ഭീഷണികള്‍ വിലപ്പോയില്ല; അമേരിക്കയുടെ ജെറൂസലേം നീക്കം യുഎന്‍ തള്ളി

  • Posted By:
Subscribe to Oneindia Malayalam

ന്യുയോര്‍ക്ക്: ജറൂസലേമിനെ ഇസ്റായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് തീരുമാനത്തിനെതിരേ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വ്യാഴാഴ്ച വോട്ടെടുപ്പില്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി. അമേരിക്കന്‍ തീരുമാനത്തിനെതിരായ പ്രമേയം വന്‍ഭൂരിപക്ഷത്തോടെ യു.എന്‍ പൊതുസഭ പാസ്സാക്കി. 193 അംഗ യു.എന്‍ പൊതുസഭയില്‍ 128 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കയും ഇസ്രായേലുമുള്‍പ്പെടെ 9 രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തിനെതിരേ വോട്ട് ചെയ്തത്. 35 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

യുഎന്നില്‍ അമേരിക്കയ്‌ക്കെതിരേ വോട്ട് ചെയ്ത് ഇന്ത്യയും; കാനഡ വിട്ടുനിന്നത് ശ്രദ്ധേയമായി

തങ്ങള്‍ക്കെതിരേ വോട്ട് ചെയ്യുന്ന രാജ്യങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ റദ്ദ് ചെയ്യുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ അവഗണിച്ചാണ് ലോക രാഷ്ട്രങ്ങള്‍ വോട്ട് ചെയ്തത്. തങ്ങള്‍ക്കെതിരേ വോട്ട് ചെയ്യരുതെന്ന് കാണിച്ച് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ അംഗരാഷ്ട്രങ്ങള്‍ക്ക് ഭീഷണിക്കത്ത് അയക്കുകയും ചെയ്തിരുന്നു. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടി നിയമസാധുതയില്ലാത്തതാണെന്ന് പ്രമേയം പാസ്സാക്കിയതിലൂടെ യുഎന്‍ വ്യക്തമാക്കി.

un2

യുഎന്‍ വോട്ടെടുപ്പ് ഫലസ്തീന്റെ വിജയമാണെന്ന് പ്രഖ്യാപിച്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, അമേരിക്കയുടെ എല്ലാ ഭീഷണികളെയും മറികടന്ന് പ്രമേയത്തെ പിന്തുണച്ച അംഗരാഷ്ട്രങ്ങല്‍ക്ക് നന്ദി പറഞ്ഞു. നീതിപൂര്‍വകമായ ഫലസ്തീന്‍ നിലപാടിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നാണ് വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ജെറൂസലേം അധിനിവിഷ്ട പ്രദേശമാണെന്ന യാഥാര്‍ത്ഥ്യം മാറ്റിയെഴുതാന്‍ ആര്‍ക്കും സാധിക്കില്ലെന്നും പ്രസിഡന്റിന്റെ വക്താവ് നബീല്‍ അവൂ റുദേന വ്യക്തമാക്കി. അമേരിക്കന്‍ നിലപാടിനെ അപലപിച്ച ഫലസ്തീന്‍ മുഖ്യ മധ്യസ്ഥന്‍ സഈബ് അരീകാത്ത്, അന്താരാഷ്ട്ര നിയമവാഴ്ച നിലനില്‍ക്കുന്നുവെന്നാണ് വോട്ടെടുപ്പ് വ്യക്തമാക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. അഭിമാനവും പരമാധികാരവും വില്‍പ്പനയ്ക്കില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കവുസോഗ്ലു പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ഗുണ്ടാനിലപാടുകള്‍ക്കെതിരേ അന്താരാഷ്ട്ര സമൂഹം വലിയ നോ പറഞ്ഞിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു.

അതേസമയം, യുഎന്നിനെ ഏട്ടിലെ പശുവെന്ന് പരിഹസിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇസ്രായലിനൊപ്പം നിന്ന് അമേരിക്കയെ പുകഴ്ത്തി. വോട്ടെടുപ്പില്‍ ഒരുപാട് രാഷ്ട്രങ്ങള്‍ വിട്ടുനിന്നത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ ആകെയുള്ള 15ല്‍ അമേരിക്ക ഒഴികെയുള്ള 14 അംഗരാജ്യങ്ങളും അതിനെ അനുകൂലിക്കുകയായിരുന്നു. പക്ഷെ അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ചു. ഡിസംബര്‍ 6 നാണ് ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചും അമേരിക്കന്‍ എംബസി അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചും യുഎസ് പ്രസിഡന്റ് വിവാദ പ്രഖ്യാപനം നടത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A resounding majority of United Nations member states has defied unprecedented threats by the US to declare President Donald Trump's recognition of Jerusalem as Israel's capital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്