തൃശ്ശൂർ കൊരട്ടി പള്ളി വികാരിയുടെ സാമ്പത്തിക ക്രമക്കേട്; രൂപതയ്‌ക്കെതിരേ വിമത പ്രതിഷേധം

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: കോടികളുടെ സാമ്പത്തിക ക്രമക്കേടില്‍ ആരോപണ വിധേയനായ കൊരട്ടി പള്ളി വികാരി ഫാ മാത്യൂസ് മണവാളനെയും കൈക്കാരന്മാരെയും മാറ്റി നിര്‍ത്തി കൊരട്ടി പള്ളിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള രൂപതയുടെ നീക്കത്തിനെതിരേ വിമതരുടെ ഫ്‌ളക്‌സ് ബോര്‍ഡ് പ്രതിഷേധം രൂക്ഷം. പള്ളിയുടെ അഭിമാനം സംരക്ഷിക്കുന്നതിനായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ പള്ളിക്കെതിരെ യാതൊന്നും പ്രചരിപ്പിക്കരുതെന്നും അതിരൂപതയില്‍ നിന്നയച്ച ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ നിര്‍ദേശിച്ചിരുന്നു.


ഇതിന് പുല്ലുവില കല്‍പ്പിച്ചാണ് ഒരു വിഭാഗം വിശ്വാസികള്‍ കൂടുതല്‍ പ്രചാരണമാരംഭിച്ചത്. അതിരൂപതാ നേതൃത്വത്തിന് നല്‍കാനായി തങ്ങള്‍ എഴുതി നല്‍കിയ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അരമനയില്‍നിന്നും നിയോഗിക്കുന്ന വൈദികനെ വികാരിയായി ചുമതല ഏല്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് ഇടവക കൂട്ടായ്മയുടെ തീരുമാനം. ഇത് വിശദമാക്കിയാണ് കൂട്ടായ്മയുടെ പേരില്‍ പല സ്ഥലത്തും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരുന്നത്.

thrissur-map

പള്ളിയുടെ പണവും സ്വര്‍ണവും കൊള്ളയടിച്ചെന്ന് ഇടവക കമ്മിഷനും അരമന കമ്മിഷനും കണ്ടെത്തിയ വികാരി മാത്യു മണവാളനെയും കൂട്ടാളികളെയും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മറ്റുള്ളവരും സംരക്ഷിക്കുന്നത് വീതം ലഭിച്ചിട്ടാണോ എന്നുള്ള ചോദ്യമാണ് മിക്ക ഫ്‌ളക്‌സ് ബോര്‍ഡുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് രൂപത മുന്‍കൈ എടുത്ത നീക്കം ഫലപ്രാപ്തിയിലെത്തുമോ എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പും സ്വര്‍ണം മറിച്ചുവിറ്റതായും മറ്റും ആരോപണം നേരിടുന്ന വികാരി ഫാ. മാത്യു മണവാളനെ തല്‍സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം രൂപത നേതൃത്വം വിശ്വാസികളെ അറിയിച്ചിരുന്നു.


രൂപതയെ പ്രതിനിധീകരിച്ച് പള്ളിയിലെത്തിയ ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ ആണ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. പഴയതെല്ലാം മറന്ന് മുന്നോട്ട് പോകണമെന്നും സോഷ്യല്‍ മീഡിയ വഴി പള്ളിയെ പറ്റിയുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയാണ് ഫാ. മാര്‍ട്ടിന്‍ രൂപത ആസ്ഥാനത്തേക്ക് മടങ്ങിപ്പോയത്. ഇത് കണക്കിലെടുക്കാതെയാണ് വിമത വിഭാഗം നിലപാട് വ്യക്തമാക്കി ബോര്‍ഡുകള്‍ സ്ഥാപിച്ചത്.


ഇപ്പോഴത്തെ വികാരി മാത്യു മണവാളനെ ഔദ്യോഗിക വികാരി സ്ഥാനത്ത് നിന്നും മാറ്റി പകരം പ്രീസ്റ്റ് ഇന്‍ ചാര്‍ജ് എന്ന തസ്തികയില്‍ മറ്റൊരു വൈദികനെ നിയമിക്കുമെന്നായിരുന്നു രൂപതയുടെ അറിയിപ്പ്. ഇടവകയുടെ മൊത്തം ചാര്‍ജ് പ്രീസ്റ്റ് ഇന്‍ ചാര്‍ജിനു ആയിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇത് ആരാണെന്ന കാര്യത്തില്‍ രൂപതയില്‍ നിന്നും ഇതുവരെ പള്ളിയിലേക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇടവകയില്‍ സ്വര്‍ണം വിറ്റതില്‍ ക്രമക്കേട് നടന്നിരിക്കുന്നു എന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇപ്പോഴത്തെ കമ്മിറ്റിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും ഇതിന് ബദലായി രൂപത പുതിയ ഇടക്കാല കമ്മിറ്റി രൂപീകരിക്കുമെന്നും ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.


ഇപ്പോള്‍ കമ്മിറ്റിയില്‍ ഉള്ളതോ കഴിഞ്ഞ കമ്മിറ്റിയില്‍ ഉണ്ടായിരുന്നതോ ആയ ആരും ഇടക്കാല കമ്മിറ്റിയില്‍ ഉണ്ടാവില്ലെന്നും ഈ കമ്മിറ്റിയുടെ മേല്‍നോട്ടം സീനിയര്‍ ആയ കൊച്ചച്ചനായിരിക്കുമെന്നും ജൂണ്‍ വരെ കുടുംബയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതല്ലെന്നും പുതിയ വികാരിയും പള്ളി കമ്മിറ്റിയും ജൂണില്‍ ചാര്‍ജ് എടുക്കത്തക്ക രീതിയിലാണ് നിലവില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ഫാ. മാര്‍ട്ടിന്‍ വ്യക്തമാക്കിയിരുന്നു. ഈ കമ്മിറ്റിയെ അംഗീകരിക്കണമെങ്കില്‍ തങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ള വ്യവസ്ഥകള്‍ രൂപത ആദ്യം അംഗീകരിക്കണമെന്നും ഫ്‌ളക്‌സുകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


നാല് കോടിയില്‍പ്പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതോടെ വന്‍ തട്ടിപ്പുകള്‍ കണ്ടെത്തിയതോടെ മണവാളനെതിരെ ക്രിമിനല്‍ കേസ് നല്‍കണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഉന്നത ബന്ധങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് സഭ ഇതിന് തയാറാകാത്തതിന് പിന്നിലെന്നും ഇടവകാംഗങ്ങളില്‍ ഒരു വിഭാഗം ആരോപിക്കുന്നു. സഭ ആസ്ഥാനത്ത് പത്ത് വര്‍ഷത്തോളം പൊക്യൂറേറ്ററായിരുന്ന ഇദ്ദേഹം എടയന്ത്രത്ത് പിതാവിന്റെ വിശ്വസ്തനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.


ഹാരിസൺ കേസിൽ സർക്കാർ ഒത്തുകളി; സുശീല ഭട്ടിനെ മാറ്റിയതെന്തിന്? ആരോപണങ്ങളുമായി ആം ആദ്മി!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
koratti palli diocese priests corruption; rebel movement against Diocese decision

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്