മാണി സി കാപ്പന് കുടുംബപ്പേര് മാത്രം: തദ്ദേശ തിരഞ്ഞെടുപ്പിൽ പണിയെടുത്തില്ലെന്ന് എം എം മണി
കോട്ടയം: ഇടതുമുന്നണി വിട്ടതിന് പിന്നാലെ മാണി സി കാപ്പനെതിരെ മന്ത്രി എം എം മണി. കാപ്പന് കുടുംബപ്പേര് മാത്രമേയുള്ളൂവെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെയാണ് കാപ്പൻ പ്രവർത്തിച്ചതെന്നും എം എം മണി ചൂണ്ടിക്കാണിക്കുന്നു. പാലാ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് പരാമർശിച്ച മന്ത്രി ഉപതിരഞ്ഞെടുപ്പിൽ ഒരു പണിയുമെടുത്തില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. സിനിമാക്കാരുടെ പിന്നാലെ നടന്നാൽ പാർട്ടിയിൽ പരിഗണന ലഭിക്കില്ലെന്ന് ആരോപിച്ച മന്ത്രി രമേശ് ചെന്നിത്തല സാമാന്യ ബുദ്ധിയില്ലാതെയാണ് സംസാരിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു. എം എം മണിയെ ഉദ്ധരിച്ച് മീഡിയാവണ്ണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

കാലുമാറിയെന്ന്
എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരുമെന്ന് പ്രഖ്യാപിച്ചതോടെ നിരവധി നേതാക്കളാണ് കാപ്പന്റെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. കാപ്പൻ സ്വീകരിച്ചിട്ടുള്ളത് മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രതികരണം. മാണി സി കാപ്പൻ കാലുമാറിയെന്നും പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും ഇത്തവണയും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാ കാപ്പന്
പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ എൽഡിഎഫ് വിട്ട് മാണി സി കാപ്പൻ ഒറ്റയ്ക്ക് വന്നാലും പാലാ സീറ്റ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. എൻസിപിയിൽ നിന്ന് കൂടുതൽ പേർ യുഡിഎഫിലേക്ക് വന്നാൽ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചത്.

അർഹമായ പരിഗണന
യുഡിഎഫിലേക്ക് എത്തുമ്പോൾ അർഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയിൽ പാലാ ഉൾപ്പെടെ മൂന്ന് സീറ്റുകളിലാണ് എൻസിപി പ്രതീക്ഷിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റിന്റെ കാര്യം ദേശീയ നേതൃത്വം നേരത്തെ ചർച്ച ചെയ്തിരുന്നു. ഐശ്വര്യ കേരള യാത്ര പാലായിലെത്തുന്നതിന് മുമ്പായി തീരുമാനം അറിയിക്കണമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു.

മത്സരിച്ച് വിജയിച്ചു
പാലാ ആർക്കും വേണ്ടാതെ കിടന്ന മണ്ഡലമായിരുന്നുവെന്നും അവിടെയാണ് മത്സരിച്ച് ജയിച്ചത്. ഇടതുമുന്നണി പ്രവർത്തകരും ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിലെ എൽഡിഎഫ് പ്രവർത്തകർ ഇപ്പോഴും തനിക്കൊപ്പമുണ്ടെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തിരുന്നു.