• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുല്‍വാമ ഭീകരാക്രമണം... രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്, 2019ല്‍ സംഘര്‍ഷഭരിതമായ ഇന്ത്യ പാക് ബന്ധം

ഇന്ത്യ പാകിസ്താന്‍ ബന്ധം ഏറ്റവും മോശം നിലയിലെത്തിയ വര്‍ഷമാണ് 2019. ഒരുതരത്തിലും ഒന്നിക്കാനാവാത്ത നിലയിലാണ് ഇപ്പോള്‍ രണ്ട് രാജ്യങ്ങളും ഉള്ളത്. പുല്‍വാമയിലെ ഭീകരാക്രമണവും അതിനെ തുടര്‍ന്നുണ്ടായ സര്‍ജിക്കല്‍ സ്‌ട്രൈക്കുമെല്ലാം ഒരര്‍ത്ഥത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പക വര്‍ധിപ്പിച്ചിരിക്കുകയാണ്. യുഎന്നില്‍ കശ്മീര്‍ വിഷയത്തിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി.

2019ല്‍ സമാധാന ശ്രമത്തിന് ഏക ശ്രമം നടന്നത് കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനമാണ്. ഇതിന് പിന്നാലെ ഇന്ത്യയുമായി സമാധാന ശ്രമങ്ങള്‍ക്ക് പാകിസ്താന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും അകന്നു. സമാധാന ശ്രമങ്ങള്‍ 2019ല്‍ നിലച്ച അവസ്ഥയിലാണ്. അതേസമയം ഭീകരപ്രവര്‍ത്തനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ സൗഹൃദമുള്ളൂ എന്നാണ് ഇന്ത്യയുടെ നിലപാട്. 2019ല്‍ ഇന്ത്യ പാകിസ്താന്‍ ബന്ധത്തിലെ പ്രധാന അഞ്ച് സംഭവങ്ങള്‍ ഇതാണ്.

പുല്‍വാമ ഭീകരാക്രമണം

പുല്‍വാമ ഭീകരാക്രമണം

ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യ പാക് ബന്ധം ശക്തിപ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടാവുന്നത്. പുല്‍വാമയിലെ അവന്തിപുരയ്ക്ക് അടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു ചാവേറാക്രമണം. ഫെബ്രുവരി 14നായിരുന്നു ആക്രമണം. 40ലധികം സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. അവധി കഴിഞ്ഞ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയവരാണ് കൊല്ലപ്പെട്ട സൈനികരില്‍ ഭൂരിഭാഗവും.

ബാലക്കോട്ടിലെ തിരിച്ചടി

ബാലക്കോട്ടിലെ തിരിച്ചടി

ഇന്ത്യ രൂക്ഷമായിട്ടാണ് പുല്‍വാമ ആക്രമണത്തില്‍ പ്രതികരിച്ചത്. രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇതിന് പിന്നാലെയാണ് ഉണ്ടായത്. പാകിസ്താനിലെ ബാലക്കോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ വ്യോമാക്രമണത്തില്‍ തകര്‍ക്കുകയായിരുന്നു. പാകിസ്താന്റെ റഡാറുകളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ അതിര്‍ത്തി കടന്നത്. ഫെബ്രുവരി 26ന് വ്യോമസേനയുടെ 12 മിറാഷ് 2000 പോര്‍വിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്നാണ് ആക്രമണം നടത്തിയത്. 21 മിനുട്ടോളം ആക്രമണം നീണ്ടു. 1000 കിലോ ബോംബുകളാണ് വര്‍ഷിക്കപ്പെട്ടത്. 250 മുതല്‍ 350 വരെ ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് വ്യോമസേനയുടെ അവകാശവാദം. എന്നാല്‍ പാകിസ്താന്‍ അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് അവകാശപ്പെട്ടത്.

അഭിനന്ദന്റെ ധീരത

അഭിനന്ദന്റെ ധീരത

അഭിനന്ദന്‍ വര്‍ധമന്റെ ധീരതയാണ് ഇന്ത്യ പാകിസ്താന്‍ ബന്ധത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെ അതിര്‍ത്തി കടന്നെത്തിയ പാക് പോര്‍ വിമാനങ്ങളെ തുരത്തുന്ന നീക്കത്തിനിടയില്‍ അഭിനന്ദന്റെ വിമാനം തകരുകയും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാക് സൈന്യത്തിന്റെ കസ്റ്റഡിയിലാവുകയായിരുന്നു. മൂന്ന് ദിവസം പാകിസ്താന്‍ സൈന്യത്തിന്റെ തടവിലായിരുന്നു അദ്ദേഹം. ഇതോടെയാണ് അഭിനന്ദന്‍ ഇന്ത്യയുടെ വീരപുരുഷനായി മാറിയത്. ഇന്ത്യയുടെ സമ്മര്‍ദ ഫലങ്ങളുടെ ഭാഗമായിട്ടാണ് ജനീവാ കരാര്‍ അദ്ദേഹത്തെ വിട്ടയക്കാന്‍ പാകിസ്താന്‍ തയ്യാറായത്. അഭിനന്ദന്റെ ധീരതയ്ക്ക് വീരചക്ര പുരസ്‌കാരം നല്‍കി ഇന്ത്യ ആദരിച്ചിരുന്നു.

യുഎന്നിലെ പോരാട്ടം

യുഎന്നിലെ പോരാട്ടം

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുന്നതാണ് കണ്ടത്. പാകിസ്താന്‍ കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാന്‍ ശ്രമിച്ചതും ഇരുവരും തമ്മിലുള്ള ബന്ധത്തെ വളരെ മോശമാക്കി. യുഎന്നിലെ തന്റെ ആദ്യ പ്രസംഗത്തില്‍ ഇന്ത്യയുമായി ആണവ യുദ്ധം ഉണ്ടാവുമെന്ന് പാകിസ്താന്‍ പറഞ്ഞു. അതിന്റെ പ്രത്യാഘാതങ്ങള്‍ ലോകം അനുവഭിക്കേണ്ടി വരുമെന്നും ഇമ്രാന്‍ ഖാന്‍ പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി പാകിസ്താന് യുഎന്നില്‍ കാര്യമായ പിന്തുണ ലഭിച്ചില്ല. മലേഷ്യ, തുര്‍ക്കി, ചൈന എന്നിവര്‍ മാത്രമാണ് പാകിസ്താനെ പിന്തുണച്ചത്. ഇന്ത്യ ശക്തമായി തന്നെ ഇതിന് മറുപടി നല്‍കുകയും ചെയ്തു. വേണ്ടി വന്നാല്‍ പാകധീന കശ്മീരിലെ വിഷയത്തില്‍ ഇടപെടുമെന്നും ഇന്ത്യ പറഞ്ഞിരുന്നു.

കര്‍താര്‍പൂരിലെ സമാധാനം

കര്‍താര്‍പൂരിലെ സമാധാനം

കര്‍താര്‍പൂര്‍ ഇടനാഴിയാണ് 2019ല്‍ സമാധാനത്തിന് ഇരുരാജ്യങ്ങളും ശ്രമിച്ച ഏകമാര്‍ഗം. കുറച്ചെങ്കിലും സംഘര്‍ഷം കുറയ്ക്കാന്‍ ഇതാണ് സഹായിച്ചത്. പാകിസ്താനിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടന ഇടനാഴിയാണ് ഇത്. പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പൂരില്‍ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബും ഗുരുദാസ്പൂരിലെ ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ച് തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കര്‍താര്‍പൂര്‍ ഇടനാഴി. മന്‍മോഹന്‍ സിംഗ്, നവജോത് സിദ്ധു എന്നിവരെ ഉദ്ഘാടനത്തിന് ഇമ്രാന്‍ ഖാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശന ഫീസ് ഈടാക്കുന്ന തീരുമാനം ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പുറമേ പ്രധാനമന്ത്രിയുടെ വിമാന യാത്രകള്‍ക്ക് പാകിസ്താന്റെ ആകാശ പരിധി നിഷേധിച്ച സംഭവത്തിലും ഇന്ത്യ പാകിസ്താന്‍ ബന്ധം 2019ല്‍ കലുഷിതമായി. പുതുവര്‍ഷത്തില്‍ ഇതിനൊരു മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കാം.

മുള്‍മുനയില്‍ ഗള്‍ഫ്; വിപ്ലവ ഗോദയില്‍ അറേബ്യ, യുഎസ് പിന്‍മാറ്റവും ബഗ്ദാദിയും... 2019ല്‍ സംഭവിച്ചത്

English summary
year end 2019 five take aways in india pakistan relationship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X