോര്‍ത്തു. എന്നാല്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചില്ല. തൃണമൂലും ബിജെപിയും തമ്മിലുള്ള ശക്തമായ പോരില്‍ ഇരുകൂട്ടരും തകര്‍ന്നടിയുകയായിരുന്നു.

സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷവുമായി സഹകരിച്ച കോണ്‍ഗ്രസിന് എന്തുകൊണ്ട് തൃണമൂലുമായി സഖ്യമുണ്ടാക്കിക്കൂടാ എന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപ്തിമാന്‍ ഘോഷ് ആണ്. തൃണമൂലുമായി സൗഹൃദം സ്ഥാപിക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ പൊതുവേദി ആവശ്യമാണ്. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം. മമതയുടെ പാര്‍ട്ടിയുമായുള്ള മല്ലയുദ്ധം നിര്‍ത്തി സൗഹൃദത്തിലേക്ക് കടക്കണം. എങ്കില്‍ മാത്രമേ ബിജെപിയെ പ്രതിരോധിക്കാന്‍ സാധിക്കൂ എന്നും ദീപ്തിമാന്‍ ഘോഷ് പറഞ്ഞു. ഇതിനിടെയാണ് മമത സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്.

പാര്‍ലമെന്റില്‍ കോണ്‍ഗ്രസുമായി സഹകരിച്ച് നീങ്ങണമെന്നാണ് മമത ബാനര്‍ജി തൃണമൂല്‍ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അടുത്ത മാസം മമത ദില്ലിയിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍, പ്രിയങ്ക എന്നിവരെയും അവര്‍ കാണുമെന്നാണ് വിവരം. കൂടാതെ ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും മമത ചര്‍ച്ച നടത്തും. ഇതിന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കളമൊരുക്കിയിട്ടുണ്ട്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും ബിജെപിക്കെതിരെ ഒന്നിക്കണമെന്നാണ് മമതയുടെ നിലപാട്. എന്നാല്‍ ബംഗാളിലെ ചില നേതാക്കള്‍ ഇതിന് എതിരാണ്. മമയുടെമായി കൈകോര്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കളും ബംഗാളിലുണ്ട്. ഈ നിലപാട് മാറ്റാന്‍ സമയമായി എന്നാണ് ദീപ്തിമാന്‍ ഘോഷ് പറയുന്നത്. അടുത്ത മാസം ദില്ലിയില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications