വികസനത്തിന് തുരങ്കം വെച്ചവര്‍ വികസനത്തെ കുറിച്ച് വാചാലമാവുന്നു: പാണക്കാട് ഹൈദരലി തങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: വികസനത്തിന് തുരങ്കം വെച്ചവരാണിപ്പോള്‍ വികസനത്തെ കുറിച്ച് വാചാലമാവുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടത്തിപ്പില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പടയൊരുക്കം ജാഥക്ക് കോഴിക്കോട് കടപ്പുറത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാണക്കാട് തങ്ങള്‍.

റിയല്‍ എസ്റ്റേറ്റിന് മൂക്കുകയറിടാന്‍ ജിഎസ്ടി! ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണായകം

യു ഡി എഫ് ഗെയില്‍ പദ്ധതിക്ക് എതിരല്ല. എന്നാല്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണം. നശീകരണം യു ഡി എഫ് നയമല്ല. എന്നാല്‍ കേരളത്തില്‍ പൊലീസ് രാജിലൂടെ സിങ്കൂരും നന്ദീഗ്രാമും നടപ്പാക്കുകയാണ് സര്‍ക്കാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഗെയില്‍ പൈപ്പ് ലൈന്‍ നടപടികളുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകേണ്ടത് ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്താണ്.ഏത് പദ്ധതി കൊണ്ട് വരുമ്പോഴും ഏറ്റവും താഴെകിടയിലുള്ള സാധാരണ ജനങ്ങളെ അതെങ്ങെനെ ബാധിക്കുമെന്ന കാര്യം ചിന്തിക്കണമെന്ന മഹത്മാ ഗാന്ധിയുടെ വാക്കുകള്‍ ഓര്‍മ്മയിലുണ്ടാവണം.

sayedhyderalishihabthangal

കേരളത്തിന്റെ വികസനത്തിന് മുന്നില്‍ നിന്ന് നേതൃത്വം കൊടുത്തവരാണ് ഐക്യജനാധിപത്യ മുന്നണി. അന്ന് പലപ്പോഴും വികസനത്തിന് തടസ്സം നില്‍ക്കുന്ന നിലപാടാണ് സി പി എം സ്വീകരിച്ചത്. അത്തരം ആളുകള്‍ വികസനത്തെ കുറിച്ച് ഇപ്പോള്‍ വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.

മതേതര ഇന്ത്യക്ക് കരുത്ത് പകരാന്‍ യു ഡി എഫിനാകുമെന്നതിന്റെ തെളിവാണ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്‌ക്കെത്തിയ ജനക്കൂട്ടമെന്ന് തങ്ങള്‍ പറഞ്ഞു. വര്‍ഗീയ ശക്തികളുടെ കളിയരങ്ങാക്കാന്‍ രാജ്യത്തെ അനുവദിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു ജാഥ സംഘടിപ്പിച്ചത്. നോട്ട് നിരോധവും ജി എസ് ടി നടപ്പാക്കിയുതും പെട്രോളിയം വില വര്‍ധനവും കൊണ്ട് ജനജീവതം ദുരിത പൂര്‍ണമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ റേഷന്‍ കടകള്‍ അടഞ്ഞു കിടക്കുമ്പോഴും മദ്യ ഷാപ്പുകള്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.

നിത്യോപയോഗ സാധനങ്ങളുടെ വില കൂടുമ്പോള്‍ വിദ്യാലയങ്ങളില്‍ നിന്നും ആരാധാനാലയങ്ങളില്‍ നിന്നും മദ്യഷാപ്പുകളിലേക്കുള്ള ദൂരം കുറയ്ക്കാനാണ് സര്‍ക്കാറിന് താത്പര്യം. കേരളത്തില്‍ സി പി എം നടപ്പാക്കുന്നത് ആര്‍ എസ് എസ് അജണ്ടയാണ്. വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ ഇറക്കിയ സര്‍ക്കുലര്‍ ഇതിന് തെളിവാണ്. റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍ കൊലക്കേസുകളില്‍ സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നു. പ്രസംഗങ്ങളില്‍ മാത്രമാണ് ഇടത് പക്ഷത്തിന് ന്യൂനപക്ഷങ്ങളോടുള്ള സ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അധ്യക്ഷത വഹിച്ചു. ജാഥാ നായകന്‍ രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍, എം പി വിരേന്ദ്രകുമാര്‍, എം ഐ ഷാനവാസ്, പി വി അബ്ദുല്‍വഹാബ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, എം.എല്‍.എ.മാരായ ഡോ. എം.കെ.മുനീര്‍, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, ഇബ്രാഹിം കുഞ്ഞ്, പാറക്കല്‍ അബ്ദുല്ല, വി.ഡി.സതീശന്‍, കെ.സി.ജോസഫ്, സണ്ണി ജോസഫ് എന്നിവരും ഘടകക്ഷി നേതാക്കളായ സി.പി.ജോണ്‍, ഷിബു ബേബി ജോണ്‍, കെ.പി.എ. മജീദ്, ജോണി നെല്ലൂര്‍, ദേവരാജന്‍, വര്‍ഗീസ് ജോര്‍ജ്, പി.പി.തങ്കച്ചന്‍, പി.സി വിഷ്ണുനാഥ്, ബെന്നി ബഹന്നാന്‍, ഷാനിമോള്‍ ഉസ്മാന്‍, രാംമോഹന്‍, കെ. സുധാരകരന്‍, റോജി ജോണ്‍, അബ്ദുസ്സമദ് സമദാനി, അഡ്വ. ടി. സിദ്ദിഖ്, ഉമ്മര്‍ പാണ്ടികശാല, പി ശങ്കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
Panakkad Haider Ali Thangal; About tunnel constructed for development

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്