രാജസ്ഥാനില്‍ പുതിയ യുദ്ധം, പൈലറ്റ് ക്യാമ്പിനെതിരെ നടപടി.....എംഎല്‍എ പുറത്താകുമോ?
ദില്ലി: ജയ്പൂര്‍ സിലാ പരിഷത്തിലെ അട്ടിമറി കോണ്‍ഗ്രസിലാകെ കലാപത്തിന് കാരണമായിരിക്കുകയാണ്. എംഎല്‍എയ്‌ക്കെതിരെ അടക്കം നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. ദേശീയ തലത്തിലാകെ കോണ്‍ഗ്രസിന് നാണക്കേടായ തോല്‍വിയാണിത്. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസ്.
അതാണ് കൂറുമാറ്റത്തിലൂടെ അടക്കം നഷ്ടമായത്. സച്ചിന്‍ പൈലറ്റ് പക്ഷത്തിനെതിരെയുള്ള നടപടിയാണ് ഹൈക്കമാന്‍ഡിന് മുന്നിലേക്ക് നീങ്ങിയിരിക്കുന്നത്. സച്ചിന്റെ കോട്ടയില്‍ അടക്കം താളം തെറ്റിയതാണ് ഗെലോട്ടിനെ ചൊടിപ്പിക്കുന്നത്.

രാജസ്ഥാനിലെ തോല്‍വിയില്‍ നേരത്തെ ഹൈക്കമാന്‍ഡും പിന്നാലെ രാഹുല്‍ ഗാന്ധിയും ഇടപെട്ടിരുന്നു. മുന്നില്‍ നിന്നിട്ടും ഭരണം നഷ്ടമായത് അശോക് ഗെലോട്ടിനും തിരിച്ചടിയായിരുന്നു. എത്ര വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിനോട് സോണിയ ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ രമാദേവി സിലാ പരിഷത്ത് അധ്യക്ഷയാവുകയും ചെയ്തു. ശരിക്കും പറഞ്ഞാല്‍ ഭരണം സംസ്ഥാനത്തുണ്ടായിട്ടും തലസ്ഥാന നഗരിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കടിഞ്ഞാണ്‍ ബിജെപിക്ക് പോയിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ ഒരു നേതാവ് പോലും ബിജെപി രാജസ്ഥാനില്‍ ഇപ്പോഴില്ല. വസുന്ധര രാജെ പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകയാണ്. ബിജെപി നേതൃത്വമാണെങ്കില്‍ പുതിയൊരു നേതാവിനെ കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ജയ്പൂര്‍ സിലാ പരിഷത്ത് പിടിച്ചത് ബിജെപിയുടെ രാഷ്ട്രീയ വിജയം കൂടിയാണ്. 2023ല്‍ വസുന്ധര ഇല്ലാതെ തന്നെ രാജസ്ഥാനില്‍ അധികാരം പിടിക്കാന്‍ സാധിക്കുമെന്ന തോന്നല്‍ പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് കൂടി ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസിനെ വീഴ്ത്തുക ബിജെപിക്ക് എളുപ്പവുമാണ്.

ഗെലോട്ടിന് ഒപ്പമുള്ള സ്വതന്ത്രരെയൊന്നും വിശ്വസിക്കാന്‍ പറ്റില്ലെന്ന് കോണ്‍ഗ്രസിനറിയാം. ഇവര്‍ ബിജെപി വിളിച്ചാല്‍ ആ നിമിഷം അവരുടെ കൂടെ പോകും. കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് നേടേണ്ട സാഹചര്യം മാത്രമാണ് ഉള്ളത്. അതുകൊണ്ട് ഗെലോട്ട് ആശങ്കയിലാണ്. സച്ചിനുമായി കോമ്പ്രമൈസിന് ഗെലോട്ടിന് താല്‍പര്യമില്ല. സച്ചിനെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വിമത ഗ്രൂപ്പിനെ വെട്ടിനിരത്തുകയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള മാര്‍ഗം. അതിനാണ് ഗെലോട്ടിന്റെ ശ്രമം.

രാജസ്ഥാനിലെ പ്രമുഖ എംഎല്‍എ വേദ്പ്രകാശ് സോളങ്കിക്കെതിരെ നടപടിയെടുക്കാനാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിനുള്ള നിര്‍ദേശം. തിരഞ്ഞെടുപ്പ് നിരീക്ഷകനായ കോണ്‍ഗ്രസ് നിയോഗിച്ചയാളുടെ നിര്‍ദേശമാണ് ഇത്. ജയ്പൂര്‍ സിലാ പ്രമുഖ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് നിരീക്ഷകനെ വെച്ചിരുന്നത്. വേദ്പ്രകാശ് സോളങ്കിക്ക് ജയ്പൂരിലെ കൂറുമാറ്റത്തില്‍ പ്രധാന പങ്കുണ്ടെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം. ഹൈക്കമാന്‍ഡിനോട് നടപടിയെടുക്കാനായി സംസ്ഥാന സമിതി നിര്‍ദേശം ദില്ലിയിലേക്ക് അയച്ചിരിക്കുകയാണ്. ചക്‌സുവില്‍ നിന്നുള്ള എംഎല്‍എയാണ് വേദ്പ്രകാശ് സോളങ്കി.

സോളങ്കിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സച്ചിന്‍ പൈലറ്റ് ക്യാമ്പിലെ പ്രമുഖനാണ് അദ്ദേഹം. നേരത്തെ വിമത നീക്കം നടത്തിയപ്പോള്‍ അദ്ദേഹത്തെ തുറന്ന് പിന്തുണച്ചയാള്‍ കൂടിയായിരുന്നു സോളങ്കി. രമാദേവിയും സച്ചിന്‍ വിഭാഗത്തില്‍ വരുന്ന നേതാവാണ്. കൂറുമാറിയതിന് പ്രധാന കാരണം സച്ചിന് നേരിട്ട അവഗണനയായിരുന്നു. അത് വോട്ടെടുപ്പിലും പ്രകടമായിരുന്നു. കോണ്‍ഗ്രസിന്റെ കൂടെ നിന്നിരുന്ന ഗുജ്ജര്‍ വോട്ടുകള്‍ ഒന്നടങ്കം ബിജെപിക്കാണ് ചെയ്തത്. സച്ചിന്‍ ഈ വിഭാഗത്തില്‍ നിന്നുള്ള നേതാവായിട്ടും ഗുജ്ജര്‍ വിഭാഗം കൂടെ നിന്നില്ല. ഇതിന് കാരണവും ഗെലോട്ടായിരുന്നു.

ജയ്പൂര്‍ സിലാ പ്രമുഖ് സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായതിന് പ്രധാന കാരണം വേദ് പ്രകാശ് സോളങ്കിയാണെന്ന് സംസ്ഥാന അധ്യക്ഷന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിരീക്ഷകനായി എത്തിയ മുംതാസ് മാസിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ക്രോസ് വോട്ടിംഗ് സോളങ്കി കാരണമാണ് നടന്നതെന്ന് അദ്ദേഹം പറയുന്നു. കര്‍ശനമായ നടപടി വേണമെന്നും, സോളങ്കി പാര്‍ട്ടിയെ വഞ്ചിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സച്ചിന്‍ പൈലറ്റിന്റെ ഇമേജിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഈ നീക്കമെന്ന് സോളങ്കി പറഞ്ഞു. ഭരത്പൂര്‍, ദൗസ, നഗൗര്‍ അങ്ങനെ എല്ലായിടത്തും ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട്. അവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും സോളങ്കി ചോദിച്ചു.

സംസ്ഥാന അധ്യക്ഷന്റെ മണ്ഡലത്തില്‍ വരെ ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. താന്‍ പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാത്തതാണ് കുതിരക്കച്ചവടത്തിന് കാരണമായതെന്ന് സോളങ്കി പറഞ്ഞു. അതേസമയം ഗെലോട്ട് ക്യാമ്പ് കൃത്യമായി പൈലറ്റ് ക്യാമ്പിനെ ലക്ഷ്യമിടുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ പൈലറ്റ് ക്യാമ്പാണ് കാരണമെന്ന് സര്‍ക്കാര്‍ അറിയിച്ച് കഴിഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ളവരാണ് പാര്‍ട്ടിയെ വീഴ്ത്തിയതെന്ന് ഗെലോട്ട് ക്യാമ്പ് ആരോപിച്ചിട്ടുണ്ട്.












Click it and Unblock the Notifications