സിറിയയില്‍ അമേരിക്കയുടെ മിസൈലുകള്‍ പാഴായത് മിച്ചം; 103ല്‍ 71 ക്രൂയിസ് മിസൈലുകളും തകര്‍ത്തതായി റഷ്യ

  • Posted By: Desk
Subscribe to Oneindia Malayalam

മോസ്‌കോ: സിറിയന്‍ രാസായുധ കേന്ദ്രങ്ങള്‍ക്കെതിരേ എന്ന പേരില്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി റഷ്യ. അമേരിക്കയും കൂട്ടാളികളും സിറിയന്‍ ലക്ഷ്യങ്ങള്‍ക്കു നേരെ തൊടുത്തുവിട്ട 103ല്‍ 71 മിസൈലുകളും സിറിയന്‍ വ്യോമപ്രതിരോധ സംവിധാനം വഴിമധ്യേ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു.

സിറിയയിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കെതിരേ അമേരിക്കയും സഖ്യ കക്ഷികളും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് റഷ്യന്‍ സൈനിക വക്താവ് ലഫ്റ്റനന്റ് ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയ് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. 103 ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിട്ടതില്‍ 32 എണ്ണം മാത്രമേ ലക്ഷ്യസ്ഥാനത്തെത്തിയുള്ളൂ. ബാക്കി 71 എണ്ണവും ലക്ഷ്യത്തിലെത്തും മുമ്പ് തകര്‍ത്തതായി അദ്ദേഹം പറഞ്ഞു.

missile


കഴിഞ്ഞ ആറ് മാസമായി സിറിയയുടെ വ്യോമപ്രതിരോധ ശേഷി തങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നുവെന്ന് റഷ്യന്‍ സൈനിക വക്താവ് തുറന്നടിച്ചു. അതിന്റെ ഗുണഫലം യു.എസ് ആക്രമണവേളയില്‍ സിറിയയ്ക്ക് ലഭിച്ചു. അമേരിക്കന്‍ ആക്രമണങ്ങളോട് മികച്ച രീതിയില്‍ പ്രതികരിക്കാന്‍ വ്യോമപ്രതിരോധ സംവിധാനത്തിന് സാധിച്ചു. റഷ്യയുടെ എസ്-135, എസ്- 200, 2കെ2 കബ് ആന്റ് ബക് തുടങ്ങിയ സര്‍ഫസ് റ്റു എയര്‍ മിസൈലുകള്‍ ഉപയോഗിച്ചാണ് സിറിയന്‍ സൈന്യം ആക്രമണങ്ങളിലേറെയും പ്രതിരോധിച്ചതെന്നും അദ്ദേഹം അറിയിച്ചു.


അമേരിക്കയും സഖ്യകക്ഷികളും സിറിയയിലെ രാസായുധ നിര്‍മാണ കേന്ദ്രങ്ങള്‍ മാത്രമല്ല, സൈന്യത്തിന്റെ വ്യോമതാവളവും ലക്ഷ്യമിട്ടതായി റഷ്യ വ്യക്തമാക്കി. തലസ്ഥാനനഗരിയായ ദമസ്‌ക്കസിന് പുറത്തുള്ള അല്‍ ദുമൈര്‍ സൈനിക വിമാനത്താവളമാണ് അവര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തെ ലക്ഷ്യമാക്കി 12 മിസൈലുകള്‍ വന്നെങ്കിലും അവയെല്ലാം സിറിയന്‍ വ്യോമപ്രതിരോധ സംവിധാനം നിഷ്ഫലമാക്കിയതായും റഷ്യന്‍ സൈനിക വക്താവ് അറിയിച്ചു.

അത്യാധുനിക മിസൈലുകളായ ടോമഹോക്ക് മിസൈലുകളാണ് സിറിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അമേരിക്ക ഉപയോഗിച്ചതെന്ന് പെന്റഗണ്‍ സമ്മതിച്ചു. സിറിയയുടെ ഷെയ്‌റാത്ത് എയര്‍ബെയ്‌സ് ആക്രമിക്കാന്‍ 58 മിസൈലുകള്‍ ഉപയോഗിച്ചതായും പെന്റഗണ്‍ അറിയിച്ചു. മെഡിറ്ററേനിയന്‍ കടലിലെ അമേരിക്കന്‍ നാവിക സേനാ കപ്പലും ബി-1 ബോംബറുകളും ആക്രമണത്തിനായി ഉപയോഗിച്ചതായി റഷ്യന്‍ സൈനിക വക്താവ് വെളിപ്പെടുത്തി. 1667 കിലോമീറ്റര്‍ ദൂരം 1000 പൗണ്ട് ബോംബുകളും വഹിച്ച് പറക്കാനും ജി.പി.എസ്സിന്റെ സഹായത്തോടെ കൃത്യമായി ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളവയുമാണ് ടോമഹോക്ക് മിസൈലുകള്‍.

നാല് ടൊര്‍ണാഡോ ജിആര്‍-4 യുദ്ധവിമാനങ്ങളാണ് തങ്ങള്‍ സിറിയക്കെതിരായ സൈനിക നടപടിക്കായി ഉപയോഗിച്ചതെന്ന് ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്‌സ് അറിയിച്ചു. സൈപ്രസിലെ അക്രോത്തിരി വ്യോമതാവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഫ്രാന്‍സാവട്ടെ തങ്ങളുടെ മിറാഷ്, റഫേല്‍ ഫൈറ്റര്‍ ജെറ്റുകളാണ് പറഞ്ഞയച്ചത്. തങ്ങള്‍ 12 മിസൈലുകള്‍ സിറിയയിലേക്ക് തൊടുത്തുവിട്ടതായും അവ തകര്‍ക്കപ്പെട്ടിട്ടില്ലെന്നും ഫ്രഞ്ച് സൈന്യം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A senior Russian military official has said that Syrian air defence had intercepted at least 71 cruise missiles fired by US, UK and French forces

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്