'മനുസ്‌മൃതിയെ പ്രതിഷ്‌ഠിക്കുന്ന സംഘപരിവാർ തലച്ചോറാണ് സിഎഎക്ക് പിന്നിൽ'; നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് ഒന്നുകൂടി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിനെയും ബിജെപിയുടെയും താൽപര്യങ്ങൾ എടുത്ത് കാട്ടിയ പിണറായി വിജയൻ ഒരിക്കൽ കൂടി സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാട് ആവർത്തിക്കുകയും ചെയ്‌തു. വൈകീട്ട് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
തികച്ചും ജനവിരുദ്ധവും, അങ്ങേയറ്റം വർഗീയ അജണ്ടയുടെ ഭാഗവുമാണ് ഈ നിയമം എന്നാണ് പിണറായി വിജയൻ ആരോപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരക്കുപിടിച്ച് നടപ്പാക്കിയ ചട്ടം ചോദ്യം ചെയ്‌ത് കോടതിയെ സമീപിക്കുമെന്നും പിണറായി അറിയിച്ചു. പുതിയ നിയമഭേദഗതി അന്താരാഷ്ട്ര തലത്തിൽ വരെ വിമർശിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്ന നിയമമാണ് ഇത്. ഭരണഘടനക്ക് പകരം മനുസ്‌മൃതിയെ പ്രതിഷ്‌ഠിക്കുന്ന സംഘപരിവാർ തലച്ചോറാണ് സിഎഎക്ക് പിന്നിലെന്നും പിണറായി വിജയൻ പറയുകയുണ്ടായി. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി നേരിട്ട് ഈ വിഷയത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നതെന്ന് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി കൊണ്ട് വന്ന നിയമ ഭേദഗതി കേരളത്തിൽ അവർക്ക് തന്നെ വിനയാകുമെന്ന ഇടതു കേന്ദ്രങ്ങളുടെ പ്രതീക്ഷ കൂടിയാണ് മുഖ്യമന്ത്രി വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നത്. കടുത്ത ഭാഷയിലാണ് ഇന്നും പിണറായി വിജയൻ കേന്ദ്രത്തെയും സംഘപരിവാറിനെയും കടന്നാക്രമിച്ചത്.
സിഎഎയുടെ രാഷ്ട്രീയ ലക്ഷ്യത്തെയാണ് വിമര്ശിക്കുന്നതെന്ന് ഇന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. കോൺഗ്രസിനെതിരെയും വിഷയത്തിൽ ഒളിയമ്പുകൾ എയ്യാൻ അദ്ദേഹം മറന്നതുമില്ല. വിഷയത്തിൽ കുറ്റകരമായ മൗനമാണ് കോൺഗ്രസ് പുലർത്തിയതെന്നും പിണറായി ആരോപിക്കുന്നു. ദേശീയ തലത്തിൽ കോൺഗ്രസ് നിലപാട് എന്താണെന്ന് ചോദിച്ച അദ്ദേഹം രാഹുൽ ഗാന്ധി ഇതൊന്നും അറിഞ്ഞില്ലേ എന്നും ചോദിച്ചു.
അതേസമയം, കേരളവും തമിഴ്‌നാടും ബംഗാളും എതിർത്താലും സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നിലപാട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിന്‍വലിക്കില്ല. രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പ് വരുത്തുക എന്നതിനുളള പരമാധികാരം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട അമിത് ഷാ അക്കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ മന്ത്രിസഭ തീരുമാനിച്ചതായി രാജീവ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications