ലക്ഷ്യം മോദി തന്നെ, രണ്ടാം വരവ് അറിയിച്ച് ദിവ്യ സ്പന്ദന;ട്വീറ്റ് വൈറൽ!സജീവ രാഷ്ട്രീയത്തിലേക്ക്?
ദില്ലി; മോദിയേയും ബിജെപിയേയും മുൾമുനയിൽ നിർത്തുന്ന കോൺഗ്രസിന്റെ മുൻ എംപിയും സോഷ്യൽ മീഡിയ ഹെഡുമായിരുന്ന ദിവ്യ സ്പന്ദന നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഒരു വർഷമായി സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന ദിവ്യ ആഗസ്റ്റ് ആദ്യവാരമായിരുന്നു ആദ്യ പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ തന്റെ ചില സെൽഫികൾ മാത്രമായിരുന്നു അന്ന് അവർ പങ്കുവെച്ചത്.
ഇപ്പോഴിതാ പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ച് കൊണ്ട് തന്റെ രണ്ടാം വരവ് അറിയിച്ചിരിക്കുകയാണ് അവർ.ട്വിറ്ററിലൂടെയാണ് പിഎം കെയേഴ്സ് ഫണ്ടിനെതിരെ ദിവ്യ സ്പന്ദന രംഗത്തെത്തിയത്.

പിഎം കെയേഴ്സ് ഫണ്ട്
പിഎം കെയേഴ്സ് ഫണ്ടിന്റെ കീഴിൽ ലഭിക്കുന്ന പണം ദേശീയ ദുരന്ത നിവാര ഫണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു. പിഎം കെയേഴ്സ് ഫണ്ടിലേക്കു ലഭിക്കുന്നവ തികച്ചും വ്യത്യസ്തമാണെന്നും, ഇവ ചാരിറ്റബിൾ ട്രസ്റ്റുകളുടെ ഫണ്ടാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹർജി തള്ളിയത്.

കോടതി നിലപാട്
സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 28 നായിരിന്നു കേന്ദ്രസർക്കാർ പിഎം കെയർ ഫണ്ട് രൂപീകരിച്ചത്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്സ് ഒഫീഷ്യോ ചെയർമാൻ.

ബിജെപിയുടെ പ്രതികരണം
അതേസമയം സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. വിധി രാഹുൽ ഗാന്ധിയ്ക്കേറ്റ കനത്ത പ്രഹരമാണെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രതികരിച്ചത്. കേന്ദ്രമന്ത്രി ജിത്രന്ദ്ര സിംഗും വിഷയത്തിൽ പ്രതികരിച്ചിരുന്നു.

മന്ത്രിയുടെ ട്വീറ്റ്
ഫണ്ടിന്റെ നിയമസാധുതയെ സുപ്രീം കോടതി ശരിവെച്ചെന്നും അത് വ്യക്തവും ശക്തവുമായ സന്ദേശമാണ് നൽകുന്നതെന്നുമായിരുന്നു മന്ത്രിയുടെ ട്വീറ്റ്.. ഈ ട്വീറ്റിന് മറുപടി നൽകി കൊണ്ടാണ് ദിവ്യയുടെ പ്രതികരണം. പകൽ പോലെ വ്യക്തം-ദാൽ മേം ഡെഫനിറ്റ്ലി കുച്ച് കാലാ ഹേ(എന്തോ കുഴപ്പമുണ്ടെന്ന്) ,എന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്.
കുറഞ്ഞ സമയം കൊണ്ട് തന്നെ വൻ വൈറലായി. ഇതിനോടകെ 7000ത്തോളം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്.1800ഓളം റീട്വീറ്റുകളും.

ഏറെ സന്തോഷിക്കും
നേരത്തേ അയോധ്യയിലെ ഭൂമി പൂജയുടെ സമയത്തും ദിവ്യ ട്വിറ്ററിൽ ട്വീറ്റ് പങ്കുവെച്ചിരുന്നു. രാമ മന്ദിർ പണിയുന്നതിൽ ഹിന്ദുക്കൾ സന്തുഷ്ടരാണെന്ന കാര്യത്തിൽ ഞാൻ സന്തോഷിക്കുന്നു. പള്ളി പണിയുമ്പോൾ മുസ്ലീങ്ങൾ സന്തോഷിക്കുന്നതിനാൽ അപ്പോഴും ഞാൻ സന്തോഷിക്കും. എന്നാൽ ദൈവത്തെ മനസിലാക്കുന്നതിന് പള്ളിയോ ക്ഷേത്രമോ ആവശ്യമില്ലെന്ന് അവർ മനസിലാക്കുമ്പോൾ താൻ കൂടുതൽ സന്തോഷവതിയാകും എന്നായിരുന്നു ദിവ്യ അന്ന് ട്വീറ്റ് ചെയ്തത്.

അപ്രത്യക്ഷയായത്
2019 ജൂണോടെയായിരുന്നു ദിവ്യ സ്പന്ദന ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷയായത്. രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായി ചുമതലയേറ്റ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ പുകഴ്ത്തിക്കൊണ്ട് പങ്കുവെച്ചതായിരുന്നു ദിവ്യയുടെ അവസാന ട്വീറ്റ്. ഇതിന് ദിവ്യയ്ക്കെരെ ശക്തമായ വിമർശനം ഉയർന്നു. ഇതോടെ അവർ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

പ്രതികരിച്ചില്ല
പിന്നീട് ട്വിറ്ററിൽ നിന്ന് ദിവ്യ അപ്രത്യക്ഷമായി. തുടർന്ന് അവരെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും ശക്തമായി.ദിവ്യ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമോയെന്നത് ഉൾപ്പെടെയുള്ള ചർച്ചകളായിരുന്നു ഇതോടെ ഉയർന്നത്. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ അവർ തയ്യാറായിരുന്നില്ല.

രാഹുലിന്റെ മടങ്ങി വരവ്
അതേസമയം രണ്ടാം വരവിൽ രാഷ്ടീയത്തിലും അവർ സജീവമാകുമെന്ന ചർച്ചകൾക്ക് ശക്തിയേറിയിരിക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങി വരവിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ദിവ്യയുടെ ഈ രണ്ടാം വരവെന്നതും ശ്രദ്ധേയമാണ്. ടീം രാഹുലിലെ പ്രധാന അംഗമായിരുന്നു ദിവ്യ സ്പന്ദന.

രാജസ്ഥാന് പിന്നാലെ
ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ മുതിർന്ന നേതാക്കൾ വീണ്ടും പാർട്ടിയിൽ സ്വാധീനം ഉറപ്പിച്ചതോടെയാണ് രാഹുലിന്റെ സംഘത്തിലുണ്ടായിരുന്ന യുവാക്കളും പാർട്ടിയിൽ ഒതുങ്ങി പോയത്. രാജസ്ഥാൻ പ്രതിസന്ധിയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായ നേതാക്കൾ വീണ്ടും നേതൃ തലത്തിലേക്ക് ഉയർന്ന് വരുന്നുണ്ട്.

പ്രതികരിക്കാതെ
സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഉടൻ രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. അതേസമയം ഇക്കാര്യത്തിൽ ഇതുവരേയും പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല.
രാജ്യസഭ തിരഞ്ഞെടുപ്പ്; ഇടതിന് പിന്തുണയില്ല, യുഡിഎഫിലേക്കുള്ള വാതിലടക്കാതെ ജോസ് കെ മാണി
അസമിൽ ബിജെപിക്ക് കെണിയൊരുക്കി കോൺഗ്രസ്; പുതിയ സഖ്യം!! നീക്കത്തിൽ ഞെട്ടി ബിജെപി