Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ രണ്ടാം ഘട്ടം വൈകും? ജൂണിൽ തുറക്കില്ല, 1116 കോടിയുടെ വായ്‌പയ്ക്ക് സമ്മതം മൂളാതെ സർക്കാർ

കൊച്ചി: നഗരത്തിന്റെ മെട്രോ റെയിൽ ലിമിറ്റഡ് രണ്ടാം ഘട്ടത്തിലെ (പിങ്ക് ലൈൻ) ആദ്യ റീച്ച് ജൂൺ 30-നകം പൂർത്തിയാക്കാൻ തീവ്രശ്രമത്തിലാണ് അധികൃതർ. ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള പാത കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തിൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള തീയതിക്കുള്ളിൽ ജോലികൾ പൂർത്തിയാക്കുക അസാധ്യമെന്നാണ് വിലയിരുത്തൽ.

നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും പൈലിംഗ് ജോലികൾ 80 ശതമാനം പൂർത്തിയാക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും, മറ്റ് പ്രധാന സിവിൽ ജോലികളിലെ പുരോഗതി ആശങ്കാജനകമാണ്. വയഡക്റ്റ് നിർമ്മാണം 30 ശതമാനം മാത്രവും തൂണുകളുടെ പ്രവൃത്തി 37 ശതമാനം മാത്രവുമാണ് ഇതുവരെ പൂർത്തിയായത്. ഇതാണ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പാതയുടെ ജോലി പൂർത്തിയാക്കുന്നതിൽ സംശയമുയർത്തുന്ന ഘടകങ്ങൾ.

kochimetrosecondphasework

'ഈ വർഷം പകുതിയോടെ ആദ്യ അഞ്ച് സ്‌റ്റേഷനുകൾ തുറന്നു നൽകുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എങ്കിലും, അതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. മൂന്നാം റെയിൽ ട്രാക്ഷൻ സിസ്‌റ്റം ഉൾപ്പെടെയുള്ള പ്രധാന ജോലികൾക്കായി ഇതിനോടകം ടെൻഡറുകൾ ക്ഷണിച്ചു കഴിഞ്ഞു. എന്നാൽ, വേഗത്തിലുള്ള പൂർത്തീകരണത്തിന് മതിയായ ധനസഹായം അത്യാവശ്യമാണ്' ഒരു മുതിർന്ന മെട്രോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വിദേശ വായ്‌പകൾ ലഭ്യമാക്കുന്നതിലെ ഒരു വർഷത്തെ കാലതാമസമാണ് പ്രധാന ആശങ്കയായി നിലനിൽക്കുന്നത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്ന് 1116 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നതാണ് നടപടി വൈകിക്കുന്നത്. കടമെടുപ്പ് പരിധി ബാധിക്കുമെന്ന ആശങ്കയിൽ മറ്റു വികസന പദ്ധതികളെയും ഇത് ബാധിക്കുമോയെന്ന് സർക്കാർ ഭയക്കുന്നതിനാലാണ് ഈ മെല്ലെപ്പോക്ക്.

'എലിവേറ്റഡ് ട്രാക്ക് ജോലികൾക്ക് വേഗത കൂട്ടിയിട്ടുണ്ട്. സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങളിലും വലിയ പുരോഗതിയുണ്ട്. പാലാരിവട്ടം, ആലിൻചുവട്, വാഴക്കാല, സെസ്, കിൻഫ്ര, ചെമ്പുമുക്ക്, സിവിൽ സ്‌റ്റേഷൻ ജംഗ്ഷൻ സ്‌റ്റേഷനുകളിലെ പൈലിംഗ് ജോലികൾ പൂർത്തിയായി. ഇൻഫോപാർക്ക്, പാടമുകൾ സ്റ്റേഷനുകളിലെ ജോലികൾ പുരോഗമിക്കുകയാണ്. പാലാരിവട്ടം, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, സെസ്, കിൻഫ്ര സ്‌റ്റേഷനുകളിലെ തൂണുകളുടെ നിർമ്മാണവും പൂർത്തിയായി' മെട്രോ അധികൃതർ പറയുന്നു.

11.2 കിലോമീറ്റർ എലിവേറ്റഡ്, വൈദ്യുതീകരിച്ച മെട്രോ പാതയും 11 സ്‌റ്റേഷനുകളും ഉൾപ്പെടുന്നതാണ് രണ്ടാം ഘട്ടം. 2025 അവസാനത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി, ഈ വർഷം ഡിസംബർ 31-ലേക്ക് മാറ്റിയിരുന്നു. എങ്കിലും, പാടമുകൾ വരെയുള്ള ആദ്യ റീച്ച് ജൂൺ 30-നകം തുറക്കാനാണ് കെഎംആർഎൽ കിണഞ്ഞ് പരിശ്രമിക്കുന്നത്.

രണ്ടാം ഘട്ടത്തിന്റെ സിവിൽ നിർമ്മാണത്തിനുള്ള 1,141.32 കോടി രൂപയുടെ കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനാണ്. പിങ്ക് ലൈനിലെ ആദ്യ റീച്ചിൽ പാലാരിവട്ടം ജംഗ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പാടമുകൾ എന്നീ അഞ്ച് സ്‌റ്റേഷനുകളാണ്. സിവിൽ സ്‌റ്റേഷൻ ജംഗ്ഷൻ, കൊച്ചി സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവയാണ് രണ്ടാം റീച്ചിലെ സ്‌റ്റേഷനുകൾ.

മെട്രോ ജോലികളിലെ കാലതാമസം ഈ റൂട്ടിൽ ദിവസേന യാത്ര ചെയ്യുന്ന ഇൻഫോപാർക്കിലെ ഐടി മേഖലയിലെ തൊഴിലാളികളെ സാരമായി ബാധിക്കുന്നുണ്ട് എന്നതാണ് പ്രധാനമായും ഉയരുന്ന ആശങ്ക. ഇൻഫോപാർക്ക് ലൈൻ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ടെക്കികൾ അധികൃതരോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

മെട്രോ പ്രവർത്തനം ആരംഭിക്കുന്നത് 75,000 ഇൻഫോപാർക്ക് ജീവനക്കാർക്കും സ്‌മാർട്ട് സിറ്റി, കിൻഫ്ര പോലുള്ള സ്ഥാപനങ്ങളിലെ 25,000 ജീവനക്കാർക്കും യാത്ര എളുപ്പമാക്കും എന്നാണ് കൂടുതൽ പേരും ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ മതിയായ പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ ടെക്കികൾ സ്വകാര്യ വാഹനങ്ങളെയും വ്യക്തിഗത വാഹനങ്ങളെയും ആശ്രയിക്കാൻ നിർബന്ധിതരാകുന്നു.

അതുകൊണ്ട് തന്നെ നഗരത്തിൽ രൂക്ഷമായ പാർക്കിംഗ് ബുദ്ധിമുട്ടുകൾക്ക് ഇത് കാരണമാവുന്നുണ്ട്. എത്രയും പെട്ടെന്ന് ജോലികൾ വേഗത്തിലാക്കി രണ്ടാം ഘട്ട ഇടനാഴി തുറന്നു കൊടുക്കാൻ അവർ ആവശ്യപ്പെടുന്നതിന് പ്രധാന കാരണവും ഇത് തന്നെയാണ്. നിലവിലെ സാഹചര്യത്തിൽ ജൂണിൽ ജോലി പൂർത്തിയാക്കാൻ കഴിയുമോ എന്ന് അറിയില്ലെങ്കിലും എത്രയും പെട്ടെന്ന് തന്നെ പാത തുറന്ന് കൊടുക്കാനാണ് മെട്രോ അധികൃതരുടെ ശ്രമം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+