'കുമ്പസാരമോ ഏറ്റുപറച്ചിലോ അല്ല', വൈറൽ പ്രസംഗത്തിൽ വിശദീകരണവുമായി അരുൺ കുമാർ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന അരുണ്‍ കുമാര്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ നിഗൂഢതകള്‍ ആവര്‍ത്തിക്കപ്പെടേണ്ടത് മാധ്യമ വ്യവസായത്തിന്റെ താല്‍പര്യമായിരുന്നുവെന്നാണ് സിപിഎം വേദിയില്‍ അരുണ്‍ കുമാര്‍ പ്രസംഗിച്ചത്.
നിരന്തരം ഒരു സോഴ്‌സില്‍ നിന്നും വാര്‍ത്ത ലഭിച്ചുവെന്നും അതിന് പിന്നില്‍ അജണ്ട സെറ്റ് ചെയ്യുന്നവരുടെ താല്‍പര്യങ്ങളുണ്ടായിരുന്നു എന്നും വൈറലാകുന്ന പ്രസംഗ വീഡിയോയില്‍ അരുണ്‍ കുമാര്‍ പറയുന്നു. അരുണ്‍ കുമാറിന്റെ പ്രസംഗം മാധ്യമങ്ങളുടെ കുമ്പസാരം എന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഇതോടെ വിശദീകരണവുമായി അരുണ്‍ കുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.

അരുൺ കുമാറിന്റെ വിശദീകരണം: '' കോങ്ങാട് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് 'കുമ്പസാരം' നടത്തി എന്ന മട്ടിലുള്ള ചില പ്രതികരണങ്ങൾ കണ്ടു. പൊതുബോധ നിർമ്മിതിയിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തെ മുൻനിർത്തിയാണ് സംസാരിച്ചത്. ഒരു വാർത്ത വായനക്കാരനിൽ/ പ്രേക്ഷകനിൽ എത്തും മുൻപ് കടന്നു പോകുന്ന ഫിൽട്ടറുകളെ ചോംസ്കി അവതരിപ്പിച്ച പ്രൊപ്പഗാൻഡ മോഡലിനെ മുൻനിർത്തി അവതരിപ്പിക്കാനാണ് ശ്രമിച്ചത്.
എന്തുകൊണ്ട് മോഹൻലാൽ? എന്തുകൊണ്ട് മമ്മൂട്ടി 'അമ്മ'യുടെ പ്രസിഡണ്ടായില്ല? നടൻ നാസർ ലത്തീഫ് പറയുന്നു

കർഷക സമരം, സ്വർണക്കടത്ത്, ശബരിമല യുവതീ പ്രവേശന വിവാദം എന്നീ മൂന്നു സന്ദർഭങ്ങളിലും ഉടമസ്ഥത, പരസ്യദാതാക്കൾ, ഉറവിട താത്പര്യങ്ങൾ, സമ്മർദ്ദ ശക്തികൾ ,പൊതു ശത്രു തുടങ്ങിയ വ്യത്യസ്ത അനുപാതങ്ങളിൽ എങ്ങനെ അരിപ്പകളായി തീരുന്നു എന്നാണ് വിശദീകരിച്ചത്. ഹേബർ മാസിൻ്റെ പൊതുമണ്ഡലത്തിലെ ക്രിട്ടിക്കൽ റാഷണാലിറ്റി എങ്ങനെയാണ് സത്യാനന്തര കാലത്ത് പരിവർത്തന വിധേയമായത് എന്നു ചൂണ്ടി കാട്ടിയാണ് തുടങ്ങിയത്.

സ്വർണ്ണക്കടത്ത് കേസിലെ സോഴ്സ് എങ്ങനെയാണ് അജണ്ട സെറ്റു ചെയ്യാൻ ശ്രമിച്ചത് എന്ന് കേസിൻ്റെ പോക്കിൽ വ്യക്തമായ നാളുകളിൽ തന്നെ പിന്നീടുള്ള ചർച്ചകളിൽ ഈ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു. ഒന്നും പുതുതായി പറഞ്ഞില്ല അതുകൊണ്ട് തന്നെ ഒരു കുമ്പസാരമോ ഏറ്റുപറച്ചിലോ ആയി വ്യാഖ്യാനിക്കേണ്ടതുമില്ല. സർക്കാരിന് വീഴ്ച സംഭവിച്ച ഘട്ടങ്ങളിലെല്ലാം ആ ചോദ്യങ്ങൾ കൃത്യമായും അതേ മൂർച്ചയോടെ ഉയർത്തുകയും ചെയ്തിട്ടുണ്ട്.

മാധ്യമങ്ങൾ ഭരണപക്ഷത്തല്ല പ്രതിപക്ഷത്താണ് എന്ന് കരുതുമ്പോഴും പക്ഷെ പ്രതിപക്ഷ നേതാവിൻ്റെയും പക്ഷത്തല്ല എന്നും ഉറച്ച് വിശ്വസിച്ച ടീമിനോടൊപ്പം പണിയെടുത്തു എന്നതാണ് കരുത്തായതും. വർഗ്ഗീയതയുടെ ഒരു തിരി പോലും നാമ്പു നീട്ടാൻ അനുവദിച്ചിട്ടില്ല. ബഹുസ്വരത കഴിയുന്നിടത്തോളം ഉറപ്പാക്കിയിരുന്നു. അത്രമേൽ സ്വാതന്ത്ര്യമുള്ളിടമായിരുന്നു, അതു കൊണ്ടാണ് മറ്റൊരിടവും പ്രലോഭിപ്പിക്കാത്തതും. ഇനിയും സ്ക്രീനിൽ തിരിച്ചെത്തുന്നുവെങ്കിൽ ഈ നിലപാടിൽ നിന്ന് ഒരു അണുപോലും പിന്നിലേക്ക് പോകില്ല. പിന്നെ ചോദ്യങ്ങളിൽ അസ്വസ്ഥരായത് ഉത്തരങ്ങളിൽ അവ്യക്തതയുള്ളവർ മാത്രമാണ്''.