ഇന്ത്യയെ വാനോളം പുകഴ്ത്തി താലിബാന്‍; പുതിയ അഫ്ഗാനുമായി സഖ്യം വേണമെന്ന് യുഎസിനോട് ചൈന
കാബൂള്‍: അഫ്ഗാനുമായി ബന്ധപ്പെട്ട് രണ്ട് രാഷ്ട്രീയ മാറ്റങ്ങളാണ് ഇന്ന് അന്തര്‍ദേശീയ തലത്തില്‍ സംഭവിച്ചിരിക്കുന്നത്. താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ച ശേഷം ലോക രാജ്യങ്ങള്‍ അവരുടെ നീക്കം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. എന്നാല്‍ തന്ത്രപരമായാണ് താലിബാന്‍ ഓരോ അടിയും മുന്നോട്ടുവെക്കുന്നത് എന്നാണ് വിലയിരുത്തല്‍. അയല്‍ രാജ്യങ്ങളുമായി കൊമ്പുകോര്‍ക്കാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. അകന്ന് നിന്നിട്ടും ഇന്ത്യയെ പുകഴ്ത്തുന്നത് തുടരുകയും ചെയ്യുന്നു.
പുതിയ അഫ്ഗാനുമായി എല്ലാ രാജ്യങ്ങളും ബന്ധം സ്ഥാപിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. അതിനിടെയാണ് ഇന്ത്യയെ പുകഴ്ത്തി താലിബാന്‍ നേതാവ് രംഗത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യ മേഖലയിലെ സുപ്രധാന രാജ്യമാണ് എന്നാണ് താലിബാന്റെ പ്രതികരണം. അഫ്ഗാനിലെ പുതിയ ഭരണകൂടം ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്നും താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയും അഫ്ഗാനും തമ്മില്‍ ഏറെ കാലമായുള്ള ബന്ധമാണ്. താലിബാന്റെ പുതിയ സര്‍ക്കാരും ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും സബീഹുല്ലാ മുജാഹിദ് പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ പാകിസ്താനുമായി താലിബാന്‍ കൈക്കോര്‍ക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോട് താലിബാന്‍ വക്താവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണ്. ഒരു രാജ്യത്തിനും താലിബാന്‍ ഭീഷണിയല്ല. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഇന്ത്യയ്ക്ക് ഒരു ഭീഷണിയും ഉണ്ടാകില്ല- സബീഹുല്ലാ മുജാഹിദ് പറഞ്ഞു.

അതേസമയം, രണ്ടു ദിവസം മുമ്പ് സബീഹുല്ലു മുജാഹിദ് ഇറക്കിയ പ്രസ്താവനയില്‍ പാകിസ്താനെ പുകഴ്ത്തിയാണ് സംസാരിച്ചത്. പാകിസ്താന്‍ ഞങ്ങളുടെ രണ്ടാം വീടാണ് എന്നായിരുന്നു പ്രസ്താവന. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് അഫ്ഗാന്‍. മതപരമായും പാകിസ്താനുമായി അടുത്തുകിടക്കുന്നു. അതുകൊണ്ടുതന്നെ പാകിസ്താനുമായി അടുത്ത ബന്ധം ആഗ്രഹിക്കുന്നു എന്നാണ് സബീഹുല്ലാ മുജാഹിദ് പാക് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എല്ലാ രാജ്യങ്ങളുടെയും എംബസികള്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കണം. അഫ്ഗാനില്‍ വിദേശ പ്രതിനിധികളുടെ സാന്നിധ്യം ഗുണം ചെയ്യും. എല്ലാ രാജ്യങ്ങളുമായി നല്ല ബന്ധമാണ് താലിബാന്‍ ഉദ്ദേശിക്കുന്നത്. മുഴുവന്‍ വിദേശ പ്രതിനിധികള്‍ക്കും സുരക്ഷ ഒരുക്കും. പഞ്ചഷിറിലെ വടക്കന്‍ സഖ്യവുമായി ചര്‍ച്ച നടന്നുവരികയാണ്. ഇനിയെന്ത് സംഭവിക്കുമെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. യുദ്ധം ഇനി താല്‍പ്പര്യമില്ലെന്നും സബീഹുല്ലാ മുജാഹിദ് പറഞ്ഞു.

അതേസമയം, താലിബാനുമായി ലോക രാജ്യങ്ങള്‍ അടുക്കണം എന്നാണ് ചൈനയുടെ നിലപാട്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താലിബാനുമായി അടുക്കണം. പുതിയ സര്‍ക്കാരിന് വഴികാട്ടണം. സാമ്പത്തികവും മാനുഷികവുമായ സഹായങ്ങള്‍ ലഭ്യമാക്കണം. അഫ്ഗാന്റെ നാണയം കൂടുതല്‍ ദുര്‍ബലപ്പെടുന്നത് തടയണം. അഫ്ഗാനില്‍ സാമുഹിക സുരക്ഷ കൊണ്ടുവരണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു.

അഫ്ഗാന്റെ പരമാധികാരം ബഹുമാനിക്കണം. അതേസമയം, അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കണം. ഭീകരതക്കെതിരായ നടപടിയില്‍ ഇരട്ട നിലപാട് അമേരിക്ക ഒഴിവാക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കിടെ ചൈനീസ് മന്ത്രി രണ്ടാം തവണയാണ് ബ്ലിങ്കനുമായി അഫ്ഗാന്‍ വിഷയം സംസാരിക്കുന്നത്.
പ്രണയം നിറച്ച് പ്രിയങ്ക ചൊപ്ര; നിക്ക് ജോനസിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

അമേരിക്കയുടെ പൊടുന്നനെയുള്ള പിന്‍മാറ്റം ശരിയായില്ല എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. ഈ പിന്‍മാറ്റം ഭീകര സംഘടനകള്‍ വീണ്ടും സംഘടിക്കുന്നതിന് വഴിയൊരുക്കും. അത് അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ ജീവിത സാഹചര്യം മെച്ചപ്പെടണം. അതിന് വേണ്ടിയുള്ള ഇടപെടലാണ് അമേരിക്ക നടത്തേണ്ടത്. പുതിയ രാഷ്ട്ര രൂപീകരണത്തിന് താലിബാന് സഹായം നല്‍കണമെന്നും ചൈന ആവശ്യപ്പെട്ടു.












Click it and Unblock the Notifications