ഇതാ മുസ്ലീം ലീഗിന്റെ 'പാര്‍ട്ടി കോടതി'... അന്ത്യശാസനം, ഭീഷണി; പ്രതിഷേധിച്ച് രാജി, നടുങ്ങി നേതൃത്വം
മലപ്പുറം: എംഎസ്എഫിന്റെ വനിത വിഭാഗമായ ഹരിത നേതാക്കള്‍ വനിത കമ്മീഷന് നല്‍കിയ പരാതിയില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത് പരാതി നല്‍കിയ ഹരിത നേതാക്കള്‍ക്കാണ്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണം എന്നാണ് ആവശ്യം.
ഇതിനിടെയാണ് ഹരിത നേതാവിന്റെ പിതാവും പ്രാദേശിക മുസ്ലീം ലീഗ് നേതാവും ആയ വ്യക്തി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. മകളെ കുറിച്ച് എംഎസ്എസ് നേതാവ് നടത്തിയ മോശം പരാമര്‍ശത്തില്‍ പാര്‍ട്ടി ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. മുസ്ലീം ലീഗില്‍ ഇപ്പോള്‍ നടക്കുന്നത് 'പാര്‍ട്ടി കോടതി' ആണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്

മുസ്ലീം ലീഗിന്റെ മലപ്പുറം എടയീര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ ബഷീര്‍ കലമ്പന്‍ ആണ് രാജിവച്ചിരിക്കുന്നത്. മകള്‍ക്കെതിരെ എംഎസ്എഫ് നേതാവ് നടത്തിയ പരാമര്‍ശങ്ങളില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നതാണ് ബഷീറിന്റെ ആരോപണം. എംഎസ്എഫിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പില്‍ ആയിരുന്നു മോശം പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബഷീറിന്റെ മകളും ഹരിത നേതാവും ആയ പെണ്‍കുട്ടി പരാതിയും നല്‍കിയിരുന്നു.

കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകവേ മുസ്ലീം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് ബഷീര്‍ കലമ്പന്റെ രാജി. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ക്ക് സമയപരിധി വരെ നിശ്ചയിച്ചതിന് പിറകെ ആണ് ബഷീറിന്റെ രാജി വാര്‍ത്ത പുറത്ത് വരുന്നത്. ഇത് ഹരിത നേതാക്കള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കാന്‍ ഇടവരുമെന്ന ആശങ്കയും മുസ്ലീം ലീഗ് നേതൃത്വത്തിനുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ അന്ത്യശാസന എംഎസ്എഫ് വനിതാ നേതാക്കള്‍ തള്ളിയാല്‍, അത് മുസ്ലീം ലീഗിനുള്ളില്‍ പുതിയ കലാപത്തിന് വഴിവയ്ക്കും.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ക്കെതിരെ ആണ് ഹരിത നേതാക്കള്‍ ലൈംഗികാധിക്ഷേപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് വനിത കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി ഓഗസ്റ്റ് 17, ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്ക് മുമ്പ് പിന്‍വലിച്ചിരിക്കണം എന്നാണ് മുസ്ലീം ലീഗ് അന്ത്യശാസന നല്‍കിയിരിക്കുന്നത്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണിയും ലീഗ് നേതൃത്വം മുഴക്കിയിട്ടുണ്ട്.

വനിതാ കമ്മീഷന് ലഭിച്ച പരാതി പോലീസിന് കൈമാറിയിട്ടുണ്ട്. കോഴിക്കോട് പോലീസ് വിഷയത്തില്‍ പ്രാഥമിക അന്വേഷണവും തുടങ്ങി. ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറിയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴിയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി രേഖപ്പെടുത്തിയിരിക്കുന്നത്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് നജ്മ വ്യക്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. എന്തായാലും ഇത് സംബന്ധിച്ച് പരസ്യ പ്രതികരണങ്ങള്‍ക്ക് ഹരിത നേതാക്കള്‍ മുതിര്‍ന്നിട്ടില്ല.

പരാതി പിന്‍വലിപ്പിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം നടത്തുന്ന നീക്കത്തിനെതിരേയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. സിപിഎമ്മിനെതിരെ 'പാര്‍ട്ടി കോടതി' എന്ന ആക്ഷേപം സ്ഥിരമായി ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. എന്നാല്‍ ഹരിത നേതാക്കളുടെ പരാതിയില്‍ മുസ്ലീം ലീഗ് 'പാര്‍ട്ടി കോടതി' കളിക്കുകയാണ് എന്നാണ് ആക്ഷേപം. പരാതി നല്‍കി ഒന്നര മാസമായിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പാര്‍ട്ടി എന്ത് അടിസ്ഥാനത്തിലാണ് പരാതിക്കാര്‍ക്ക് നേരെ അച്ചടക്കത്തിന്റെ വാള്‍ വീശുന്നത് എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

പലവിധ സമ്മര്‍ദ്ദങ്ങളാണ് പരാതി പിന്‍വലിക്കാന്‍ വേണ്ടി ഹരിത നേതാക്കളുടെ മേല്‍ മുസ്ലീം ലീഗ് ചെലുത്തുന്നത്. കഴിഞ്ഞ ദിവസം മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണം എന്ന ആവശ്യവുമായി ഹരിത നേതാക്കളെ സമീപിച്ചിരുന്നു. രണ്ട് ദിവസത്തെ സാവകാശമായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നില്‍ക്കുകയായിരു്‌നു. ഇതിന് ശേഷമാണ്, അന്ത്യശാസനവുമായി ലീഗ് നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്.

ഹരിത നേതാക്കള്‍ അനുവഭിച്ചത് ഇപ്പോള്‍ മാത്രമുണ്ടായ ഒരു പ്രശ്‌നമല്ല എന്ന രീതിയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കാലങ്ങളായി ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ക്ക് വനിത പ്രവര്‍ത്തകരും നേതാക്കളും ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന്റെ പൊട്ടിത്തെറിയാണ് ഇപ്പോള്‍ ദൃശ്യമായത് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ഇത്തരം ഒരു വിഷയം എംഎസ്എഫില്‍ ആദിയമായാണ് പുറംലോകത്ത് എത്തുന്നത്. അതിന്റെ ജാള്യത ലീഗ് നേതൃത്വത്തിനും ഉണ്ട്.

പികെ നവാസും കൂട്ടരും നടത്തിയ ലൈംഗിക അധിക്ഷേപം സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്താം എന്നാണ് മുസ്ലീം ലീഗ് നേതൃത്വം ഹരിത നേതാക്കളോട് പറഞ്ഞിട്ടുള്ളത്. ഒന്നര മാസമായിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ഘട്ടത്തില്‍ ഇനിയെന്ത് വിശദമായ ചര്‍ച്ചയ്ക്കാണ് സാധ്യതയുള്ളത് എന്ന ചോദ്യവും ഉയരുന്നുണ്ട്. അച്ചടക്ക നടപടി എന്ന വെല്ലുവിളി ഇപ്പോഴത്തെ സാഹചര്യത്തില്‍ മുസ്ലീം ലീഗിന് തന്നെ വെല്ലുവിളിയാകുമെന്നും വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയ്ക്ക് വഴങ്ങാതെ ഹരിത നേതാക്കള്‍ പരാതിമായി മുന്നോട്ട് പോയാല്‍, വലിയ നിയമ നടപടികളും നേരിടേണ്ടി വന്നേക്കും.

സ്ത്രീത്വത്തെ അപമാനിക്കുന്നതും ലൈംഗിക അധിക്ഷേപം നടത്തുന്നതും അതീവ ഗൗരവതരമായ കുറ്റകൃത്യങ്ങളാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ നിയമ നടപടികള്‍ നേരിടേണ്ടിയും വരും. മുസ്ലീം ലീഗ് നേതൃത്വത്തിന് ഈ വിഷയം നേരത്തേ തന്നെ പരാതിയായി നല്‍കിയിട്ടുള്ളതിനാല്‍, ലീഗ് നേതൃത്വവും മറുപടി പറയാന്‍ ബാധ്യസ്ഥരാകും. ഇത്തരം ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു വനിത അധ്യക്ഷയായ സമിതിയെ എങ്കിലും നിയമിച്ചിരുന്നോ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ലാതെ നില്‍ക്കുകയാണ് മുസ്ലീം ലീഗ് ഇപ്പോള്‍.

ഈ വിഷയം സമചിത്തതയോടെ പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കരുതുന്നവരും കുറവല്ല. ഏറെനാളായി പ്രതിഷേധങ്ങള്‍ ഉള്ളില്‍ ഒതുക്കി വച്ചിരിക്കുന്നവര്‍ കടുത്ത നിലപാട് സ്വീകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ഹരിത നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ പൊതുസമൂഹവും മുസ്ലീം ലീഗ് നടപടിയ്‌ക്കെതിരാകും എന്നാണ് വിലയിരുത്തല്‍.
സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications