ഡ്രോണുകള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പഞ്ചാബിലേയും ജമ്മു കശ്‌മീരിലെയും അതിര്‍ത്തിക്ക് ഇപ്പുറത്തെ ആയുധങ്ങളും വെടിക്കോപ്പുകളും കൂടുതലായി കടത്താന്‍ പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘങ്ങളും രഹസ്യാന്വേഷണ സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും ചൈനീസ് നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
കുറച്ച് വര്‍ഷങ്ങളായി ചെറിയ തോതിലുള്ള ആുധക്കടത്തിന് ഉപയോഗിച്ചിരുന്ന ഡ്രോണുകളുടെ നവീകരിച്ച പതിപ്പാണ് ഉപയോഗത്തിലുള്ളതെന്ന് രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു. പുതിയ തരം ഡ്രോണുകള്‍ വന്‍തോതില്‍ ആുധങ്ങള്‍ ഇന്ത്യയിലേക്ക് ഒളിപ്പിച്ചു കടത്താന്‍ പാക്കിസ്ഥാനെ സാഹായിക്കുന്നതായി ഡല്‍ഹിയിലെ ഭീകര വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിയന്ത്രണ രേഖ കടന്നു പോകുന്ന ജമ്മു കാശ്‌മീരിലെ ഉയര്‍ന്ന പര്‍വത നിരകളില്‍ മഞ്ഞു വീഴ്‌ച്ചയുള്ളപ്പോള്‍ ഭീകരരുടെ നുഴഞ്ഞു കയറ്റം പ്രയാസമാണ്. ഇത് മറികടക്കാന്‍ ആയുധവാഹക ശേഷി വര്‍ധിപ്പിച്ച ഡ്രോണുകളെ ആശ്രയിക്കുന്നതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതിര്‍ത്തി സംസ്ഥാനത്ത് ഭീകരത സജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭത്തെ ചൂഷണം ചെയ്യാന്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഖലിസ്ഥാനി ഗ്രൂപ്പുകളും സഹായികളും നീക്കം നടത്തുന്നു.
പഞ്ചാബില്‍ മാത്രം 2019 ഓഗസ്റ്റ് 12മുതല്‍ ആയുധങ്ങളുമായി 4 ചൈനീസ് ഡ്രോണുകളാണ് പൊലീസ് കണ്ടെത്തിയത്. ഈ സംശയങ്ങളും കണ്ടെത്തലുകളും കേന്ദ്ര, ആഭ്യന്തര സുരക്ഷാ ഏജന്‍സികളെ സംസ്ഥാന പൊലീസ് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ഡ്രോണ്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിലും, വസതിയിലും ഡ്രോണുകളെ നിര്‍വിര്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡ്രോണുകളെ നേരിടുന്നതിനായി സൈന്യം പ്രത്യക സംവിധാനം ഒരുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.