
ഇത് ബെന്യാമിന്‍റെതല്ല, അബ്ദുറഹ്മാന്‍റെ ആടു ജീവിതം !!
മുക്കം: ബെന്യാമിന്റെ ആടുജീവിതത്തിലെ പ്രവാസിയായ നജീബല്ല കൊടിയത്തൂര്‍ സ്വദേശി ഒഴുപാറക്കല്‍ അബ്ദുറഹ്മാന്‍. 27 വര്‍ഷത്തെ പ്രവാസം കഴിഞ്ഞു തിരിച്ചെത്തി വ്യത്യസ്തങ്ങളായ ആടുകളെ വളര്‍ത്തി ആടുകള്‍ക്കൊപ്പം ജീവിക്കുന്നയാളാണ് ഈ അബ്ദുറഹ്മാന്‍. അബ്ദുറഹിമാന്റെ തന്നെ ഭാഷ കടമെടുത്താൽ ഒരു കൈക്കോട്ടും രണ്ട് അര്യാളും വാങ്ങി ഞാൻ പാടത്തേക്കിറങ്ങി എന്ന്.
കോടിയേരിയുടെ മകന്റേത് മോശപ്പെട്ട വ്യവസായമാണോ?
പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച അബ്ദുറഹിമാൻ ഇന്ന് അലങ്കാര ആടുകളെയാണ് പ്രധാനമായും വളർത്തുന്നത്. 2008 ൽ ആരംഭിച്ച ഈ "ആടുജീവിതത്തിന് "10 വർഷം പൂർത്തിയാവുമ്പോൾ അബ്ദുറഹിമാനും സന്തോഷം മാത്രം. ആരും കൊതിച്ചു പോവുന്ന ബീറ്റൽ, ബ്രൗൺബീറ്റൽ, സിലോയ്, ജംനപ്യാരി, മലബാരി തുടങ്ങി വ്യത്യസ്തങ്ങളായ 15 ഓളം ആടുകളാണ് വീടിനോട് ചേർന്ന ഫാമിൽ ഉള്ളത്. 10 സെന്റ് സ്ഥലം ഇതിനായി മാറ്റി വെച്ചിരിക്കുകയാണ് ഇദ്ദേഹം.
ദിവസവും 3 ലിറ്ററോളം പാൽ തരുന്നവയാണ് അബ്ദുറഹിമാന്റെ ഫാമിലെ മിക്ക ഇനം ആടുകളും. പാലിൽ നിന്ന് നല്ല വരുമാനം ലഭിക്കുമെങ്കിലും വീട്ടാവശ്യത്തിന് പോലും പാലുപയോഗിക്കാതെ അത് ആട്ടിൻകുട്ടികൾക്ക് തന്നെ കുടിക്കുവാൻ നൽകുകയാണ് പതിവ്. വലിയ ചെവിയുള്ള ബീറ്റൽ, ശരീരത്തിൽ പ്രത്യേകഡിസൈനിൽ വരകളും പുള്ളികളുമുള്ള സിലോയ് തുടങ്ങിയവയെ കാണുന്നതിനായി വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരും അബ്ദുറഹിമാന്റെ വീട്ടിലെത്താറുണ്ട്. വെറൈറ്റി ആടുകൾ എവിടെയുണ്ടന്നറിഞ്ഞാലും ഇദ്ധേഹം അവിടെയെത്തി മോഹവില നൽകി അതിനെ സ്വന്തമാക്കും.

പ്ലാവില, മാവിന്റെ ഇല, പറങ്കിമാവിന്റെ ഇല, പിണ്ണാക്ക് എന്നിവയാണ് ആടുകളുടെ പ്രധാന ഭക്ഷണം. ദിവസവും സ്ഥലം വൃത്തിയാക്കുന്നതിനാൽ പരിസരവാസികൾക്ക് ദുർഗന്ധമുണ്ടന്ന പരാതിയുമില്ല. ആടുകളെ വളർത്തുന്നതിന് നിർമ്മിച്ച കൂടും സ്വയം ഡിസൈൻ ചെയ്ത് നിർമ്മിച്ചതാണ്. കോഴി വളർത്തൽ, വാഴ കൃഷി എന്നിവയിലും ഇദ്ധേഹം ശ്രദ്ധയൂന്നുന്നു.
പാട്ടത്തിനെടുത്ത സ്ഥലത്ത് 1700 വാഴകൾ അബ്ദുറഹിമാൻ കൃഷി ചെയ്തുവരുന്നു.
ഒരു മനുഷ്യന് ഇതിനെല്ലാം കൂടി സമയം എവിടുന്ന് കിട്ടുന്നു എന്ന ചോദ്യം ഒരു പക്ഷെ മനസിൽ ഉദിച്ചേക്കാം. എന്നാൽ ഉത്തരം അബ്ദുറഹ്്മാന്റെ വളരെ സിംപിളാണ്. സ്മാർട്ട് ഫോൺ ഇല്ല, അത്രതന്നെ. തന്റെ ഫോണിൽ വാട്സ്ആപ്പും ഫെയ്സ് ബുക്കും ഇല്ലാത്തതിനാൽ സമയം ബാക്കിയാണന്നാണ് അബ്ദുറഹിമാൻ പറയുന്നത്.