അയഞ്ഞ് ഗ്രൂപ്പുകൾ; ഡിസിസി പുനഃസംഘടന നടപടിയുമായി സഹകരിക്കും
തിരുവനന്തപുരം; കെ പി സി സി, ഡി സി സി പുനഃസംഘടനയിൽ സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തേ കോൺഗ്രസിലെ ഗ്രൂപ്പുകൾ. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടനയ്ക്ക് പ്രസക്തിയില്ലെന്നായിരുന്നു നേതാക്കളുടെ വാദം. മാത്രമല്ല കെ പി സി സി നേതൃത്വം പാർട്ടിയിൽ ഏകപക്ഷീയമായാണ് തിരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും ഗ്രൂപ്പുകൾ ആരോപിച്ചിരുന്നു. എന്നാൽ അച്ചടക്ക സമിതി രൂപീകരിച്ചതും രാഷ്ട്രീയകാര്യ സമിതി വിളിച്ച് ചേർത്തതും ഗ്രൂപ്പുകളുടെ നിലപാട് മയപ്പെടാൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഉത്തർപ്രദേശിൽ കോൺഗ്രസിന് പ്രതീക്ഷ; മുൻ പ്രധാനമന്ത്രിയുടെ മകൻ പാർട്ടിയിലേക്ക്

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടന നടത്തുന്നത് അനീതിയാണെന്ന നിലപാടിലായിരുന്നു ഗ്രൂപ്പുകൾ. സഹഭാരവാഹികളെ നിയമിക്കുന്നതിലും തിരിച്ചടി നേരിട്ടാൽ പാർട്ടിയിൽ പൂർണമായും ആധിപത്യം നഷ്ടമാകുമെന്ന് ഗ്രൂപ്പ് നേതൃത്വം ഭയന്നിരുന്നു. ഇതോടെ പുനഃസംഘടന നടത്തരുതെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാവ് കൂടിയായ ഉമ്മൻചാണ്ടി ദേശീയ നേതൃത്വത്തെ സമീപിച്ചു.

പുനഃസംഘടന നിർത്തിവെയ്ക്കണം എന്നതിനൊപ്പം രാഷ്ട്രീകാര്യ സമിതി വിളിച്ച് ചേർക്കണമെന്നും അച്ചടക്ക സമിതി രൂപീകരിക്കണമെന്ന ആവശ്യവും ഉമ്മൻചാണ്ടി സോണിയയ്ക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പുനഃസംഘടനയിൽ കെ പി സി സി നേതൃത്വത്തിന് അനുകൂലമായ നിലപാടായിരുന്നു ഹൈക്കമാന്റ് കൈക്കൊണ്ടത്. രാഷ്ട്രീകാര്യ സമിതി നിലനിർത്തണമെന്നും യോഗം വിളിച്ച് ചേർക്കണമെന്നും ഉള്ള ആവശ്യം അംഗീകരിച്ചെങ്കിലും കെ പി സി സി എക്സിക്യൂട്ടീവിനാകും അന്തിമ തിരുമാനം എടുക്കാനുള്ള അധികാരം എന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.

അതേസമയം അച്ചടക്ക സമിതിയെന്ന ആവശ്യത്തിന് ഹൈക്കമാന്റ് പച്ചക്കൊടി നൽകുകയും ചെയ്തു. പുനഃസംഘടനയിൽ എല്ലാവരിൽ നിന്നും അഭിപ്രായം തേടണമെന്നും നേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും സംസ്ഥാന നേതൃത്വം സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് പുനഃസംഘടന നടപടികളിൽ നിന്നും നേതൃത്വം വിട്ട് ിൽക്കുകയായിരുന്നു. ഔദ്യോഗിക നേതൃത്വം പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ അതിന് തയ്യാറായിരുന്നില്ല.

അടുത്തിടെ അച്ചടക്ക സമിതി രീപീകരിച്ചതും രാഷ്ട്രീയകാര്യ സമിതി വിളിച്ച് ചേർക്കുകയും ചെയ്തതോടെ ഗ്രൂപ്പുകൾ നിലപാട് മയപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായുള്ള മൂന്നംഗ അച്ചടക്ക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകൾ അന്വേഷിച്ച സമിതികളുടെ റിപ്പോർട്ടിന്മേൽ സമിതിയായിരിക്കും ഇനി അച്ചടക്ക നടപടികൾക്ക് ശുപാർശ ചെയ്യുക.

ഗ്രൂപ്പുകൾ അയഞ്ഞതോടെ പുനഃസംഘടന നടപടികളും വേഗത്തിൽ പൂർത്തിയാക്കിയേക്കുമെന്നാണ് വിവരം. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയും ഉപാധ്യക്ഷ പദവിയും വഹിക്കുന്ന നേതാക്കളെ ഭാരവാഹികളായി നിയമിക്കേണ്ടതില്ലെന്ന് നേരത്തേ തിരുമാനിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവർക്കും ഭാരവാഹിത്വം നൽകേണ്ടതില്ലെന്നും നേരത്തേ 10 വർഷം ഭാരവാഹികളായവരെ പുതിയ ടീമിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന തിരുമാനവും കൈക്കൊണ്ടിരുന്നു. എന്നാൽ ചില നിർദ്ദേശങ്ങൾ പുനഃപരിശോധിച്ചേക്കുമെന്നാണ് സൂചന. ഭാരവാഹികളുടെ കാലാവധി 10 ൽ നിന്ന് അഞ്ച് വർഷം ആക്കണമെന്ന നിർദ്ദേശവും ഉണ്ട്.

അതേസമയം മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി കൊണ്ട് പുനഃസംഘടന പൂർത്തിയാക്കാനാണ് കെ പി സി സി നേതൃത്വത്തിന്റെ തിരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും അധ്യക്ഷൻ കെ സുധാകരനും ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മുൻ കെ പി സി സി അധ്യക്ഷൻമാരും മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനുമായും വി എം സുധീരനുമായും അനുനയ ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.