• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പയ്യന്നൂർ പെരുമ കാക്കാൻ എൽഡിഎഫ്: വിള്ളൽ വീഴ്ത്താൻ യുഡിഎഫും ബിജെപിയും

  • By Desk

പയ്യന്നൂർ: വടക്കെ മലബാറിലെ സിപിഎമ്മിൻ്റെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിലൊന്നാണ് പയ്യന്നൂർ. ചരിത്രത്തിൻ്റെ പാദമുദ്രകൾ വീണു കിടക്കുന്ന പയ്യന്നൂരിലെ കാറ്റെന്നും ഇടത്തോട്ടാണ്. ചുവന്ന മുഖമുള്ള പയ്യന്നൂരിൻ്റെ രാഷ്ട്രീയ മുഖം കുടുതൽ ചുവക്കുമോ അതോ മായുമോയെന്നതാണ് ഈ തെരഞ്ഞെടുപ്പിലുയരുന്ന ചോദ്യം. ദേശീയ സമരത്തിൻ്റെ ഭാഗമായി നിരവധി ചരിത്ര സന്ദർഭങ്ങൾ പേറുന്ന മണ്ണാണ് പയ്യന്നൂരിലേത്.

കണ്ണുരിൽ കള്ളവോട്ട് ചെയ്യാൻ ഇടതു യുണിയൻകാരെ തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിച്ചു: കെ സുധാകരൻ

കടലോരവും മലയോരവും അതിരിടുന്ന മണ്ഡലമാണ് പയ്യന്നൂരെന്ന സവിശേഷതയുമുണ്ട്. രാമന്തളി പഞ്ചായത്തിലെ കടലോരവും കണ്ണൂര്‍ ജില്ലയിലെ പ്രധാന മലയോര കേന്ദ്രവുമായ ചെറുപുഴയും പയ്യന്നൂര്‍ മണ്ഡലത്തിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിയും പെരിങ്ങോത്തെ സി.ആര്‍.പി.എഫ് ക്യാമ്പുമുള്‍പ്പെടെ തന്ത്രപ്രധാന മേഖലകള്‍ പയ്യന്നൂര്‍ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു. പയ്യന്നൂര്‍ പെരുമ പറഞ്ഞാല്‍ തീരില്ല. പയ്യന്നൂരിലെ പവിത്രമോതിരത്തിന്റെ പെരുമ കടലും കടന്ന് ലോകത്തെല്ലായിടത്തുമെത്തിക്കഴിഞ്ഞു.

ജ്യോതിഷശാസ്ത്രത്തിന്റെ ഈറ്റില്ലമാണ് പയ്യന്നൂര്‍. സ്വാതന്ത്ര്യസമരത്തിന്റെ പോരാട്ട ഭൂമികയായ പയ്യന്നൂരിന്റെ കാറ്റ് തെരഞ്ഞെടുപ്പുകളില്‍ എപ്പോഴും ഇടത്തോട്ടാണ് വീശുക. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെ കമ്യൂണിസ്റ്റുകളെ തുണച്ച മണ്ഡലം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ചുവപ്പിന്റെ കടുപ്പ് കൂടുന്നതായാണ് കാണുന്നത്. പയ്യന്നൂര്‍ നഗരസഭയ്ക്കൊപ്പം പെരിങ്ങോം, വയക്കര, രാമന്തളി, കരിവെള്ളൂര്‍-പെരളം, എരമം-കുറ്റൂര്‍, ചെറുപുഴ പഞ്ചായത്തുകള്‍ ഉള്‍പെടുന്നതാണ് പയ്യന്നൂര്‍ മണ്ഡലം. ഇതില്‍ ചെറുപുഴ പഞ്ചായത്ത് ഭരണം യു.ഡി.എഫിനായിരുന്നു.

കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണിയുടെ പിന്തുണയോടെ അതും എല്‍.ഡി.എഫിനായി. പിന്നെ കുറച്ചെങ്കിലും സ്വാധീനമുള്ളത് രാമന്തളിയിലാണ്. രാമന്തളിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം ശക്തരാണ്. എരമം-കുറ്റൂര്‍, കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ് എന്നീ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് വിജയം ഏകപക്ഷീയമായിരുന്നു. ഈ പഞ്ചായത്തുകളില്‍ പ്രതിപക്ഷമില്ല. മൂന്നു ദശാബ്ധങ്ങള്‍ക്ക് ശേഷം പയ്യന്നൂരില്‍ ഒരു യു.ഡി.എഫ് എം.പി വന്നതിനു ശേഷമുള്ള തെരഞ്ഞെടുപ്പാണെന്നുള്ള പ്രത്യേകതയുമുണ്ട്. 1984ല്‍ കോണ്‍ഗ്രസിലെ ഐ.രാമറൈ വിജയിച്ചതിനു ശേഷം പയ്യന്നൂര്‍ ഉള്‍പെടുന്ന കാസര്‍ഗോഡ് മണ്ഡലത്തില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് ജയിക്കുന്നത്.

കോണ്‍ഗ്രസിലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാണ്. 1967ല്‍ പയ്യന്നൂര്‍ മണ്ഡലം രൂപംകൊണ്ട ശേഷമുള്ള ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളിലും കരിവെള്ളൂര്‍ കര്‍ഷക പ്രക്ഷോഭ സമരനായകന്‍ എ.വി കുഞ്ഞമ്പുവായിരുന്നു ജയിച്ചത്. 77ലും 80ലും എന്‍.സുബ്രഹ്മണ്യ ഷേണായ് വിജയിച്ചു. 1982ല്‍ എം.വി രാഘവനും 87ലും 91ലും സി.പി നാരായണനും നിയമസഭയിലെത്തി. 1996ല്‍ പിണറായി വിജയനാണ് വിജയിച്ചത്. ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ 98ല്‍ സംസ്ഥാന സെക്രട്ടറിയാവുന്നതുവരെ വൈദ്യുതി മന്ത്രിയായിരുന്നു. 2001ലും 2006ലും പി.കെ ശ്രീമതിയാണ് പയ്യന്നൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ശ്രീമതി 2006ല്‍ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി.

രണ്ടുതവണ അങ്ങനെ പയ്യന്നൂര്‍ മന്ത്രിമാരുടെ മണ്ഡലവുമായി. കമ്യൂണിസ്റ്റ് കര്‍ഷക സമരങ്ങളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ കുടികൊള്ളുന്ന കരിവെള്ളൂര്‍ അടക്കമുള്ള പ്രദേശങ്ങളുള്ള പയ്യന്നൂര്‍ എല്‍.ഡി.എഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ്. 2011ലും 2016ലും സി.പി.എമ്മിലെ സി.കൃഷ്ണനാണ് വിജയിച്ചത്. 40,263 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ സി.കൃഷ്ണന്‍ വിജയിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 26,131 വോട്ടുകളായി കുറഞ്ഞെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ മുകളിലായി 42,310 എത്തിക്കാന്‍ ഇടതുമുന്നണിക്കായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഐ മധുസൂദനനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.

2011ലെ തെരഞ്ഞെടുപ്പില്‍ തന്നെ മധുസൂദനന്റെ പേര് പയ്യന്നൂരില്‍ പരിഗണിച്ചതാണ്. എന്നാൽ പിന്നീട് തീരുമാനം മാറുകയായിരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി, പരിയാരം മെഡിക്കല്‍ കോളജ് ഡയരക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച മധുസൂദനന്‍ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രി ചെയര്‍മാനാണ്. പയ്യന്നൂരില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞാണ് മധുസൂദനന്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. രാഷ്ട്രീയത്തിനൊപ്പം പൊതുരംഗത്തെ മറ്റ് മേഖലകളിലെ മികവും സംഘാടനശേഷിയും ടി.ഐ മധുസൂദനന് അനുകൂലമാവുന്ന ഘടകമാണ്. ഡി.സി.സി അംഗവും ഫോക് ലോർ അക്കാദമി മുന്‍ സെക്രട്ടറിയുമായ എം.പ്രദീപ് കുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങളും ബന്ധങ്ങളും പ്രദീപ് കുമാറിന് അനുകൂലമാവുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.

രാഷ്ട്രീയത്തിനതീതമായ സുഹൃദ്ബന്ധങ്ങള്‍ക്കുടമയായ പ്രദീപ് കുമാര്‍ നല്ലൊരു നാടന്‍പാട്ട് ഗായകനും കൂടിയാണ്. തന്റെ പ്രചരണയോഗങ്ങളിലെല്ലാം നാടന്‍പാട്ടുകള്‍ പാടിയാണ് പ്രദീപ് കുമാര്‍ വോട്ടഭ്യര്‍ഥിക്കുന്നത്. ഇടതു കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി പാട്ടുംപാടി താന്‍ ജയിക്കുമെന്ന് പ്രദീപ് കുമാര്‍ ഉറപ്പിച്ചു പറയുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രംഗത്തുള്ള അഡ്വ. കെ.കെ ശ്രീധരന്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി യിലെത്തിയ ആളാണ്. കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ പയ്യന്നൂര്‍ സ്വീകരണ വേദിയില്‍ വെച്ചാണ് ശ്രീധരന്‍ ബി.ജെ.പി അംഗത്വമെടുത്തത്.

പ്രമുഖ ജ്യോതിഷ പണ്ഡിതനായിരുന്ന അച്ചംവീട്ടില്‍ നാരായണ പൊതുവാളുടെ മകനായ ശ്രീധരന് രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങള്‍ പയ്യന്നൂരിലുണ്ട്. ഇത് തനിക്ക് തുണയാകുമെന്നാണ് ശ്രീധരന്‍ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ആനിയമ്മ രാജേന്ദ്രന്‍ 15,341 വോട്ടുകള്‍ നേടിയിരുന്നു. മണ്ഡലത്തില്‍ മൂന്നു മുന്നണികള്‍ക്ക് പുറമെ കെ.വി അഭിലാഷും സ്വതന്ത്രനായി രംഗത്തുണ്ട്. മൂന്നു മുന്നണി സ്ഥാനാര്‍ഥികളും കന്നിയങ്കത്തിനിറങ്ങുന്ന പയ്യന്നൂരില്‍ പോരാട്ടം ചൂടുപിടിക്കുകയാണ്. പയ്യന്നുരി ൽ മികച്ച ഭൂരിപക്ഷം നേടുകയെന്നതാണ് എൽ.ഡി.എഫിൻ്റെ ലക്ഷ്യം.എന്നാൽ വോട്ടു നില മെച്ചപ്പെടുത്താൻ കോൺഗ്രസും ബി.ജെ.പിയുമിറങ്ങുമ്പോൾ ഇക്കുറി കടുത്ത മത്സരപ്രതീതി നിലനിൽക്കുന്നുണ്ട്.

English summary
LDF, UDF and NDA plans to conquer Payyannur constituency in assembly polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X