കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാരണ ലംഘിച്ചു: മുജാഹിദുകള്‍ക്കിടയില്‍ വീണ്ടും ഭിന്നത; മടവൂര്‍ വിഭാഗം നേതാവ് രാജിവച്ചു

കെഎന്‍എമ്മിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ വിചിന്തനത്തില്‍ വന്ന ലേഖനമാണ് വിവാദത്തിന് ആധാരം.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: ഒന്നര പതിറ്റാണ്ടിന് ശേഷം ഐക്യത്തിലായ കേരളത്തിലെ മുജാഹിദ് വിഭാഗത്തില്‍ വീണ്ടും അസ്വാരസ്യം തലപൊക്കി. ഐക്യപ്പെടുമ്പോഴുണ്ടാക്കിയ ധാരണ ലംഘിച്ചെന്ന് കാണിച്ച് കെഎന്‍എം സംഘടനാ കാര്യ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി എ അസ്‌കറലി രാജിവച്ചു.

ഇദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ നേതൃത്വങ്ങള്‍ ഉടന്‍ യോഗം ചേരുമെന്നാണ് വിവരം. നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. എന്നാല്‍ വിവാദത്തിന് കാരണക്കാരനായ മറ്റൊരു നേതാവ് എം അബ്ദുറഹ്മാന്‍ സലഫിയും രാജിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

പുതിയ വിവാദം

കെഎന്‍എമ്മിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ വിചിന്തനത്തില്‍ വന്ന ലേഖനമാണ് വിവാദത്തിന് ആധാരം. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ വിചിന്തനത്തിലാണ് ഒരു വിശദീകരണം എന്ന തലക്കെട്ടില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. എ അസ്‌കറലിയും എം അബ്ദുറഹ്മാന്‍ സലഫിയും ചേര്‍ന്നാണ് ലേഖനം എഴുതിയിട്ടുള്ളത്.

വിവാദ ഭാഗങ്ങള്‍

നേരത്തെ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്ക വിഷയമായിരുന്ന കാര്യങ്ങള്‍ ലേഖനം ചര്‍ച്ചയാക്കിയിട്ടുണ്ട്. പ്രവാചകന് സിഹ്‌റ് (കൂടോത്രം) ബാധിക്കുമോ, സിനിമയും നാടകവും ഡോക്യുമെന്ററിയും ഹറാമാണ് തുടങ്ങി കാര്യങ്ങളാണ് ലേഖനം കൈകാര്യം ചെയ്യുന്നത്. വിവാദ വിഷയങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് ചര്‍ച്ച ചെയ്യരുതെന്നായിരുന്നു ഐക്യപ്പെടുമ്പോഴുണ്ടാക്കിയ ധാരണ.

 നേതൃത്വത്തിന്റെ അറിവോടെ നീക്കങ്ങള്‍?

വിചിന്തനത്തില്‍ ലേഖനം വന്നത് നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് ആരോപണം. ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ല കോയ മദനി കണ്ടിരുന്നുവത്രെ. ലേഖനം പ്രസിദ്ധീകരിക്കരുതെന്ന് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

പിന്നെയും പ്രസിദ്ധീകരിച്ചു

സംസ്ഥാന പ്രസിഡന്റ് പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞ ലേഖനം പിന്നെ എങ്ങനെയാണ് സംഘടനയുടെ മുഖപ്രസിദ്ധീകരണത്തില്‍ വന്നത് എന്നതാണ് നേതാക്കള്‍ പരിശോധിക്കുന്നത്. ലേഖനം മടവൂര്‍ വിഭാഗത്തിന്റെ ശബാബിനും അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ശബാബ് പ്രസിദ്ധീകരിക്കാതെ മാറ്റിവയ്ക്കുകയായിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്.

നേതാക്കള്‍ തന്നെ ധാരണ ലംഘിച്ചു

ഐക്യചര്‍ച്ചകളില്‍ മടവൂര്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് കൂടുതലും പങ്കെടുത്ത വ്യക്തിയാണ് അസ്‌കറലി. ധാരണയുണ്ടാക്കിയവര്‍ തന്നെ ലംഘിക്കുന്ന സാഹചര്യം വച്ചുപൊറുപ്പിക്കരുതെന്നാണ് നേതാക്കളുടെ അഭിപ്രായം. പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കരുതെന്നായിരുന്നു ഐക്യപ്പെടുമ്പോഴുണ്ടാക്കിയ ധാരണ. ഈ ധാരണയാണ് ലംഘിച്ചിരിക്കുന്നത്.

ആരും അറിഞ്ഞില്ലേ?

അസ്‌കറിലിയും അബ്ദുറഹ്മാന്‍ സലഫിയും ചേര്‍ന്നാണ് ലേഖനമെഴുതിയതെന്ന് വിചിന്തനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അസ്‌കറിലിയുടെ സമ്മതമില്ലാതെയാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്നാണ് പുതിയ ആരോപണം. ഇതാണ് രാജി സന്നദ്ധ പ്രകടിപ്പിച്ച് അദ്ദേഹം നേതൃത്വത്തിന് കത്ത് നല്‍കാന്‍ കാരണം. ഐക്യധാരണ ലംഘിച്ച സാഹചര്യത്തില്‍ ഇനി മുന്നോട്ട് പോകാനാവില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു

സലഫിയും രാജിവയ്ക്കണം

അസ്‌കറലി മാത്രം രാജിവച്ചാല്‍ പോരാ. ലേഖനത്തില്‍ അബ്ദറഹ്മാന്‍ സലഫിയുടെ പേരുമുണ്ട്. അതിനാല്‍ അദ്ദേഹവും രാജി സമര്‍പ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. മിക്ക പ്രവര്‍ത്തകര്‍ക്കും ഇതേ നിലപാടാണുള്ളത്. വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ മറുപടി പറയേണ്ടി വരുന്നത് സാധാരണ പ്രവര്‍ത്തകരാണ്. അതുകൊണ്ട് തന്നെ കോഴിക്കോട്ടെ ചില പ്രവര്‍ത്തകര്‍ ഇക്കാര്യം ഉന്നയിച്ച് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

ലേഖനം അനാവശ്യം

നിലവില്‍ ഐക്യം ശക്തിപ്പെടുത്താന്‍ നീക്കം നടക്കവെയാണ് പുതിയ വിവാദം. ഈ സാഹചര്യത്തില്‍ ലേഖനം വരരുതായിരുന്നു എന്നണ് ഉന്നത നേതൃത്വങ്ങള്‍ പ്രതികരിച്ചത്. വിവാദം ചര്‍ച്ച ചെയ്യാന്‍ നേതൃത്വങ്ങള്‍ ഈ മാസം തന്നെ കോഴിക്കോട്ട് യോഗം ചേരുമെന്നാണ് വിവരം. പറഞ്ഞു തീര്‍ക്കാവുന്ന വിഷയമേ ഉള്ളൂവെന്നായിരുന്നു മറ്റൊരു നേതാവിന്റെ പ്രതികരണം.

 ഒന്നര പതിറ്റാണ്ടിന് ശേഷം ലയനം

15 വര്‍ഷത്തോളം ഭിന്നിച്ചു നിന്ന ശേഷമാണ് മുജാഹിദ് ഇരുവിഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷാവസാനം ഐക്യത്തിലെത്തിയത്. ഡിസംബറില്‍ ഒന്നായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ശേഷം കോഴിക്കോട് പൊതുസമ്മേളനം നടത്തി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെഎന്‍എമ്മിന്റെ 35 അംഗ സമിതിയിലേക്ക് മടവൂര്‍ വിഭാഗത്തിന്റെ 15 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. ഈ കമ്മിറ്റി ഉടന്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും.

ഐക്യധാരണ ലംഘിച്ചു

എന്തു തീരുമാനമെടുക്കുമ്പോഴും 50 ല്‍ ഏതെങ്കിലും ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയാല്‍ തീരുമാനം നടപ്പാക്കില്ലെന്നാണ് ഐക്യധാരണ. വീണ്ടും ചര്‍ച്ച ചെയ്യേണ്ട കാര്യമാണെങ്കില്‍ പണ്ഡിതസഭ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ധാരണയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദമായ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ലേഖനം പുറത്തുവന്നിരിക്കുന്നത്.

English summary
New division between mujahid group in Kerala on an article released in Vichindanam, KNM official weekly. One of the writer of article A Asgar ali submitted resign letter. but it not recieved by leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X